ബഹിരാകാശ ഉപഗ്രഹങ്ങളിൽ ഉപയോഗിക്കാനുള്ള അറ്റോമിക്ക് ക്ലോക്ക് ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്തു. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്‍ററാണ് ക്ലോക്ക് വികസിപ്പിച്ചത്. അറ്റോമിക്ക് ക്ലോക്ക് വിജയകരമായി വികസിപ്പിച്ചതിലൂടെ ബഹിരാകാശ ഉപഗ്രഹ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഉന്നത സാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമായുള്ള ലോകത്തെ ചുരുക്കം ബഹിരാകാശ സംഘടനകളുടെ പട്ടികയില്‍ ഐഎസ്ആര്‍ഒ ഇടം നേടുകയാണ്.
പുതിയ തലമുറയിലെ ഉപഗ്രഹങ്ങളുടെ ഗതിനിര്‍ണയിക്കുന്നതിനുള്ള അറ്റോമിക്ക് ക്ലോക്ക് സാങ്കേതിക വിദ്യയാണ് ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ യൂറോപ്യന്‍ കമ്പനിയായ ആസ്ട്രിയം ആയിരുന്നു ഇന്ത്യക്കുവേണ്ടി അറ്റോമിക്ക് ക്ലോക്കുകള്‍ നിർമിച്ച നൽകിയിരുന്നത്. ഇസ്രോ സ്വന്തമായി നിർമിച്ച ആറ്റോമിക് ക്ലോക്കിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഇപ്പോള്‍ ഇതിന്‍റെ കാര്യക്ഷമത സംബന്ധിച്ച് ചില അവസാനവട്ട പരീക്ഷണങ്ങൾ നടത്തുകയാണെന്നും സ്‌പേസ് ആപ്ലിക്കേഷന്‍ സെന്‍റര്‍ ഡയറക്റ്റര്‍ തപന്‍ മിശ്ര അറിയിച്ചു. പരീക്ഷണം വിജയകരമായാല്‍ ക്ലോക്ക് ഇന്ത്യയുടെ തുടർന്നുള്ള ഉപഗ്രഹത്തില്‍ പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലെറ്റ് സിസ്റ്റത്തിന്‍റെ ഭാഗമായി ഇന്ത്യ അയച്ച 7 ഉപഗ്രഹങ്ങളിലും ഇറക്കുമതി ചെയ്ത റുബീഡിയം ആറ്റോമിക് ക്ലോക്കുകളാണ് ഉപയോഗിച്ചിരുന്നത്. സ്വന്തം രൂപകല്‍പനയിലാണ് ഐഎസ്ആര്‍ഒ അറ്റോമിക് ക്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത അറ്റോമിക് ക്ലോക്കിനെക്കാളും മികച്ചതായിരിക്കും ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പുതിയ അറ്റോമിക് ക്ലോക്ക് എന്ന് ശാസ്ത്രഞ്ജർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക