കവരത്തി: (www.dweepmalayali.com) ലക്ഷദ്വീപിന്റെ ഔദ്യോഗിക സംഗീതം ശ്രീ. എം.ജയചന്ദ്രിൽ നിന്ന് മാസ്റ്റർ സി.ഡി ഏറ്റുവാങ്ങിക്കൊണ്ട് ബഹു: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഔദ്യോഗികമായി പ്രകാശനം ചെയ്തു. തെന്നിന്ത്യയിലെ പ്രമുഖ സംഗീത സംവിധായകൻ എം.ജയചന്ദ്രനാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാ മേഖലകളിലും മുമ്പിൽ നിൽക്കുന്ന ലക്ഷദ്വീപ് സംഗീതത്തിൽ ശാസ്ത്രീയമായി പിന്നിലാണെന്ന് മനസ്സിലാക്കിയപ്പോൾ അതിന് ഒരു മാറ്റം വേണമെന്ന ആഗ്രഹത്തോടെയാണ് ഇങ്ങനെയൊരു ഉദ്യമത്തിന് മുൻകൈയെടുത്തതെന്ന് ബഹു.അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാൻ പറഞ്ഞു. ഇനി ലക്ഷദ്വീപിലെ ഗായകർ ലോകത്തിന് മുന്നിൽ അഭിമാനത്തോടേ തലയുയർത്തി നിൽക്കണം. ഇപ്പോൾ പ്രകാശനം ചെയ്ത ലക്ഷദ്വീപിന്റെ ഔദ്യോഗിക സംഗീതം ലക്ഷദ്വീപ് ഉള്ളിടത്തോളം കാലം നിലനിൽക്കണം. വരും തലമുറ നമ്മളെയോർത്ത് അഭിമാനിക്കണം. അദ്ദേഹം പറഞ്ഞു. സംഗീത മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ എം.ജയചന്ദ്രനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ. ഫാറൂഖ് ഖാൻ പൊന്നാടയണിയിച്ച് ആദരിച്ചു.
ഔദ്യോഗിക സംഗീതത്തിൽ ദ്വീപുകാരായ പ്രശസ്ത കവികൾ എഴുതിയ വരികൾക്ക് എം.ജയചന്ദ്രൻ ഈണം നൽകിയിരിക്കുന്നു. ലക്ഷദ്വീപ് വഖഫ് ബോർഡ് ചെയർമാൻ കൂടിയായ പ്രമുഖ എഴുത്തുകാരൻ യു.സി.കെ തങ്ങളുടെ ബിളുത്ത മണ്ണ്…ശിരിച്ച് ബിളങ്കും നാട്…അശകേറും ലക്ഷദ്വീപ്… നങ്ങള നാട്… എന്ന് തുടങ്ങുന്ന വരികൾ എം.ജയചന്ദ്രനോടൊപ്പം പ്രശസ്ത പിന്നണി ഗായകൻ വിജയ് യേശുദാസും ചേർന്ന് ആലപിച്ചിരിക്കുന്നു. യു.സി.കെ തങ്ങളെ കൂടാതെ പി.ഐ.കുഞ്ഞിക്കോയ രചിച്ച ഒരു മനോഹര ഗാനം കൂടി ലക്ഷദ്വീപ് ഔദ്യോഗിക സംഗീതത്തിൽ ഇടംപിടിച്ചിരിക്കുന്നു. മിനിക്കോയ് ദ്വീപിലെ പ്രമുഖ കവിയും സാമൂഹിക പ്രവർത്തകനുമായ കെ.ജി.മുഹമ്മദ് രചിച്ച മഹൽ ഗാനം വേദിയിൽ എം.ജയചന്ദ്രൻ ആലപിച്ചപ്പോൾ ദ്വീപുജനത ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. മഹൽ ഭാഷയുടെ ഓരോ ഉച്ചാരണവും കവി കെ.ജി.മുഹമ്മദ് തന്നെ പഠിപ്പിക്കുകയായിരുന്നു എന്ന് ശ്രീ.ജയചന്ദ്രൻ പറഞ്ഞു.
ജയചന്ദ്രൻ, വിജയ് യേശുദാസ് എന്നിവർക്ക് പുറമെ മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരായ അജയ് ഗോപാൽ, നിഖിൽ രാജ്, സിത്താര, മൃതുല വാര്യർ, ബേബി ശ്രേയ തുടങ്ങിവരും ലക്ഷദ്വീപ് ഔദ്യോഗിക ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ഔദ്യോഗിക സംഗീതം പ്രകാശനം ചെയ്ത കവരത്തി പഞ്ചായത്ത് സ്റ്റേജിലെ വേദിയിലും ഗായകർ മമനോഹരമായ ഗാനങ്ങൾ ആലപിച്ചു. അമിനി ദ്വീപിൽ നിന്നുള്ള സലിം ശാണത്തബേലി ലക്ഷദ്വീപ് ഔദ്യോഗിക സംഗീതത്തിൽ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു. ഹൃദയം കൊണ്ട് പാടുന്ന സലീമിനെ പോലെയുള്ള ഒരുപാട് ഗായകർ ലക്ഷദ്വീപിൽ ഉണ്ട്. അവരെയൊക്കെയും മുന്നിര ഗായകരാക്കി മാറ്റണമെന്ന് ശ്രീ.ജയചന്ദ്രൻ പറഞ്ഞു. അവർക്കെല്ലാവർക്കും നല്ല ഗാനങ്ങൾ അപലപിക്കാനുളള അവസരങ്ങൾ ഉണ്ടാവണം. സലിം അവർക്ക് പ്രചോദനമാവണം. അതിനുള്ള ഒരു തുക്കമാവട്ടെ ഈ സംരംഭം എന്ന് അദ്ദേഹം ആശംസിച്ചു. ലക്ഷദ്വീപിലെ സംഗീതം ലോകനിലവാരത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് മേലിലും എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പ് നൽകി.
ലക്ഷദ്വീപ് കലാ സാംസ്കാരിക വകുപ്പിന് കീഴിൽ ലക്ഷദ്വീപ് കലാ അക്കാദമി സംഘടിപ്പിച്ച ലക്ഷദ്വീപ് ഔദ്യോഗിക സംഗീതത്തിന്റെ പ്രകാശനവും, തുടർന്ന് നടന്ന സംഗീത സന്ധ്യയും ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്ത്. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പി.സി.സി ശ്രീ.ഹസൻ ബൊടുമുക്ക ഗോത്തി, കലാ അക്കാദമി സെക്രട്ടറി എ.ഹംസ, യു.സി.കെ തങ്ങൾ, കെ.ജി.മുഹമ്മദ്, മറ്റ് വകുപ്പ് തലവന്മാർ പങ്കെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി ലക്ഷദ്വീപ് കലാ അക്കാദമിക്ക് കീഴിൽ സംഘടിപ്പിച്ച വിവിധ കലാപരിപാടികൾ വമ്പിച്ച വിജയമാക്കി തന്ന എല്ലാ കലാ സ്നേഹികൾക്കും ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രോഗ്രാം കോ-ഓർഡിനേറ്റർ യാസർ.കെ.എം ദ്വീപ് മലയാളിയോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക