കവരത്തി: ബി.എസ്.എൻ.എൽ നെറ്റ്’വർക്കിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കവരത്തിയിലുള്ള ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സഖാവ് മുബാറക് നേതൃത്വം നൽകി. തലസ്ഥാന നഗരിയായ കവരത്തിയിൽ ബി.എസ്.എൻ.എൽ നെറ്റ്’വർക്കിന്റെ അവസ്ഥ വളരെ മോശമാണ്. അത്യാവശ്യത്തിന് ഒരാളെ വിളിക്കുമ്പോൾ പോലും നെറ്റ് വർക്ക് സ്തംഭനം മൂലം കോളുകൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ല. സൗജന്യ കോളുകൾ ഉൾപ്പെടെയുള്ള ഓഫറുകൾ ചെയ്യുന്നവർക്ക് ഇതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. ദിനംപ്രതി ഒരു ജി.ബി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കുന്നതിന് വേണ്ടി ഏകദേശം 500 രൂപ നിരക്കുകളിലുള്ള ഓഫറുകൾ ചെയ്ത നൂറുകണക്കിന് ആളുകൾക്ക് കോളുകൾ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഡാറ്റാ ഉപയോഗം തീരെ അസാധ്യവുമാണ്. ബി.എസ്.എൻ.എൽ ബാന്റ്’വിഡ്ത്ത് കുറവായതിനാലാണ് ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്. എന്നാൽ ഈ അവസ്ഥയിലും പുതിയ കണക്ഷനുകൾ ധാരാളമായി അനുവദിക്കുന്നു. ആയതിനാൽ ഉപഭോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി ബാന്റ്’വിഡ്ത്ത് വർധിപ്പിച്ചു കൊണ്ട് നെറ്റ്’വർക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. ബി.എസ്.എൻ.എൽ അധികൃതരുമായി നേതാക്കൾ ചർച്ച നടത്തി. ചർച്ച വിജയകരമായിരുന്നു എന്നും, എത്രയും പെട്ടെന്ന് തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിച്ചതായും നേതാക്കൾ അറിയിച്ചു.
ലക്ഷദ്വീപിലെ ഓരോ ദ്വീപുകളിലും നെറ്റ് വർക്ക് പ്രശ്നം ഇത്രയും സങ്കീർണ്ണമായിരിക്കുമ്പോഴും കോൺഗ്രസും എൻ.സി.പിയും 3.ജി യുടെ തന്തചമയുന്ന തിരക്കിലാണ്. മുഖ്യ ധാരാ രാഷ്ട്രീയ പാർട്ടികളുടെ ഈ സമീപനം മാറണം. ജനോപകാരപ്രധമായ പദ്ധതികൾക്ക് വേണ്ടി എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിക്കണം. എന്നാൽ മാത്രമേ നമ്മുടെ ദ്വീപുകളിൽ വികസനം ഉണ്ടാവുകയുള്ളു എന്നും പ്രതിഷേധ മാർച്ച് ആവശ്യപ്പെട്ടു.
സി.പി.ഐ.എം ലക്ഷദ്വീപ് ലോക്കൽ കമ്മറ്റി അംഗം സഖാവ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എൽ.സി മെമ്പർ സഖാവ് അസ്ഹറലി സ്വാഗതവും സഖാവ് ബഷീർ നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക