കൊച്ചി: ഇന്നലെ രാത്രി ആന്ത്രോത്ത് ദ്വീപിൽ നിന്നും പുറപ്പെട്ട ശേഷം ചാനലിന് പുറത്ത് വച്ച് ഗ്രൗണ്ടായ അറേബ്യൻ സീ കപ്പൽ കപ്പൽ ജീവനക്കാരുടെയും ആന്ത്രോത്ത് ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെയും പോർട്ട് ജീവനക്കാരുടെയും ശ്രമഫലമായി സുരക്ഷിതമായി കൊച്ചിയിൽ എത്തി. ഗ്രൗണ്ടായി എന്ന് അറിഞ്ഞ ഉടനെ ബോട്ടുകളുമായി കുതിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ കപ്പലിന്റെ ഒരുവശത്ത് നിന്നും നിരന്തരമായി ഉന്തിക്കൊണ്ടിരുന്നതിനാൽ കൂടുതൽ തീരത്തോട്ട് അടുക്കാതെ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് അടുത്ത് തന്നെ ഉണ്ടായിരുന്ന തിണ്ണകര ബാർജിലേക്ക് റോപ്പ് കൊടുത്തു. അവർ കെട്ടി വലിച്ചെങ്കിലും വിജയകരമായില്ല. പിന്നീട് കപ്പൽ ജീവനക്കാർ കപ്പലിന്റെ ഏറ്റവും മുന്നിൽ മുതൽ പിൻഭാഗം വരെ കടലിലേക്കുള്ള ആഴം സൗണ്ടിങ്ങ് എടുത്ത് നോക്കി. തുടർന്ന് ഏറ്റവും ആഴം കുറഞ്ഞ ഭാഗത്ത് നിന്നും എം.എൽ.ഹബീബ് എന്ന സർക്കാരിന്റെ വലിയ ബോട്ട് കെട്ടി വലിക്കുകയും അതോടൊപ്പം തന്നെ കപ്പലിന്റെ എഞ്ചിൻ പരമാവധി കൊടുക്കുകയും ചെയ്തതോടെ കപ്പൽ പാറയിൽ നിന്നും താഴേക്ക് ഇറങ്ങി.
തുടർന്ന് കപ്പലിന്റെ സുരേക്ഷാ പരിശോധന നടത്തിയ ശേഷം രാത്രി 10.45 ഓടെ പുറപ്പെട്ട കപ്പൽ ഇപ്പോൾ സുരക്ഷിതമായി കൊച്ചിയിൽ എത്തി. കപ്പൽ ജീവനക്കാരുടെയും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക