കൊച്ചി: ബി.എസ്.എൻ.എൽ. ഈ മാസം എറണാകുളം ബിസിനസ് ഏരിയയിൽ നൽകാനുദ്ദേശിക്കുന്നത് 50,000 പുതിയ 4ജി കണക്ഷനുകൾ. സേവനങ്ങൾ കൂടുതൽ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മാർച്ച് മെഗാമേളയുടെ ഭാഗമാണിതെന്ന് ബി.എസ്.എൻ.എൽ. പ്രിൻസിപ്പൽ ജനറൽ മാനേജർ കെ. ഫ്രാൻസിസ് ജേക്കബ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം നൽകുന്ന 4ജി കണക്ഷനുകൾക്ക് സിം സൗജന്യമായി നൽകും. നിലവിലുള്ള ലാൻഡ് ലൈനുകളിൽ 50,000 പുതിയ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകും. ഇതിൽ 10 എം.ബി.പി.എസ്. (സെക്കൻഡിൽ 10 എം.ബി.) വേഗത്തിൽ ദിവസേന അഞ്ച് ജി.ബി. ഡേറ്റ ഒരു മാസത്തേക്ക് സൗജന്യമായിരിക്കും. ഒരു മാസത്തെ സൗജന്യ സേവനത്തോടെ 5,000 പുതിയ വിങ്സ് കണക്ഷനുകളും നൽകും.
നേരത്തെ വിച്ഛേദിച്ചിരുന്ന 10,000 ലാൻഡ് ഫോണുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇൻകമിങ് കോളുകൾ ലഭ്യമാക്കി സേവനം പുനഃസ്ഥാപിക്കുന്നുണ്ടെന്നും ഫ്രാൻസിസ് ജേക്കബ് പറഞ്ഞു.
വരുമാനത്തിൽ മുന്നിൽ എറണാകുളം
ബി.എസ്.എൻ.എല്ലിന് രാജ്യത്ത് ഏറ്റവും വരുമാനമുണ്ടാക്കുന്ന ബിസിനസ് ഏരിയയാണ് എറണാകുളം. വരുമാന വർധനയുടെ കാര്യത്തിലും എറണാകുളം തന്നെയാണ് മുന്നിൽ.
മുൻ വർഷത്തെക്കാൾ 11 കോടി രൂപയുടെ വർധനയാണ് ഈ സാമ്പത്തിക വർഷം ഇതുവരെ നേടിയത്. ആകെ വരുമാനം 352.15 കോടി രൂപ ലഭിച്ചിട്ടുണ്ട്.
കേരള സർക്കിളിന്റെ ആകെ വരുമാനത്തിന്റെ ഏതാണ്ട് 20 ശതമാനം എറണാകുളം ബിസിനസ് ഏരിയയിൽ നിന്നാണെന്ന് ഫ്രാൻസിസ് ജേക്കബ് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക