കവരത്തി: കൽപേനിയിൽ സ്കൂളുകളുടെ പേരുമാറ്റത്തിനെതിരെ വിവിധ ദ്വീപുകളിൽ വ്യാപക പ്രതിഷേധം. കൽപേനി ഡോ. കെ കെ മുഹമ്മദ് കോയ ഗവണ്മെന്റ് സീനിയർ സെക്കൻഡറി സ്കൂൾ, ബീയുമ്മ മെമ്മോറിയൽ ജൂനിയർ ബേസിക് സ്കൂൾ എന്നീ പേരുകൾ മാറ്റിയതിൽ എൻ.സി.പി, എൻ.വൈ.സി, എൽ.എസ്.എ തുടങ്ങി സംഘടനകൾ സംയുക്തമായി വിവിധ ദ്വീപുകളിൽ ഡി.സി, ബി.ഡി.ഒ ഓഫീസുകളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. പഴയ പേരുകൾക്ക് പകരം സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകളാണ് സ്കൂളുകൾക്ക് അഡ്മിനിസ്ട്രേഷൻ നൽകിയത്.
പ്രത്യേകിച്ച് പേരുകളൊന്നുമില്ലാത്ത നിരവധി സ്കൂളുകൾ ലക്ഷദ്വീപിലുള്ളപ്പോൾ ഇവയുടെ പേരുകൾ മാത്രം മാറ്റുന്നതിന് പിന്നിൽ ചില പ്രത്യേക അജണ്ടകൾ ഉള്ളതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് ലക്ഷദ്വീപിലെ എൻസിപി നേതാക്കൾ രംഗത്തെത്തി. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ ചീഫ് കൗൺസിലറും ജനസേവകനുമായിരുന്നു ഡോ കെ.കെ മുഹമ്മദ് കോയ.

ലക്ഷദ്വീപിലെ ആദ്യ വനിതാ മെട്രിക്കുലേഷൻ ജേതാവും പ്രഥമ ടിടിസി അധ്യാപികയുമായിരുന്നു ബീയുമ്മ. ഇവരുടെ സ്മരണാർത്ഥമാണ് സ്കൂളുകൾക്ക് പേരുകൾ നൽകിയത്. സ്വാതന്ത്ര്യസമര സേനാനികളുടെ പേരിടുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ഈ രണ്ട് സ്കൂളുകളുടെ പേരുകൾ മാത്രം മാറ്റാനുള്ള തീരുമാനത്തിനെതിരെയാണ് തങ്ങളുടെ വിയോജിപ്പെന്നും എൻസിപി നേതാക്കൾ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക