ഐ.ആർ.ബി.എൻ ഹൗസിംഗ് കോംപ്ളക്സ്; നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

0
962

കവരത്തി: (www.dweepmalayali.com) ലക്ഷദ്വീപ് ഇന്ത്യാ റിസർവ് ബെറ്റാലിയനു വേണ്ടി ആധുനിക സജ്ജീകരണങ്ങളോടെ കവരത്തിയിൽ നിർമ്മിച്ച പുതിയ പാർപ്പിട സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിർമ്മാണം പൂർത്തീകരിച്ച ബൃഹത്തായ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.രാജ്നാഥ് സിംഗ് ഈ മാസം ലക്ഷദ്വീപിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ലക്ഷദ്വീപ് ഭരണകൂടം. 6136.32 ചതുരശ്ര മീറ്റർ ചുറ്റളവിൽ 19.73 കോടി രൂപ ചിലവഴിച്ചാണ് അതിമനോഹരമായ ഈ പാർപ്പിട സമുച്ചയങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

3167.8 ചതുരശ്ര മീറ്റർ സ്ഥലത്താണ് കെട്ടിട സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നത്. 2015 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി ലക്ഷദ്വീപിൽ സമാനതകളില്ലാത്ത നിർമ്മാണ മികവോടെയാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചിരിക്കുന്നത്. കവരത്തിയിലുള്ള ഐ.ടി.ഐ കെട്ടിട സമുച്ചയത്തിന് ശേഷം കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിക്കുന്ന രണ്ടാമത്തെ വൻകിട പദ്ധതിയാണ് ഐ.ആർ.ബി.എൻ ഹൗസിംഗ് കോംപ്ളക്സ്.
ടൈപ്പ് 4-ൽ മൂന്ന് ബെഡ്റൂമുകൾ ഉള്ള നാല് കോർട്ടേഴ്സുകളും, ടൈപ്പ് 3-ൽ രണ്ട് ബെഡ്റൂമുകൾ ഉൾപ്പെടുന്ന പന്ത്രണ്ടു കോർട്ടേഴ്സുകളും, ടൈപ്പ് 2-ൽ ഓരോ ബെഡ്റൂമുകളുള്ള നാൽപ്പത് കോർട്ടേഴ്സുകളും ഉൾപ്പെടെ മൊത്തം 56 കോർട്ടേഴ്സുകൾ അടങ്ങുന്നതാണ് ഇപ്പോൾ നിർമ്മാണം പൂർത്തീകരിച്ച ഐ.ആർ.ബി.എൻ ഹൗസിംഗ് കോംപ്ളക്സ്. കിഴക്ക് ഭാഗം ഓഫീസേഴ്സിനും പടിഞ്ഞാറ് ഭാഗത്തായി ജവാൻമാർക്കും താമസ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അണ്ടർഗ്രൗണ്ടിലായി 50,000 ലിറ്റർ ശേഷിയുള്ള രണ്ട് ജലസംഭരണ ടാങ്കുകളം ടെറസ്സിൽ 25,000 ലിറ്റർ ശേഷിയുള്ള മറ്റു രണ്ട് ടാങ്കുകളും കോംപ്ളക്സിനായി നിർമ്മിച്ചിട്ടുണ്ട്. കൂടാതെ ഓരോ പത്ത് ടവറുകൾക്കായി 6000 ലിറ്റർ ശേഷിയുള്ള ഓവർ ഹെഡ് ടാങ്കുകളും 10,000 ലിറ്റർ ശേഷിയുള്ള മറ്റ് ജലസംഭരണികളും നിർമ്മിച്ചിരിക്കുന്നു. കിണർ വെള്ളവും, സമാനമായി മഴവെള്ളവും ശേഖരിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് സംഭരണികൾ സജ്ജീകരിച്ചിരിക്കുന്നത്.

അതീവ സുരക്ഷാ സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ബയോ ഡൈജസ്റ്റർ സിസ്റ്റം സെപ്റ്റിക് ടാങ്കുകൾ, പൂർണമായി കൺസീൽഡ് ചെയ്ത ഇലക്ട്രിക് വയറിംഗ് സംവിധാനങ്ങൾ എന്നിവ പുതിയ പാർപ്പിട സമുച്ചയങ്ങളുടെ മറ്റു സവിശേഷതകളാണ്. കൃത്യമായ വായു സഞ്ചാര ദിശ അനുസരിച്ച്, സൂര്യതാപം, ഭൂമി കുലുക്കം എന്നിവയെ അതിജീവിക്കാൻ കഴിവുള്ള നിർമ്മാണ മികവോടെയാണ് ഐ.ആർ.ബി.എൻ ഹൗസിംഗ് കോംപ്ളക്സ് നിർമ്മിച്ചിരിക്കുന്നതെന്ന് സി.പി.ഡബ്ല്യു.ഡി കൊച്ചിൻ സെൻട്രൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ.ബി.എൽ.ഭാസ്കർ അറിയിച്ചു.

സമാനമായി ഐ.ആർ.ബി.എൻ ഹൗസിംഗ് കോംപ്ളക്സിന്റെ കിഴക്ക് ഭാഗത്തായി ഒരു ടൈപ്പ് 5 കോർട്ടേഴ്സും കൂടാതെ ഗസ്റ്റ് ഹൗസും ഉൾപ്പെടുന്ന മൂന്നാം ഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ അഡ്മിനിസ്ട്രേഷന്റെ അനുമതിയോടെ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

www.dweepmalayali.com

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here