കൊച്ചി: എം.വി കവരത്തി കപ്പലിലെ ജീവനക്കാരുടെ വേതനവും മറ്റ് അലവൻസുകളും നൽകുന്നത് അകാരണമായി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കപ്പൽ ജീവനക്കാർ കൊച്ചിയിൽ സമരത്തിൽ. എം.വി കവരത്തിയിലേക്ക് ജീവനക്കാരെ നൽകുന്നത് “നോടിലസ്” എന്ന മാനിങ്ങ് കമ്പനിയാണ്. ഈ കമ്പനി മുഖേനയാണ് ജീവനക്കാരുടെ വേതനവും മറ്റ് അലവൻസുകളും നൽകുന്നത്. എല്ലാ മാസവും ജീവനക്കാർ പരാതിപ്പെടുകയോ പ്രതിഷേധിക്കുകയോ ചെയ്തതിന് ശേഷം മാത്രമാണ് അവരുടെ വേതനം നൽകുന്നത്. എല്ലാ മസവും അവസാനത്തെ പ്രവൃത്തി ദിവസം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം എത്തിക്കണം എന്ന വ്യവസ്ഥ നിലനിൽക്കുമ്പോൾ തന്നെ നോടിലസ് എന്ന കമ്പനി അകാരണമായി വേതനം വൈകിപ്പിക്കുകയും ജീവനക്കാരെ ബുദ്ധിമുട്ടാക്കുകയുമാണ് ചെയ്യുന്നത്. ഏകദേശം ഒരു കോടി രൂപയോളമാണ് എം.വി.കവരത്തി കപ്പലിലെ ജീവനക്കാരുടെ മാത്രം ഒരു മാസത്തെ വേതനവും മറ്റ് അലവൻസുകളുമായി നൽകേണ്ടത്. ഇത്രയും വലിയ തുക മറ്റ് ചില അക്കൗണ്ടുകളിൽ നിക്ഷേപിച്ച് അതിന്റെ പലിശയിനത്തിൽ വലിയ സംഖ്യ കൈക്കലാക്കുന്നതിനാണ് കമ്പനി ഈ ഒളിച്ചു കളി നടത്തുന്നത്. ഇതിന് കൊച്ചിയിലെ എൽ.ഡി.സി.എൽ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ചിലരുടെ ഒത്താശ ലഭിക്കുന്നതായി കപ്പൽ ജീവനക്കാർ ആരോപിക്കുന്നു.

ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട ക്രൂ മാനേജർ കം വെൽഫെയർ ഓഫീസർക്ക് മുന്നിൽ പലവട്ടം രേഖാമൂലം പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് ജീവനക്കാർ പറഞ്ഞു. എല്ലാ മാസവും ഓരോ കാരണങ്ങൾ പറഞ്ഞ് വേതനം വൈകിപ്പിക്കുന്ന “നോടിലസ്” എന്ന കമ്പനിയെ ക്രൂ മാനേജർ കം വെൽഫെയർ ഓഫീസറും എൽ.ഡി.സി.എൽ അധികൃതരും ന്യായീകരിക്കുന്നത് സംശയകരമാണെന്ന് അവർ പറയുന്നു.
ഇനി മുതൽ ശമ്പളം വൈകില്ല എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കപ്പൽ ജീവനക്കാർ ഇന്നലെ എം.പി.കവരത്തി മാസ്റ്ററോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി വേതനവും മറ്റ് അലവൻസുകളും ലഭിച്ചില്ലെങ്കിൽ കപ്പലിന്റെ ഗ്യാങ്ങവേ എടുത്തു മാറ്റി പ്രതിഷേധിക്കും എന്ന് ജീവനക്കാർ ക്യാപ്റ്റന് നൽകിയ കത്തിൽ പറഞ്ഞിരുന്നു. യാത്രക്കാരെ ബുദ്ധിമുട്ടാക്കുന്ന രീതിയിൽ കപ്പലിന്റെ സൈലിങ്ങ് മുടങ്ങാതെ തന്നെ സമരം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറിയ അസൗകര്യങ്ങൾ നേരിടേണ്ടി വന്നാൽ യാത്രക്കാർ ജീവനക്കാരോട് സഹകരിക്കണം എന്നും എല്ലാ വിഭാഗം ജനങ്ങളും കപ്പൽ ജീവനക്കാരെ പിന്തുണക്കണം എന്നും അവർ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക