ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തീർഥാടക ലക്ഷങ്ങൾ തമ്പുകളുടെ നഗരമായ മിനായിലേക്ക് ഒഴുകുകയാണ്. 10 ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും ഇന്നലെ രാത്രിയോടെ മിനായിലെത്തി.
അല്ലാഹുവേ, നിൻറെ വിളിക്ക് ഞാൻ ഉത്തരം ചെയ്യുന്നു എന്നർത്ഥം വരുന്ന തൽബിയത് ചൊല്ലിക്കൊണ്ട് തീർഥാടക ലക്ഷങ്ങൾ മിനായിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് പത്തു ലക്ഷത്തോളം വരുന്ന തീർഥാടകർ ഇന്ന് മിനായിൽ തംപടിക്കും. ഇന്നലെയാണ് തീർഥാടകർ മിനായിലേക്ക് നീങ്ങിത്തുടങ്ങിയത്. ഹജ്ജ് സർവീസ് ഏജൻസി ഒരുക്കിയ ബസുകളിലാണ് തീർഥാടകർ മക്കയിലെ താമസ സ്ഥലത്തു നിന്നും മിനായിലെത്തിയത്.
ഇന്ത്യയിൽ നിന്നുള്ള 79,000 ത്തോളം വരുന്ന തീർഥാടകരിൽ ഭൂരിഭാഗവും ഇന്നലെ രാത്രി തന്നെ മിനായിലെത്തി. ഇന്ന് ഉച്ച മുതൽ മിനായിൽ താമസിക്കുന്നതോടെയാണ് ഹജ്ജ് കർമങ്ങൾ ആരംഭിക്കുന്നത്. ഇനിയുള്ള 6 ദിവസം തീർഥാടകർക്ക് പ്രതീകാത്മക ചടങ്ങുകളുടെയും പ്രാർഥനകളുടെയും ദിനങ്ങളാണ്. നാളെയാണ് അറഫാ സംഗമം. എട്ടര ലക്ഷം വിദേശ തീർഥാടകരും ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകരുമാണ് ഹജ്ജ് നിർവഹിക്കുന്നത്. കൊവിഡ് കാരണം രണ്ട് വർഷത്തിന് ശേഷമാണ് വിദേശ തീർഥാടകർ ഹജ്ജിനെത്തുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക