കൊറോണ വൈറസിൽ നിന്നും രക്ഷ തേടി ദ്വീപിൽ നിന്നും പിറന്ന മാപ്പിള ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ലക്ഷങ്ങൾ കണ്ട ഈ ഗാനം പിറന്നത് ഇങ്ങനെ. വീഡിയോ കാണാം.

3
2577

കൊച്ചി: അബൂ അനീസ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കിൽത്താൻ ദ്വീപ് സ്വദേശി താജുദ്ധീൻ റിസ്വി എഴുതി ചിട്ടപ്പെടുത്തി റിയാസ് ബിയ്യച്ചേരി ആലപിച്ച “കൊറോണ വൈറസിൻ കാലമാ… കൊടും ദീനമിൽ ഉലയുന്നിതാ…” എന്ന പ്രാർഥനാ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ലക്ഷദ്വീപിന്റെ പരിമിതമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കവരത്തി ദ്വീപിലെ സിംഫണി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ ഗാനം ലക്ഷദ്വീപിലെയും കേരളത്തിലെയും സുഹൃത്തുക്കൾക്ക് വാഡ്സാപ്പ് വഴി അയച്ചു കൊടുക്കുക മാത്രമാണ് ഇവർ ചെയ്തത്. നേരത്തെയും ഇങ്ങനെ പല പാട്ടുകളും ഇവർ ചെയ്തിട്ടുണ്ട്. പക്ഷെ, ഈ പാട്ട് കേരളത്തിലെ വാഡ്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ Yaaz Media എന്ന യൂറ്റ്യൂബ് ചാനലിൽ പാട്ടിന്റെ വരികൾ എഴുതി വീഡിയോ രൂപത്തിൽ പബ്ളിഷ് ചെയ്തു. പാട്ടിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് വിവരം ലഭിച്ച ഉടനെ അവരുടെ പേരുകൾ ഉൾപ്പെടുത്തി വീണ്ടും വീഡിയോ പങ്കുവെച്ച യാസ് മീഡിയ ഗായകന് മുന്നിൽ മറ്റൊരു ആഗ്രഹം കൂടി പങ്കു വെച്ചു. അവർക്ക് വേണ്ടി കൂടുതൽ ഗാനങ്ങൾ ആലപിക്കണം എന്ന്. അങ്ങനെ റിയാസ് ബിയ്യച്ചേരി യാസ് മീഡിയക്ക് വേണ്ടി മൂന്ന് പാട്ടുകൾ കൂടി ചെയ്യുകയാണ്. രണ്ട് ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞു. മൂന്നാമത് ഗാനം പണിപ്പുരയിലാണ്.

വരികളുടെ മനോഹാരിതയും വളരെ സൗന്ദര്യമുള്ള ശബ്ദത്തിലുള്ള ആലാപനവും കേട്ട മലയാളിയായ ബാബു എന്ന സുഹൃത്ത് അദ്ദേഹത്തിന്റെ ‘ടിക്ടോക്ക്’ പ്രൊഫൈലിൽ വീഡിയോയായി പോസ്റ്റ് ചെയ്തതോടെ ആളുകൾ ഈ ഗാനം ഏറ്റെടുത്തു. നാല് ലക്ഷത്തോളം ആളുകളാണ് പ്രസ്തുത വീഡിയോ ഇതിനോടകം വീക്ഷിച്ചത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

@Kulsusalman എന്ന ടിക്ടോക്ക് പ്രൊഫൈലിൽ ഷെയർ ചെയ്ത വീഡിയോ ഏകദേശം 19,000 ആളുകൾ വീക്ഷിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

@madhuap8 എന്ന ടിക്ടോക്ക് പ്രൊഫൈലിൽ മധു എന്ന ഹൈന്ദവ സുഹൃത്ത് ഈ ഗാനം ഷെയർ ചെയ്തപ്പോൾ ഏകദേശം 12,000 ആളുകളാണ് അത് കണ്ടത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇങ്ങനെ ടിക്ടോക്ക്, ഹെലോ ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയകളിൽ ഈ ഗാനം തരംഗമാവുകയാണ്. ഇത് ഏറെ സന്തോഷമുള്ള നിമിഷമാണെന്നും ആളുകൾ തങ്ങളുടെ ഗാനം ആസ്വദിക്കുന്നു എന്നറിഞ്ഞതിൽ ഏറെ അഭിമാനം തോന്നുന്നു എന്നും ഗാനം ആലപിച്ച റിയാസ് ബിയ്യച്ചേരി ദ്വീപ് മലയാളിയോട് പറഞ്ഞു. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് നടത്തുന്ന ഇത്തരം കലാ പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്വന്തം നാടുകളിൽ നിന്ന് അവർ അർഹിക്കുന്ന പിന്തുണയും സഹകണവും ലഭിക്കുന്നില്ല എന്ന പരിഭവവും ഈ കലാകാരന്മാർ പങ്കുവെക്കുന്നു. നമ്മുടെ പരിമിതമായ ഇന്റെർനെറ്റ് സൗകര്യങ്ങൾ കൊണ്ടാവാം നല്ലൊരു ശതമാനം ദ്വീപുകാരും ഇത്തരം കലാസൃഷ്ടികൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ‘സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുക’ പോലുള്ള സഹകരണം നൽകുന്നില്ല എന്നത് വാസ്തവവുമാണ്. നമ്മുടെ കലാകാരന്മാരെ മാനസികമായി പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ അവരുടെ ഇത്തരം കലാസൃഷ്ടികൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി ലക്ഷദ്വീപ് സമൂഹം ശ്രമകരമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ലോകത്തിന് മുന്നിൽ തുല്യതയില്ലാത്ത കലാ സാഹിത്യ സംഭാവനകൾ സമ്മാനിച്ച പല അതുല്യ കലാപ്രതിഭകളും അവസരങ്ങളുടെ കുറവ് കൊണ്ടും നമ്മുടെ ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കൊണ്ടും ലക്ഷദ്വീപിന്റെ തുരുത്തുകളിൽ മാത്രമായി ഒതുങ്ങുകയും ഇവിടെ തന്നെ അസ്തമിച്ചു പോവുകയും ചെയ്തിട്ടുണ്ട്. ഇന്ന് അത്തരം പരിമിതികൾക്ക് ഒരു പരിധി വരെ പരിഹാരമുണ്ട്. ലോകം മുഴുവൻ ഇന്ന് നമ്മുടെ വിരൽതുമ്പിൽ ഒതുങ്ങുന്ന കാലത്ത് നമ്മൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ നമ്മുടെ ലക്ഷദ്വീപിലെ കലാകാരന്മാരുടെ കലാസൃഷ്ടികൾ നമുക്ക് ലോകത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കും. അതിന് നാം ഓരോരുത്തരും നമ്മുടെ കലാകാരന്മാരുടെ ഇത്തരം സൃഷ്ടികൾ നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പരമാവധി പ്രചരിപ്പിക്കുകയാണ് വേണ്ടത്. അങ്ങിനെയൊരു സഹകരണം ലഭിച്ചാൽ നമ്മുടെ കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ അത് സഹായകമാവും എന്ന് അണിയറ പ്രവർത്തകർ ദ്വീപ് മലയാളിയോട് പറഞ്ഞു.

ഈ ദുരിതകാലത്ത് അബൂ അനീസ്-റിയാസ് ബിയ്യച്ചേരി കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ഗാനമാണിത്. ലോകം മുഴുവൻ അനുഭവിക്കുന്ന ദുരിതങ്ങളിൽ അവരുടെ ദുഃഖങ്ങളിൽ അവരോടൊപ്പം തന്നെ നമ്മളും പങ്കുചേരുമ്പോഴും നമ്മുടെ നാട്ടിൽ പിറന്ന ഒരു ഗാനം ലോകം കീഴടക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. ലക്ഷദ്വീപിലെ കൂടുതൽ കലാസൃഷ്ടികൾ ലോകത്തിന് മുന്നിൽ എത്തിക്കാൻ ഇതൊരു കാരണമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. അബൂ അനീസ്, റിയാസ് ബിയ്യച്ചേരി, അവരെ സഹായിച്ച സാങ്കേതിക പ്രവർത്തകർ, കലാസ്നേഹികൾ എന്നിവർക്കൊപ്പം ലക്ഷദ്വീപിലെ മുഴുവൻ കലാകാരന്മാരെയും അഭിനന്ദിക്കാൻ നമുക്ക് ഈ അവസരം വിനിയോഗിക്കാം. ലക്ഷദ്വീപിന്റെ ചരിത്രത്തിൽ മൺമറഞ്ഞു പോയ എല്ലാ കലാകാരന്മാരുടെയും സ്മരണയിൽ പവിഴദ്വീപുകളിലെ ഇന്നിന്റെ കലാകാരന്മാർക്ക് ‘ദ്വീപ് മലയാളിയുടെ’ എല്ലാവിധ പിന്തുണയും സ്നേഹവും സന്തോഷവും നേരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

3 COMMENTS

  1. മാഷാ അല്ലഹ്…
    ഇങ്ങനെ ഒരു ന്യൂസ് സന്തോഷ വാർത്ത..
    deepmalayali.. ഒരായിരം ആശംസകൾ…
    ഇനിയുo റിയാസിനെ ഉയരങ്ങളിൽ എത്തിക്കട്ടെ.. ഞങ്ങളാൽ കഴിയും വിധം ഇനിയും pramot ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here