കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്ക് സംഗീതത്തിലൂടെ സാന്ത്വനം നൽകി കൽപ്പേനി പുതിയ ഇല്ലം കുഞ്ഞിക്കോയ. വില്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് കാര്യാലയത്തിൽ പോലീസ് അസി.സബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിക്കുന്ന കുഞ്ഞിക്കോയ, മകൻ ആഷിഖ് മുഹമ്മദുമൊത്താണ് ജനറൽ ആശുപത്രിയിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചത്.

ദോസ്തി എന്ന ഹിറ്റ് ചിത്രത്തിലെ ‘കോയി ജബ് രഹനാ പായെ’ എന്ന ഗാനത്തോടെ കുഞ്ഞിക്കോയയാണ് ആർട്സ് ആൻഡ് മെഡിസിൻ സംഗീത വിരുന്ന് ആരംഭിച്ചത്. 15 ഗാനങ്ങൾ ആലപിച്ചു.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ, മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രാ, കാസിനോ എയർ സർവ്വീസസ് എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ആർട്സ് ആൻഡ് മെഡിസിൻ സംഗീത വിരുന്നിൽ അവതാരകരായി എത്തിയ ഇരുവരും ചേർന്ന് മനോഹരമായ ഗാനങ്ങൾ ആലപിച്ചു. മകൻ ആഷിഖ് മുഹമ്മദ് തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ്. പി.ഐ കൽപ്പേനി എന്ന് അറിയപ്പെടുന്ന കുഞ്ഞിക്കോയ ഗാനാലാപനത്തിന് പുറമെ കഥാരചന, ഗാനരചന, അഭിനയം തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ച കലാകാരനാണ്. അടുത്തിടെ പ്രകാശനം ചെയ്ത ലക്ഷദ്വീപ് ഔദ്യോഗിക സംഗീത ആൽബത്തിൽ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്ന ഒരു മനോഹര ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

കലാ രംഗത്ത് ഏറെ സംഭാവനകൾ നൽകിയ കുഞ്ഞിക്കോയക്ക് പക്ഷെ ദ്വീപുകളിൽ അർഹമായ അവസരങ്ങൾ ലഭിച്ചില്ല എന്ന് അദ്ദേഹം പറയുന്നു. കലാകാരന്മാരെ കേവലം സർക്കസിലെ ജോക്കർമാരായാണ് ദ്വീപുകളിൽ ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം ദ്വീപ് മലയാളിയോട് പറഞ്ഞു. “ലക്ഷദ്വീപിലെ കലാമേഖല ഇപ്പോഴും അമച്വർ തലം പോലും താണ്ടിയിട്ടില്ല. അവസരങ്ങളുടെ അഭാവം മൂലം കലാകാരന്മാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനോ കൂടുതൽ മെച്ചെപ്പെടുത്തുന്നതിനോ സാധിക്കുന്നില്ല. കേവലം പ്രാദേശിക ക്ലബ് തലങ്ങളിൽ തഴച്ചിടപ്പെടുകയാണവർ. വി.ഐ.പി കൾക്ക് സ്വീകരണം ഒരുക്കാനും ദേശീയ ദിനങ്ങളിൽ വേദിയിൽ സമയം കൊല്ലാനുമാണ് കലാകാരന്മാരെ ഉപയോഗിക്കുന്നത്. ലക്ഷദ്വീപിലെ എത്രയോ കഴിവുള്ള കലാകാരന്മാർ അവസരങ്ങൾ ലഭിക്കാത്തതിനാൽ ഇവിടെ മുരടിച്ച് മണ്ണടിഞ്ഞു പോയിട്ടുണ്ട്. അവർക്കൊന്നും തന്നെ കലയെ ഒരു ജീവിതോപാധി ആക്കാനോ അതിലൂടെ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റ് ആയി മാറാനോ സാധിച്ചില്ല” എന്ന് കുഞ്ഞിക്കോയ പറയുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല. ദ്വീപിലെ കലാ-സാഹിത്യ പ്രതിഭകൾക്ക് ഒരു കൂട്ടായ്മ വേണം. അതിലൂടെ കലാ-സാഹിത്യ വേദി കൂടുതൽ പരിപോഷിപ്പിക്കണം. അതിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

“സ്വപ്ന തീരം” എന്ന പേരിൽ പി.ഐ കുഞ്ഞിക്കോയ ഒരു ചെറുകഥാ സമാഹാരം രചിച്ചിട്ടുണ്ട്. രണ്ടു കയ്യും നീട്ടിയാണ് മലയാള വായനാലോകം ഇതിനെ സ്വീകരിച്ചത്. ഗതകാല ലക്ഷദ്വീപിലെ ദുരിതപൂർണമായ ജീവിതങ്ങളെ യാഥാർഥ്യബോധത്തോടെ വരച്ചുകാട്ടുന്ന “സ്വപ്ന തീരം” നവതലമുറ വായിച്ചിക്കേണ്ട വിലപ്പെട്ട കൃതിയാണെന്ന് സാംസ്കാരിക രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.
“സ്വപ്ന തീരം എന്ന അതിമഹത്തായ രചന വളരെ മേന്മ പുലർത്തുന്നതിൽ രചയിതാവ് 100% വിജയിച്ചു. കൂടാതെ അനുയോജ്യമായ ഒരു അവതാരിക കൂടി ലക്ഷദ്വീപ് സാഹിത്യ സംഘം പ്രവർത്തകൻ ശ്രീ.ഇസ്മത്ത് ഹുസ്സൈനിൽ നിന്ന് ലആലഭിച്ചപ്പോൾ കഥാ സമാഹാരത്തിനു ഒരു പൂർണ്ണതയായി. കഥാകൃത്തായ ശ്രീ.പി.ഐ. കുഞ്ഞിക്കോയക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം കൂടുതൽ രചനകൾ വായനക്കാരിലേക്കെത്തിക്കാൻ സാധിക്കട്ടെ” എന്ന് ആശംസിക്കുന്നതായി പ്രമുഖ സാമൂഹിക പ്രവർത്തകൻ ടി.പി.ചെറിയകോയ പറഞ്ഞു.
റിട്ടയേർഡ് അദ്യാപകനായ ശ്രീ. ആറ്റക്കോയ, മുൻ കൃഷിവകുപ്പ് ഓഫീസറായിരുന്ന ശ്രീ. എം.കെ.കോയ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക