🖋 അബ്ദുൽ ഹക്കീം സഖാഫി ആന്ത്രോത്ത്
ആന്ത്രോത്ത് ദ്വീപിലെ കീച്ചേരി ഭാഗത്തെ ഹുസൈൻ പള്ളിയാണ് വേദി. കഴിഞ്ഞ ദിവസം 5 ചെറുപ്പക്കാരുടെ നിക്കാഹ് കർമ്മം ഒന്നിച്ച് നടക്കുകയാണ്. നേതൃത്വം നൽകുന്നത് ഖാളി ഹംസക്കോയ ഫൈസി ഉസ്താദവർകൾ. ജന നിബിഡമായ സദസ്സ്. ലക്ഷദ്വീപ് എസ്.കെ.എസ്.എസ്.എഫ് മുൻ സ്റ്റേറ്റ് പ്രസിഡണ്ട് ഹുസൈൻ ഫൈസി അഗത്തി, നിലവിലെ സ്റ്റേറ്റ് പ്രസിഡണ്ട് അബ്ദു റൗഊഫ് ഫൈസി, അൽതാഫ് മള്ഹരി കടമത്ത് തുടങ്ങിയ പണ്ഡിതനിര.
നികാഹിന് മുമ്പ് നന്മയുടെ ആവ്യശ്യകതയും തിന്മക്ക് കാരണമായാലുള്ള അനന്തരഫലവും സരളമായ ശൈലിയിൽ അവതരിപ്പിച്ച് ഹംസക്കോയ ഫൈസി ഉസ്താദ് പ്രസംഗിക്കുന്നു. ചുരുങ്ങിയ സമയത്തെ ആ പ്രസംഗം ചരിത്രപരമായ കാഴ്ചപ്പാടിലുടെ കടന്ന് ചെന്ന് ആധുനിക ദ്വീപുകളിലെ ആർഭാടപൂർവ്വമായ കല്യാണ മാമാങ്കത്തിൽ ഉടക്കി നിന്നു.
പിന്നീടൊരു ഗർജ്ജനമായിരുന്നു. ഇസ്ലാമിക സംസ്ക്കാരത്തെ വെല്ലുവിളിച്ച് കൊണ്ട് നടത്തുന്ന ഇത്തരം കല്യാണങ്ങൾക്ക് തന്നെ ആരും ക്ഷണിക്കേണ്ടതില്ലെന്നും അത്തരം കല്യാണങ്ങളുടെ നികാഹ് നടത്തി തരാൻ തന്നെ ആരും സമീപിക്കേണ്ടതില്ലെന്നും അത്തരം കല്യാണാഘോഷം ഇസ്ലാമിക സംസ്ക്കാരത്തിന്റെ പടിക്ക് പുറത്താണെന്നും ധൈര്യപൂർവ്വം ഉസ്താദ് പറഞ്ഞവസാനിപ്പിച്ചപ്പോൾ…
സത്യം പറയാമല്ലോ…
ആ വാക്കുകൾ അവസാനിപ്പിക്കരുതേ എന്ന് മനമറിഞ്ഞ് ആശിച്ചു പോയി…
വേണം ഇനിയും ഇത്തരം ശബ്ദങ്ങൾ. കല്യാണമെന്ന മഹിതമായ ഒരു കർമ്മത്തെ ആടാനും പാടാനും മാത്രമുള്ള ഒരവസരമാക്കി മതത്തെ തന്നെ കളങ്കപ്പെടുത്തുന്ന ഇത്തരം തോന്നിവാസങ്ങൾക്കെതിരെ എല്ലാ പണ്ഡിതന്മാരും രംഗത്തിറങ്ങണം. അത്തരം ചടങ്ങുകളിൽ സംബന്ധിക്കില്ലെന്ന് തീർത്ത് പറയാനുള്ള ചങ്കൂറ്റം ഉലമാക്കൾക്കും ഉമറാക്കൾക്കുമുണ്ടായേ പറ്റൂ.
“ഫോട്ടോ പതിച്ച വീടുകളിൽ പോലും വിരുന്നിന് പോവാൻ പാടില്ലെന്നും വിരുന്നിന് വിളിച്ച വീട്ടിൽ ഫോട്ടോ കണ്ടാൽ ഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ ഇറങ്ങിവരണമെന്നുമൊക്കെ” ഇമാം ഗസ്സാലി (റ) (കീമീയ സആദ) പഠിപ്പിക്കുന്നുണ്ട്.
അവരൊക്കെയും കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഒരു മതത്തിന്റെ മെമ്പർമാരാണ് നമ്മളെന്ന ബോധം ഏപ്പോഴും ഉണ്ടാവേണ്ടതുണ്ട്… കല്യാണാഘോഷം അന്നത്തോടെ തീരുമെങ്കിലും ആ ബന്ധം ലോകാവസാനം വരെ നിലനിൽക്കേണ്ടതാണ്.
ഈയടുത്തായി കല്യാണ വീടുകളിൽ നടക്കുന്ന ഈ ആഘോഷ മാമാങ്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ വല്ലതും എഴുതണമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. അതിനിടക്കാണ് ഞാൻ പങ്കെടുത്ത നികാഹിന്റെ ചടങ്ങിൽ ഉസ്താദിന്റെ പ്രസംഗത്തിന് സാക്ഷിയായത്. അധർമ്മത്തിന്റെ ഭിത്തികൾക്കുള്ളിലിരുന്ന് ദ്വീപ് സംസ്കാരത്തെ വേട്ടയാടാൻ പുറപ്പെട്ട ദു:ശക്തികൾക്കെതിരെ മുഖം നോക്കാതെ ദീനീ സംസ്ക്കാരം വിളിച്ച് പറഞ്ഞ ഖാളി ഹംസക്കോയ ഫൈസി ഉസ്താദവർകൾക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക