കവരത്തി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ആന്ത്രോത്ത് ദ്വീപ് സ്വദേശി കോമളം മായപുര അസ്ഹർ (AZAR) സംവിധാനം ചെയ്ത “ഗാന്ധിമാർഗം” ഒന്നാം സ്ഥാനത്തിന് അർഹമായി. 25,000/- രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കടമത്ത് ദ്വീപ് സ്വദേശി മിർഷാ മുബാറക് സബൂർ സംവിധാനം ചെയ്ത “പിറന്നാൾ സമ്മാനം” രണ്ടാം സ്ഥാനവും, കവരത്തി ദ്വീപ് സ്വദേശി മുഹമ്മദ് സ്വാദിഖ് സംവിധാനം ചെയ്ത “2nd-October” മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം 15,000/- രൂപയും 10,000/- രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. ഗാന്ധി ജയന്തി ദിനത്തിൽ കവരത്തിയിൽ വെച്ച് നടന്ന ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ശ്രീ.ഫാറൂഖ് ഖാൻ സമ്മാനദാനം നിർവഹിച്ചു. ലക്ഷദ്വീപിലെ കലാകാരന്മാർക്ക് ഇങ്ങനെ ഒരു അവസരം നൽകിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ശ്രീ.ഫാറൂഖ് ഖാന് ദ്വീപിലെ കലാകാരന്മാർക്ക് വേണ്ടി നന്ദി അറിയിക്കുന്നതായി ഒന്നാം സ്ഥാനം നേടിയ ശ്രീ.അസ്ഹർ ദ്വീപ് മലയാളിയോട് പറഞ്ഞു. ഇനിയും ഇത്തരം അവസരങ്ങൾ ഉണ്ടാവണം. അവസരങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ലക്ഷദ്വീപിലെ ഒരുപാട് കലാകാരന്മാർ വെളിച്ചം കാണാതെ മൺമറഞ്ഞു പോയിട്ടുണ്ട്. അതിന് മാറ്റമുണ്ടാവണം. ആ മാറ്റത്തിനുള്ള ഒരു തുടക്കമാവട്ടെ ഇത് എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നാം സ്ഥാനം നേടിയ ഗാന്ധിമാർഗം ഹ്രസ്വചിത്രത്തിന്റെ വീഡിയോ താഴെ കൊടുക്കുന്നു. വീഡിയോ കണ്ടതിന് ശേഷം പരമാവധി ഷെയർ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. www.dweepmalayali.com
“വാക്കുകൾക്കുമപ്പുറം”
ശാന്തമായി ഉറങ്ങുന്ന കടലിലേയ്ക്ക് മന്ദമാരുതൻ തലോടുന്നതു പോലെയാണ് അസർ കടന്നു വന്നത്. പെട്ടെന്നൊരു തിരയിളക്കം. അതുകണ്ട് ലക്ഷദ്വീപിലെ കലാസ്വാദകരുടെ കണ്ണുകൾ വിടർന്നു. ചരിത്രത്തിലാദ്യമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ‘ഗാന്ധിമാർഗ്ഗ’ത്തിന്റെ സംവിധായകൻ അസർ ഇതാദ്യമായി “ദ്വീപ് മലയാളിയോട്” മനസ്സു തുറക്കുന്നു.
ആദ്യ പ്രൊജക്ടിന് ശേഷം വർഷങ്ങളെടുത്തു ‘ഗാന്ധിമാർഗ്ഗം’ ചെയ്യാൻ?
യെസ്… ആദ്യ വർക്കിനുശേഷം വെള്ളരിക്കാപ്പട്ടണം, മാസ്ക് എന്നീ രണ്ടു വർക്കുകൾ തുടങ്ങിവെച്ചെങ്കിലും പല കാരണങ്ങളാൽ അവ പൂർത്തീകരിക്കാനായില്ല.
പൂർണ്ണമായും ലക്ഷദ്വീപിൽ ചിത്രീകരിച്ച ആദ്യ ഷോർട്ട് ഫിലിമിന്റെ സംവിധായകൻ എന്ന പേര് താങ്കളുടെ പേരിലാണെങ്കിലും പലർക്കും അതറിയില്ല??
(ചിരിക്കുന്നു) ശരിയാണ്. ഞാൻ അഗത്തിയിൽ ജോലി ചെയ്യുന്ന സമയത്ത് സ്കൂളിലെ ഫിലിം ക്ലബ്ബിലെ കുട്ടികളെയും യാസറിനെയും വെച്ച് ചെയ്തതാണത്. ടീച്ചേഴ്സിനെ ധിക്കരിച്ച് സ്കൂൾ പഠനം നിർത്തി അവസാനം ജീവിതം ചോദ്യചിഹ്നമായി മാറിയ ഒരു കുട്ടിയുടെ കഥയായിരുന്നു അത് (ZERO/100). പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് യാസറായിരുന്നു. പക്ഷേ, സാങ്കേതികമായി ആ ചിത്രം വളരെ പിന്നിലായിരുന്നു. അന്നത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്ത വർക്കായിരുന്നു അത്.
‘ഗാന്ധിമാർഗ്ഗ’ത്തിലും ലീഡ് റോൾ യാസറാണല്ലോ?
അതെ. ചെറുപ്പം മുതൽ തൊട്ട് എന്റെ ബെസ്റ്റ് ഫ്രണ്ടാണ് അദ്ദേഹം, മാത്രവുമല്ല എന്റെ കസിനും കൂടിയാണ്. കുട്ടിക്കാലം മുതൽക്കേ ഒരു നടനാകാനായിരുന്നു യാസറിന്റെ മോഹം. സ്കൂൾ കാലഘട്ടങ്ങളിൽ പല വേദികളിലായി അദ്ദേഹം അത് തെളിയിച്ചതുമാണ്. www.dweepmalayali.com
ദ്വീപിൽ അഭിനയിക്കാൻ കഴിവുള്ള നിരവധി പേരുണ്ട്. എന്നിട്ടും യാസർ?
നോക്കൂ… താങ്കൾ ചോദിച്ചതിന്റെ ഉത്തരം താങ്കളുടെ ചോദ്യത്തിൽ തന്നെയുണ്ട്. ശരിയാണ്, ദ്വീപിൽ അഭിനയിക്കാൻ കഴിവുള്ള നിരവധി പേരുണ്ട്. ഞാൻ സമ്മതിക്കുന്നു. പക്ഷേ, അഭിനയത്തോട് ഇത്രയ്ക്കും പാഷനുള്ള, സമർപ്പണമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്കറിയാമോ അഭിനയിക്കാൻ വേണ്ടി എയർപോർട്ടിലെ ജോലിവരെ ഉപേക്ഷിച്ച ആളാണ് അദ്ദേഹം.
‘ഗാന്ധിമാർഗ്ഗ’ത്തിൽ യാസറിനോടൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ഔരി റഹ്മാനാണല്ലോ?
അതെ.. കാക്കിക്കുള്ളിലെ കലാകാരൻ എന്ന വിശേഷണത്തിന് തീർത്തും അനുയോജ്യനാണ് ഔരി. അഭിനയമോഹവും കഴിവുമുണ്ടെങ്കിലും ഒരുപാട് ജോലിത്തിരക്കുകളുള്ള വ്യക്തിയാണ് അദ്ദേഹം. വളരെ കുറഞ്ഞ സമയമാണെങ്കിലും ഔരി തന്റെ റോൾ ഗംഭീരമാക്കി. മാത്രവുമല്ല, ‘ഗാന്ധിമാർഗ്ഗ’ത്തിന്റെ സംഭാഷണം ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് എഴുതിയത്, ക്രിയേറ്റീവ് ഹെഡ്ഡും അദ്ദേഹമായിരുന്നു.
മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനം കിട്ടിയവരുടെ ചിത്രങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
(പൊട്ടിച്ചിരിക്കുന്നു) അയ്യോ.. വിലയിരുത്താൻ മാത്രം ഞാനാളല്ല. യഥാക്രമം രണ്ടും മൂന്നും സ്ഥാനം കിട്ടിയ ചിത്രങ്ങളുടെ സംവിധായകരായ മിർഷയും സാദിഖും നന്നായിട്ട് തന്നെ ചെയതു. രണ്ടു പേരും നല്ല കഴിവുള്ളവർ തന്നെയാണ് എന്നതിൽ സംശയമില്ല. ‘പിറന്നാൾ സമ്മാന’ത്തിലും ‘2nd October’-ലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പെൺകുട്ടികളുടെ അഭിനയം നന്നായിരുന്നു. അതുപോലെ മത്സരത്തിൽ പങ്കെടുത്ത ഡോ.റിയാസിന്റെ ചിത്രത്തിലെ കുട്ടി (ഇഷാൻ S/o ശുക്കൂർ സാർ ) യുടെ പ്രകടനം അതിഗംഭീരമായിരുന്നു. വളരെ അനായാസമായാണ് ഇഷാൻ അഭിനയിച്ചത്.
ഗാന്ധിയായി വേഷമിട്ടത് വളരെ നന്നായിരുന്നു. ഗാന്ധിയുടെ മുഖം കാണാൻ പേക്ഷകർ ഒരുപാട് ആഗ്രഹിച്ചു കാണും…
(ചിരിക്കുന്നു) മുഖം കാണിക്കാത്തതു കൊണ്ടാണ് താങ്കളെ ഈ ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചത്. തീർച്ചയായും അത് ഞങ്ങളുടെ വിജയമായി കാണുന്നു. ഗാന്ധിജിയുടെ വേഷം ചെയ്തത് കല്പേനി സ്വദേശിയായ റിസ് വാൻ ജാവേദാണ്. അദ്ദേഹം കവരത്തി ഹെലിബേസിൽ പാരാമെഡിക് സ്റ്റാഫാണ്. വളരെ നന്നായിട്ട് അദ്ദേഹം ചെയ്തു,പ്രത്യേകിച്ച് ക്ലൈമാക്സ് സീൻ.
ഗാന്ധിജിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതും അദ്ദേഹമാണോ?
അല്ല.. (കുറച്ച് നാണത്തോടെ) അത് ഞാനാണ്.വലിയ ബോറല്ലാന്ന് വിശ്വസിക്കുന്നു.(വീണ്ടും ചിരിക്കുന്നു).
‘ഗാന്ധിമാർഗ്ഗ’ത്തിലെ ക്യാമറയും എഡിറ്റിംഗും വൈറലായല്ലോ? പ്രത്യേകിച്ച് ക്രെയിൻ ഷോട്ടുകൾ?
വളരെ സന്തോഷമുണ്ട്. ക്യാമറ ചെയ്തിരിക്കുന്നത് സാലിമാഷും സിയാദ് അൽസബയുമാണ്. രണ്ടുപേരും ഷോട്ടുകളിൽ ഒരു കോംപ്രമൈസുമില്ലാത്തവരാണ്. ദേശീയ അവാർഡ് ജേതാവ് സന്ദീപ് പാമ്പിളളി ചിത്രം കണ്ടിട്ട്, തന്നെ ഷോട്ടുകൾ അതിശയിപ്പിച്ചു എന്നാണ് പറഞ്ഞത്. ക്രെയിൻ ഷോട്ടുകളുടെ രഹസ്യം തൽക്കാലം രഹസ്യമായിട്ടു തന്നെയിരിക്കട്ടെ (ചിരിക്കുന്നു).
എഡിറ്റിംഗ് ഒരു പ്രൊഫഷണൽ ടച്ചുണ്ടല്ലോ?
സിയാദ് അൽസബയാണ് എഡിറ്റിംഗ് ചെയ്തത്. എത്ര നല്ല ഷോട്ടുകളെടുത്താലും അനുയോജ്യമായ രീതിയിൽ എഡിറ്റിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ ആ ചിത്രം വലിയ ദുരന്തമായിരിക്കും. അദ്ദേഹത്തിന്റെ ഭാര്യയുടെ കാൽമുട്ട് ശസ്ത്രക്രിയ നടക്കുമ്പോൾ എഡിറ്റിംഗ് ജോലിയിലായിരുന്നു അദ്ദേഹം. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് അദ്ദേഹം വർക്ക് പൂർത്തിയാക്കിയത്. കവരത്തി യെസ് ബാങ്ക് ബ്രാഞ്ച് മാനേജരാണ് സിയാദ്. മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കിയ എഡിറ്റിംഗിന്റെ എഫക്ട്സും സിയാദ് തന്നെയാണ് ചെയ്തത്. ഈ മൂന്ന് ദിവസങ്ങളിൽ അദ്ദേഹം ഉറങ്ങിയത് വെറും ഏഴര മണിക്കൂർ!! രാത്രി മുഴുവൻ എഡിറ്റിംഗ്, രാവിലെ ബാങ്ക് ജോലി. സിയാദിന്റെ ഡെഡിക്കേഷൻ അത് അപാരം തന്നെ. ലക്ഷദ്വീപ് പോലീസിലെ ASI -യും തികഞ്ഞ കലാകാരനുമായ പി.ഐ.കുഞ്ഞിക്കോയ കല്പേനിയുടെ രണ്ടാമത്തെ മകനാണ് സിയാദ്, യാസറിന്റെ അനിയൻ.
മഹാത്മാഗാന്ധിയുടെ സന്ദേശങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കുകയും ഒരു ശരാശരി ദ്വീപുകാരന്റെ നൊസ്റ്റാൾജിയയെ തൊട്ടുണർത്തുന്നതുമായൊരു ചിത്രം കൂടിയായി ‘ഗാന്ധിമാർഗ്ഗം’ മാറി?
മഹാത്മജിയുടെ സന്ദേശങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. മാത്രവുമല്ല, ഡോക്യുമെന്ററി ഫീൽ വരാനും പാടില്ല. അങ്ങനെയാണ് സമകാലിക ചുറ്റുപാടിൽ നിന്നും എങ്ങനെ കഥ പറയാം എന്ന ആശയമുടലെടുക്കുന്നത്.
ഒരു ശരാശരി ദ്വീപുകാരന്റെ നടത്തവും ഭാവമാറ്റവും കുളത്തിൽ കുളിക്കാനിറങ്ങുന്നതും…. അങ്ങനെ യാസർ കഥാപാത്രത്തെ ഉജ്ജ്വലമാക്കി…
തീർച്ചയായും. യാസറിന്റെ അഭിനയത്തെക്കുറിച്ച് ഒന്നും പറയാനില്ല. അദ്ദേഹത്തെ ‘ലക്ഷദ്വീപിന്റെ സ്വകാര്യ അഹങ്കാരം’ എന്നു നമുക്ക് വിശേഷിപ്പിക്കാം. He is a versatile actor. അടുത്ത കാലത്തിറങ്ങിയ അദ്ദേഹത്തിന്റെ വർക്കുകൾ അതിന് തെളിവാണ്. മോസയിലെ കുതിര മീനുകൾ, അനാർക്കലി, കഥ പറഞ്ഞ കഥ, സിഞ്ചാർ (ദേശീയ അവാർഡ് ചിത്രം) തുടങ്ങി അനുരാഗ് കശ്യപ് -രാജീവ് രവി – ഗീതു മോഹൻ ദാസ് – നിവിൻ പോളി ടീമിന്റെ ‘മൂത്തോനി’-ൽ എത്തിനിൽക്കുന്നു.
‘ഗാന്ധിമാർഗ്ഗ’ത്തിലേയ്ക്ക് വരാം.ഒന്നാം സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
വളരെയധികം ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ വളരെ സന്തോഷം. ‘ഗാന്ധിമാർഗ്ഗം’ ഒരു ടീം വർക്കാണ്. യാസർ, ഔരി, സിയാദ്, സാലി മാഷ്, റിസ് വാൻ ജാവേദ്, നൂർ വർണ്ണാലയം, സൽസബീൽ, എം.ജി.ശിഹാബ്, നൂറുദ്ദീൻ തുടങ്ങി എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയം കൂടിയാണിത്.
പുതിയ ചിത്രം ഉടൻ പ്രതീക്ഷിക്കാമോ?
പലരും ചോദിച്ചു തുടങ്ങി. ഒന്നാം സ്ഥാനമെന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ഒരു സ്ക്രിപ്റ്റ് പൂർത്തിയായി. ‘ഗാന്ധിമാർഗ്ഗ’ത്തിന് മുമ്പേ എഴുതിയതാണ്. അതിനുമുമ്പ് ലക്ഷദ്വീപ് പിറവിയ്ക്ക് വേറൊരു വർക്ക് ചെയ്യണമെന്നുണ്ട്. പ്രാർത്ഥനയുണ്ടാവണം.
പുതിയ ചിത്രത്തിലും യാസർ തന്നെയായിരിക്കും പ്രധാന റോളിൽ?
(ചിരിക്കുന്നു) യാസർ ബിഗ് സ്ക്രീനിലെ വലിയൊരു താരമാകുമ്പോൾ പണ്ട് ഞാൻ അദ്ദേഹത്തെ വച്ച് കുറച്ച് ചിത്രങ്ങളടുത്തിട്ടുണ്ട് എന്നു അഭിമാനത്തോടെ പറയാമല്ലോ!?
അവസാനമായി ഒരു ചോദ്യം കൂടി. കുറച്ച് പേഴ്സണലാണ്.. താങ്കൾക്ക് കുറച്ച് തലക്കനം കൂടുതലുള്ള ആളാണെന്ന് പൊതുവെ ഒരു ആരോപണമുണ്ടല്ലോ!?
(വീണ്ടും ചിരിക്കുന്നു) അയ്യോ… ഒരുപക്ഷേ എന്റെ മുഖം കണ്ടിട്ട് പറയുന്നതാവും.(കുറച്ചു നേരം ആലോചിച്ചിട്ട് സ്വതസിദ്ധമായ ഭാഷയിൽ) സുഹൃത്തേ, പറയുന്നവർ എന്നും പറഞ്ഞോണ്ടിരിക്കും. കേൾക്കുന്നവർ എന്നും കേട്ടോണ്ടിരിക്കും.
എല്ലാവിധ ഭാവുകങ്ങളും…
Thank you… ദ്വീപ് മലയാളി ടീമിന് ഒരുപാട് നന്ദി…
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
👍👍👍👍
Great sir👍👍