‘കറുത്തവനെന്ന് വിളിച്ചു’ ഐപിഎല്ലില്‍ കളിക്കുമ്ബോള്‍ നേരിട്ട വംശീയാധിക്ഷേപം വെളിപ്പെടുത്തി സമി

0
628

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് മുന്‍ നായകന്‍കൂടിയായ ഡാരന്‍ സമി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള സമി ഇപ്പോള്‍ ദേശീയ ടീമില്‍ സജീവമല്ലെങ്കിലും ടി20 ലീഗുകളില്‍ നിറസാന്നിധ്യമാണ്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ച സമി തനിക്ക് ഐപിഎല്ലില്‍ കളിക്കവെ നേരിടേണ്ടിവന്ന വംശീയാധിക്ഷേപത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സമിയുടെ തുറന്നുപറച്ചില്‍.ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കവെയാണ് വംശീയാധിക്ഷേപം നേരിട്ടത്. തന്നെയും ശ്രീലങ്കയുടെ തിസാര പെരേരയേയും കാലു എന്ന് കാണികള്‍ വിളിച്ചു. കാലു എന്നാല്‍ കരുത്തുറ്റവനെന്നാണ് അര്‍ത്ഥമെന്നാണ് കരുതിയിരുന്നത്.

എന്നാല്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കറുത്തവനെന്നാണെന്ന് തിരിച്ചറിഞ്ഞതോടെ ദേഷ്യം വന്നുവെന്നാണ് സമി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. സമിയുടെ പോസ്റ്റ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കളിക്കളത്തില്‍ ഇപ്പോഴും വര്‍ണവെറി നിറഞ്ഞുനില്‍ക്കുന്നുവെന്നതിന്റെ നിരവധി തെളിവുകളാണ് സമീപ കാലത്തെ താരങ്ങളുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. നേരത്തെയും വംശീയ വിധ്വേഷങ്ങള്‍ക്കെതിരേ ഐസിസിയുടെ ശ്രദ്ധ പതിയാന്‍ സമി ഇടപെടലുകള്‍ നടത്തിയിരുന്നു. 22 ഐപിഎല്ലില്‍ നിന്ന് 295 റണ്‍സും 11 വിക്കറ്റുമാണ് സമി നേടിയിട്ടുള്ളത്. കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 38 ടെസ്റ്റില്‍ നിന്ന് 1323 റണ്‍സും 84 വിക്കറ്റും 126 ഏകദിനത്തില്‍ നിന്ന് 1871 റണ്‍സും 81 വിക്കറ്റും 68 ടി20യില്‍ നിന്ന് 587 റണ്‍സും 44 വിക്കറ്റും സമി വീഴ്ത്തിയിട്ടുണ്ട്. പിഎസ്‌എല്ലില്‍ സജീവ സാന്നിധ്യമായ സമി കഴിഞ്ഞിടെ പാകിസ്താന്‍ പൗരത്വത്തിനുവേണ്ടി അപേക്ഷ നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.

അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചതിന് പിന്നാലെ നിരവധി ആളുകളാണ് നിറത്തിന്റെ പേരില്‍ പരിഹാസമേല്‍ക്കേണ്ടി വന്നത് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളടക്കം വര്‍ണവെറിക്കെതിരേ പ്രതികരിച്ച്‌ രംഗത്തുണ്ട്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം അമേരിക്കയുടെ മാത്രം പ്രശ്‌നമല്ലെന്നും അത് ലോകം മുഴവന്‍ പടരുമെന്നും നേരത്തെ സമി വ്യക്തമാക്കിയിരുന്നു. വിവേചനത്തിനെതിരേ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സമി ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റിനെ അപേക്ഷിച്ച്‌ ഫുട്‌ബോളില്‍ വംശീയാധിക്ഷേപങ്ങള്‍ കൂടുതലാണ്. ബലോട്ടലി, പോള്‍ പോഗ്ബ, റോമലു ലുക്കാക്കു, കൗലീബലി, റഹീം സ്‌റ്റെര്‍ലിങ്, മെസ്യൂട്ട് ഓസില്‍, നെയ്മര്‍ തുടങ്ങിയവര്‍ക്കെല്ലാം വംശീയാധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. നിറത്തിന്റെ പേരിലടക്കമുള്ള വംശീയാധിക്ഷേപങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിയമമുണ്ടെങ്കിലും ലോകത്തിലെ വര്‍ണവെറിക്ക് ഇതുവരെയായും അന്ത്യമായിട്ടില്ലെന്നതാണ് വാസ്തവം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here