നിരീക്ഷണത്തിലുള്ള ആറു പേർക്കും നിപ ഇല്ല; ചികിത്സയിലുള്ള യുവാവിന്റെ നില മെച്ചപ്പെട്ടു

0
638

കൊച്ചി: കൊച്ചിയിൽ നിന്നും പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച ആറ് സാമ്പിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പരിശോധനാഫലം. നിപ രോഗിയുമായി അടുത്തിടപഴകിയ ഇവരിൽ പനി ലക്ഷണങ്ങൾ പ്രകടമായതോടെയാണ് ഇവരുടെ ശരീര സ്രവങ്ങളുടേയും രക്തത്തിന്റേയും സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ആലപ്പുഴയിലെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലും നെഗറ്റീവ് ആയിരുന്നു ഫലം.

ആറ് പേർക്ക് നിപ ഇല്ലെന്ന പരിശോധനഫലം ഏറെ ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആശങ്കയൊഴിഞ്ഞു എന്ന് പറയാനാവും, എന്നാൽ നിപ ഒഴിഞ്ഞെന്ന് പറയാനാവില്ല. രോഗം വലിയ അളവിൽ വ്യാപിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ഇൻക്യൂബേഷൻ പിരീഡ് കഴിഞ്ഞാൽ മാത്രമേ കാര്യങ്ങൾ വ്യക്തമായി പറയാനാവുകയുള്ളൂ. ആശങ്കയൊഴിഞ്ഞാലും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പനി ലക്ഷണങ്ങളോ ഏഴ് പേരാണ് ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. പനി ലക്ഷണങ്ങളോടെ ഇന്നലെ മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ച കോതമംഗലം സ്വദേശിനിയുടെ സാംപിൾ ഇന്ന് അയക്കും. നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ള വിദ്യാർഥിയുടെ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം നിപയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പ്രതികരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്രവിദഗ്ധ സംഘത്തിന്റെ മേൽനോട്ടം എല്ലാകാര്യങ്ങളിലുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് കൊച്ചിയിൽ മുഖ്യമന്ത്രിയുടേ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുന്നുണ്ട്.

നിപ സ്ഥിരീകരിച്ച വിദ്യാർഥി താമസിച്ചിരുന്ന തൊടുപുഴയിലെ വാടകവീടിന്റെ സമീപത്ത് ആരോഗ്യവകുപ്പ് പരിശോധന നടത്തി. കിണറിലോ വീടിന്റെ പരിസരത്തോ വവ്വാൽ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ മൃഗങ്ങളിലും പരിശോധന നടത്തുന്നുണ്ട്. നിപ വൈറസ് ഉറവിട പരിശോധനയ്ക്കുള്ള ഈ പ്രദേശത്ത് പനി സർവ്വേ നടത്തിയിരുന്നുവെങ്കിലും ആർക്കും പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല.
നിപയുടെ ഉറവിട പരിശോധനയ്ക്കുള്ള പ്രത്യേക സംഘം ഇന്ന് മുതൽ വിവിധ മേഖലകളിൽ പരിശോധന നടത്തും.
അതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനി ലക്ഷണങ്ങളോ രണ്ട് പേരുടെ സ്രവസാംപിളുകൾ ആലപ്പുഴയിൽ വൈറോളജി ലാബിലേക്ക് അയച്ചു. കൊച്ചിയിൽ നിന്നും പനിയുമായി എത്തിയവരുടെ സ്രവസാംപിളുകൾ നിപ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശത്തെ തുടർന്നാണ് ഇത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here