ഹക്കീം സഖാഫിയുടെ ഹൃദയസ്പർശിയായ വിവരണത്തിന്റെ പൂർണ്ണരൂപം താഴെ ചേർക്കുന്നു.
ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ കഴിഞ്ഞ ദിവസം ഹാജിമാർക്ക് യാത്രയയപ്പ് നൽകുന്നതിനായി സ്ഥലത്തെ വാർഫിൽ ഒരുമിച്ച് കൂടിയ നൂറുക്കണക്കിനാളുകൾ ദു:ഖവും സന്തോഷവും ഒരുമിച്ചനുഭവിക്കുകയായിരുന്നു. ചിരിച്ച് നിന്ന പലരുടെയും മുഖത്ത് പൊടുന്നനെ പ്രത്യക്ഷപ്പെട്ടത് ദുഖ: ത്തിന്റെ നേർസാക്ഷ്യങ്ങൾ
ആന്ത്രോത്ത് ദ്വീപിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് നൽകിയ വമ്പൻ സ്വീകരണ സദസ്സായിരുന്നു വേദി. കൈ പിടിക്കലും കെട്ടിപ്പുണരലും ദുആ വസിയ്യത്ത് ചെയ്യലും സന്തോഷം പങ്കിടലും വേദനകൾ പങ്ക് വെക്കലും തകൃതിയായി നടക്കുന്നു. അന്ന് വരെ മിണ്ടാതിരുന്നവർ പോലും മുത്ത് നബിയുടെ ചാരത്തേക്ക് കാലെടുത്ത് വെക്കുന്നവരെ സ്നേഹവായ്പ്പുകൾ കൊണ്ട് വീർപ്പ് മുട്ടിച്ചു.
നേതാക്കൾക്ക് പ്രത്യേകം ഒരുക്കിയ പന്തലിൽ ഹംസക്കോയ ഫൈസി, മുസ്തഫ സഖാഫി, സ്ഥലത്തെ സബ് ഡിവിഷണൽ ഓഫീസർ തുടങ്ങി നേതാക്കളുടെ നീണ്ട നിര. പ്രാർത്ഥനക്കുള്ള സമയമായി. സൂറത്തുൽ ഫാതിഹയും ഇഖ്ലാസും മുഅവ്വിദതൈനിയും ഓതി മുസ്തഫ സഖാഫി പ്രാർത്ഥനക്കായി മൈക്ക് തൊട്ടടുത്തിരിക്കുന്ന ഹംസക്കോയ ഫൈസി ഉസ്താദിന് കൈമാറി. സൗഹൃദത്തിന്റെ മതിൽ കെട്ട് തീർത്ത് ആരംഭം കുറിച്ച ആ പ്രാർത്ഥനക്ക് വിശ്വാസികൾ കണ്ഡമിടറി ആമീൻ പറഞ്ഞു. അറബിയിലെ പ്രാർത്ഥനക്ക് ശേഷം അത് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. രണ്ടാഴ്ചയിലേറെയായി ഇവിടുന്ന് ചെറുവള്ളത്തിൽ മീൻ പിടിക്കാനിറങ്ങി ഇത് വരെ തിരിച്ചെത്താത്ത ആ നാല് സഹോദരങ്ങൾ ആ പ്രാർത്ഥനയിൽ കടന്ന് വന്നപ്പോൾ അത് വരെ അനുഭവിച്ച എല്ലാ സന്തോഷവും ചോർന്നൊലിച്ച പോലെ. ആമീനിന്റെ നേർത്ത ശബ്ദങ്ങൾ ഒരു വേള അട്ടഹാസ രൂപം പൂണ്ടു. മലർത്തി പിടിച്ച കരങ്ങൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ചാണ് പിന്നീട് വിശ്വാസികൾ ആമീൻ പറഞ്ഞത്
അതെ !… ഈ ദ്വീപ് ഇപ്പഴും ആ സഹോദരങ്ങൾക്ക് വേണ്ടി തേങ്ങുകയാണ്. ജീവനോടെയുള്ള അവരുടെ തിരിച്ച് വരവ് കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് വെറുതായാവാതിരിക്കനാവണം ഇനിയുള്ള പ്രാർത്ഥനകൾ. അല്ലാഹുവേ! അവരുടെ ഓരോ ചലനങ്ങളും ഇപ്പോഴും നീ കണ്ടു കൊണ്ടിരിക്കുന്നു. നാഥാ. ഉടനെ നീ അവരെ ഞങ്ങളിലേക്കെത്തിക്കണേ അല്ലാഹ്. വികൃതമാക്കപ്പെട്ട നിലയിൽ അവരെ കാണാനുള്ള ശേഷി ഞങ്ങൾക്കില്ലെന്ന് നിനക്ക് നന്നായറിയാം. അല്ലാഹുവേ. ഞങ്ങളുടെ കാതുകൾക്ക് സന്തോഷമേകുന്ന വാർത്തകൾ നീ കേൾപ്പിക്കണേ റഹ്മാനേ!.. ഒന്ന് കൂടി വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന വസിയ്യത്തോടെ…
-അബ്ദുൽ ഹക്കീം സഖാഫി ആന്ത്രോത്ത്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക