ബിത്ര: കളിയിൽ അൽപ്പം കാര്യവുമായി ബിത്ര ദ്വീപ് സാന്റിയിഷ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് തുടങ്ങുന്നു. ബിത്രയിലെ തുറസ്സായ സ്ഥലങ്ങളിൽ മരങ്ങൾ നട്ടു പിടിപ്പിക്കാനും അതിന്റെ ആവശ്യകത ഉയർത്തിക്കാട്ടാനും യുവാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്താനും ബിത്ര ദ്വീപിലെ ഒരുപറ്റം നല്ല കായിക പ്രേമികൾ ക്രിക്കറ്റിന്റെ കൂട്ടുപിടിക്കുകയാണ്. “Cricket For Good, Tree For Goodness” എന്ന പ്രമേയത്തിൽ സാന്റിയിഷ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ബിത്ര വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ഹൈദർ ബലേലി ഉദ്ഘാടനം ചെയ്യും. ബിത്ര സീനിയർ ബേസിക് സ്കൂൾ അധ്യാപകർ മുൻകയ്യെടുത്ത് നടത്തുന്ന ടൂർണമെന്റ് വൃക്ഷത്തൈ നട്ടു കൊണ്ടാവും ഉദ്ഘാടനം നിർവ്വഹിക്കുക. കായിക മേഖല പ്രകൃതിയെ തലോടുന്ന മനോഹരമായ കാഴ്ചയ്ക്കാവും ഇന്ന് ബിത്ര ദ്വീപ് സാക്ഷിയാവുക. സീനിയർ ബേസിക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എസ്.ഇബ്രാഹീമിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ ബിത്ര ഓതോറൈസ്ഡ് ഓഫീസർ ശ്രീ.മുഹമ്മദ് ഖലീൽ.കെ.സി മുഖ്യപ്രഭാഷണം നടത്തും. ബിത്രയിലെ മുതിർന്ന കളിക്കാരെ ബിത്ര മെഡിക്കൽ ഓഫീസർ ഡോ.ഹമീറാ ആദരിക്കും.

ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ ടീമുകളും അവരുടെ പേരുകളിൽ ഓരോ വൃക്ഷത്തൈ നടും. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ടൂർണമെന്റ് സമീപിക്കുമ്പോൾ ബിത്രയുടെ മണ്ണിൽ ഒരുപിടി വൃക്ഷത്തൈകൾ വേരുറപ്പിക്കും എന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് ജൂനിയർ എഞ്ചിനീയർ സയ്യിദ് മുഹമ്മദ് മുഹ്സിൻ.എ.ബി, ബിത്ര ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി താഹാ ഗഫൂർ.പി.പി എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. സാന്റിയിഷ് ടൂർണമെന്റ് സെക്രട്ടറി ഹലീലുള്ള.പി നന്ദി പ്രഭാഷണം നടത്തും.
കടപ്പാട്: സിഫാറത്ത് ഹുസൈൻ, ഖമറുന്നീസ.എം.എസ്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക