നീലഗിരി: നീലഗിരി കോളേജ് സ്പോർട്സ് അക്കാദമിയുടെ U17 ഇന്റർനാഷണൽ സോക്കർ കപ്പ് ജേതാക്കളായി ലക്ഷദ്വീപ് ഫുട്ബോൾ അക്കാദമി. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻ, ഇന്ത്യൻ ഫുട്ബോൾ താരം സാബിത്ത്, സന്തോഷ് ട്രോഫി താരം ആസിഫ് ഷഹീർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ലക്ഷദ്വീപിന്റെ ചുണക്കുട്ടികൾ ചരിത്രം രചിക്കുകയായിരുന്നു. പാലക്കാട് പട്ടാമ്പി കൊപ്പം കേന്ദ്രമായി പ്രവർത്തിക്കുന്ന അർട്ടിയസ് ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമിയെയാണ് (എ.ഐ.എഫ്.എ) ലക്ഷദ്വീപിന്റെ അഭിമാന താരങ്ങളായ ലക്ഷദ്വീപ് ഫുട്ബോൾ അക്കാദമിയിലെ ചുണക്കുട്ടികൾ ഫൈനൽ മത്സരത്തിൽ നേരിട്ടത്.
മുപ്പത് മിനുട്ട് ദൈർഘ്യമുള്ള രണ്ടു പകുതികളിലായി നടന്ന മത്സരത്തിൽ ആദ്യപകുതിയിലെ മൂന്നാം മിനുട്ടിൽ തന്നെ എ.ഐ.എഫ്.എ താരങ്ങൾ ലക്ഷദ്വീപിന്റെ വലകുലുക്കി. എന്നാൽ ആത്മവിശ്വാസം ഒരു തരി പോലും കൈവിടാതെ ഷാനവാസിന്റെ നേതൃത്വത്തിലുള്ള ലക്ഷദ്വീപ് ടീം അവസരത്തിനൊത്ത് ഉണർന്നു. പിന്നീട് മൈതാനത്ത് കണ്ടത് ചരിത്രം കുറിച്ച മുഹൂർത്തങ്ങളായിരുന്നു. ആദ്യ പകുതിയിലെ അവസാന നിമിഷം അഥവാ മുപ്പതാം മിനുട്ടിൽ മുഹമ്മദ് ഷിയാസ് ഖാൻ ലക്ഷദ്വീപിന് വേണ്ടി ആദ്യ ഗോൾ(30″) നേടി.

രണ്ടാം പകുതിയിലെ പതിനേഴാം മിനുട്ടിൽ ലക്ഷദ്വീപിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് മനോഹരമായി ക്യാപ്റ്റൻ ഷാനവാസ് എടുത്തതോടെ എ.ഐ.എഫ്.എയുടെ വല രണ്ടാമതും കുലുങ്ങി (47″). തുടർന്ന് 57″ മിനുട്ടിൽ മുഹമ്മദ് ഷിയാസ് ഖാനിലൂടെ മൂന്നാമത്തെ ഗോൾ കൂടി ലക്ഷദ്വീപ് ഫുട്ബോൾ അക്കാദമി നേടിയതോടെ എ.ഐ.എഫ്.എയുടെ തകർച്ച പൂർണമാവുകയായിരുന്നു. മുഴുവൻ സമയ സ്കോർ: എൽ.എഫ്.എ 03 – 01 എ.ഐ.എഫ്.എ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക