ആന്ത്രോത്ത്: ആന്ത്രോ ഗെയിംസിന്റെ ഭാഗമായി നടത്തപ്പെടുന്ന വാർഡ് തല ഫുട്ബോൾ ടൂർണമെന്റിൽ ഫൈനൽ ബർത്ത് ഉറപ്പിച്ച് ഏഴാം വാർഡ്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ആറാം വാർഡിനെ പരാജയപ്പെടുത്തിയാണ് ഏഴാം വാർഡ് ഫൈനലിലേക്ക് ബർത്ത് ഉറപ്പിച്ചത്. വാശിയേറിയ മത്സരത്തിന്റെ ആദ്യ പകുതിയിൽ ആറാം വാർഡിന്റെ ഡി ബോക്സിൽ ഫൗൾ വഴങ്ങിയയോടെയാണ് കളിയുടെ ഗതി മാറിയത്. അനായാസമായി പെനാൽട്ടി കിക്ക് എടുത്ത ഏഴാം വാർഡിന്റെ ഏഴാം നമ്പർ താരം സൈനുൽ ആബിദ് ആദ്യമായി ഗോൾവല കിലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ ആറാം വാർഡിന്റെ അറ്റാക്കിങ്ങ് താരം പി.കെ ദർവ്വേശിന് പരിക്കേൽക്കുകയും കളിക്കളം വിടുകയും ചെയ്തു.
എന്നാൽ ഇടവേള കഴിഞ്ഞ് കളത്തിലിറങ്ങിയ ആറാം വാർഡ് താരങ്ങൾ മനോഹരമായ കളി പുറത്തെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആറാം വാർഡിന്റെ ഏഴാം നമ്പർ താരം ഇബ്റത്ത് മനോഹരമായ ഒരു ഗോൾ നേടിക്കൊണ്ട് കളി സമനിലയിൽ എത്തിച്ചു. കളി കൂടുതൽ ആവേശമായതോടെ താരങ്ങൾ പലർക്കും മഞ്ഞ കാർഡ് നൽകിയ റഫറി കളി നിയന്ത്രിക്കുന്നതിന് ഏറെ പാടുപ്പെട്ടു. കളിയുടെ അവസാന സമയത്ത് ആറാം വാർഡിന്റെ ഡി ബോക്സിന് തോട്ടരികത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് ഏഴാം വാർഡ് താരം സൈനുൽ ആബിദ് മനോഹരമായ ഒരു കിക്കിലൂടെ ഗോൾ വലയിൽ എത്തിച്ചു. കളി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ച ഏഴാം വാർഡ് ഫൈനൽ ബർത്ത് ഉറപ്പിക്കുകയായിരുന്നു. രണ്ടാം സെമി ഫൈനലിൽ മൂന്നാം വാർഡും അഞ്ചാം വാർഡും തമ്മിൽ ഏറ്റുമുട്ടും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക