ഹൈദരാബാദ്: ലെവിസിന്റെയും ഹെറ്റ്മയറിന്റെയും പൊള്ളാഡിന്റെയും വെടിക്കെട്ട് ഇന്നിങ്സിൽ കൂറ്റൻ സ്കോർ പടുത്തുയർത്തിയ വെസ്റ്റ് ഇൻഡീസ് ഇത്തരത്തിലൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നു കാണില്ല. മറുപടി ബാറ്റിങ്ങിൽ എട്ട് റൺസുമായി വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ മടങ്ങുമ്പോൾ ഇന്ത്യയും ഒരു തകർച്ച മുന്നിൽ കണ്ടു. എന്നാൽ ഏതു നിർണായക ഘട്ടത്തിൽ നിന്നും ടീമിന് ജയമൊരുക്കാൻ കഴിയുന്ന നായകനെ കൂട്ടുപിടിച്ച് കെ.എൽ.രാഹുൽ തുടങ്ങിവച്ച ഇന്നിങ്സ് അതേ നായകൻ വിജയത്തിൽ അവസാനിപ്പിച്ചു. ഹൈദരാബാദിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. 8 പന്ത് ഇന്ത്യൻ ഇന്നിങ്സിൽ ബാക്കിവച്ചാണ് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം കോഹ്‌ലി മറികടന്നത്.
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയുടെ തുടക്കം സാവധാനമായിരുന്നു. ടീം സ്കോർ 30ൽ നിൽക്കെ രോഹിത് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കെ.എൽ.രാഹുൽ – വിരാട് കോഹ്‌ലി സഖ്യം ഇന്ത്യൻ ഇന്നിങ്സിനു വീണ്ടും ജീവൻ നൽകി. മത്സരത്തിൽ പതിയെ താളം കണ്ടെത്തിയ കൂട്ടുകെട്ട് സാവധാനം ആധിപത്യവും ഏറ്റെടുത്തു. 40 പന്തിൽ അഞ്ചു ഫോറും നാലു സിക്സും ഉൾപ്പടെ 62 റൺസ് നേടിയ രാഹുലിനെ പുറത്താക്കിയ ഖ്യാരി ഒരിക്കൽ കൂടി ഇന്ത്യയുടെ അന്തകനാകുമെന്ന് തോന്നിച്ചു. നേരത്തെ രോഹിത്തിനെ പുറത്താക്കിയതും ഖ്യാരിയായിരുന്നു.
എന്നാൽ ക്രീസിൽ സംഹാരതാണ്ഡവമാടാനായിരുന്നു വിരാട് കോഹ്‌ലിയുടെ തീരുമാനം. നായകൻ പൊള്ളാഡ് ഉൾപ്പടെ വിൻഡീസ് ബോളർമാരെല്ലം കോഹ്‌ലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. പറന്നും ഉരുണ്ടുമായി 12 തവണ കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പന്ത് ബൗണ്ടറി കടന്നു. 50 പന്തിൽ നിന്ന് 94 റൺസാണ് കോഹ്‌ലി അടിച്ചെടുത്തത്. പന്തിനും അയ്യർക്കും ദുബെയ്ക്കുമെല്ലാം നായകന്റെ പോരാട്ടത്തിന് സാക്ഷിയാകേണ്ടിയെ വന്നുള്ളു.
നേരത്തെ ഇന്ത്യയ്ക്കെതിരെ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് കരീബിയൻ പട അടിച്ചെടുത്തത്. വെടിക്കെട്ട് പ്രകടനവുമായി ക്രീസിലെത്തിയ എവിൻ ലെവിസും ഷിമ്രോൺ ഹെറ്റ്മയറും നായകൻ കിറോൺ പൊള്ളാർഡുമെല്ലാം ഇന്ത്യൻ താരങ്ങളെ ഞെട്ടിച്ചു. ഹെറ്റ്മയർ അർധ സെഞ്ചുറിയും തികച്ച ശേഷമാണ് കൂടാരം കയറിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ആദ്യാവസാനം തകർത്തടിച്ചു. ആദ്യ ഓവറിൽ തന്നെ ഒരു സിക്സുൾപ്പടെ 13 റൺസെടുത്ത വിൻഡീസിനെ ഞെട്ടിച്ചു അടുത്ത ഓവറിൽ ദീപക് ചാഹർ ലെൻഡി സിമ്മൻസിനെ പുറത്താക്കി. എന്നാൽ വിൻഡീസിനെ പിടിച്ചുകെട്ടാൻ അവിടംകൊണ്ട് ഇന്ത്യയ്ക്കായില്ല. ലെവിസും ബ്രെണ്ടൻ കിങ്ങും തകർത്തടിച്ചു. 17 പന്തിൽ 40 റൺസ് നേടിയ ലെവിസിനെ പുറത്താക്കി വാഷിങ്ടൺ ഇന്ത്യയ്ക്കൊരു ബ്രേക്ക്ത്രൂ നൽകിയെങ്കിലും കിങ്ങിനൊപ്പം ചേർന്ന് ഹെറ്റ്മയർ തകർത്തടിക്കാൻ തുടങ്ങി.
പത്താം ഓവറിൽ തന്നെ ടീം സ്കോർ സെഞ്ചുറി കടത്താൻ വിൻഡീസ് താരങ്ങൾക്കായി. പിന്നാലെ കിങ് മടങ്ങിയതോടെ ഹെറ്റ്മയറിന് കൂട്ടായി നായകനെത്തി. 41 പന്തിൽ 56 റൺസെടുത്ത ഹെറ്റ്മയറെയും 19 പന്തിൽ 37 റൺസ് നേടിയ കിറോൺ പൊള്ളാർഡിനെയും ഒരു ഓവറിൽ ഒന്ന് ഇടവിട്ട പന്തുകളിൽ ചാഹൽ മടക്കിയെങ്കിലും വിൻഡീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. ആറാമനായി ക്രീസിലെത്തിയ ജേസൺ ഹോൾഡറും ഏഴമനായി എത്തിയ ദിനേശ് രാംദിനുമെല്ലാം വെടിക്കെട്ട് ബാറ്റിങ് തുടർന്നു.
ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജയ്ക്ക് മാത്രമാണ് ഭേദപ്പെട്ട ബോളിങ് പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. ബാക്കിയുള്ള താരങ്ങളെല്ലാം കരീബിയൻ കാറ്റിന്റെ വേഗത നന്നായി അറിഞ്ഞു. ഇന്ത്യയ്ക്കുവേണ്ടി യുസ്‌വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക