കോവിഡ് മുൻനിർത്തി കടുത്ത നിയന്ത്രണങ്ങളുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ. ദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് ദ്വീപിലെവിടെയും ജുമുഅ നിസ്‌കാരം അനുവദിച്ചില്ല. ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തി.
ഒരു ഇടവേളയ്ക്കുശേഷമാണ് ദ്വീപിൽ വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇന്നലെ മുതൽ ദ്വീപിൽ പൂർണമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേരിലധികം പേർ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും പ്രവൃത്തിനിയന്ത്രണമില്ല. പതിവുപോലെ തന്നെ ഇവയുടെ പ്രവർത്തനം തുടരും.
എന്നാൽ, പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നതിന് വലിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് പള്ളികളിൽ ജുമുഅ നിസ്‌കാരത്തിന് അനുമതിയുണ്ടായിരുന്നില്ല. കവരത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പള്ളികളിൽ നിയന്ത്രണവിവരമറിയാതെ ജുമുഅയ്ക്ക് ആളുകളെത്തിയിരുന്നു. ഇവിടങ്ങളിൽ പൊലീസെത്തി പള്ളികളടപ്പിച്ചു. പൊലീസ് കാവലുമായി നിലയുറപ്പിച്ചതോടെ ജുമുഅ നിസ്‌കാരം തടസപ്പെട്ടു. ഇതോടെ ജനങ്ങൾ പ്രതിഷേധിച്ചാണ് പിരിഞ്ഞുപോയത്.
നിലവിൽ ലക്ഷദ്വീപിൽ കോവിഡ് പോസിറ്റീവായി നാല് ആക്ടീവ് കേസുകൾ മാത്രമാണുള്ളത്. ടിപിആർ നിരക്ക് പൂജ്യവുമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക