ബംഗളൂരു: പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ താൻ പ്രധാനമന്ത്രിയാകുമെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി താൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി പദം അലങ്കരിക്കാനുള്ള താൽപര്യം രാഹുൽ പരസ്യമാക്കുന്നത്.കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിലെ ബർക്കേലി സർവകലാശാലയിൽ വിദ്യാർത്ഥികളോട് സംവദിക്കവേയാണ് രാഹുൽ പ്രധാനമന്ത്രി പദത്തിലേറാൻ പൂർണ സമ്മതമെന്ന് അറിയിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രാഹുൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. എയർപ്ലെയ്ൻ മോദിലിടുന്ന മൊബൈൽ ഫോൺപോലെയാണ് മോദിയെന്ന് രാഹുൽ പരിഹസിച്ചു. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായേയും ബി.എസ്.യദ്യൂരപ്പയേയും കടന്നാക്രമിക്കാനും രാഹുൽ മറന്നില്ല.
കൊലക്കേസിൽ ആരോപണവിധേയനായ അമിത് ഷായാണ് ദേശീയ പാർട്ടിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ നയിക്കുന്നത്. ബിജെപി സത്യസന്ധതയും ഔചിത്യവുമെല്ലാം പ്രസംഗിക്കുമ്പോഴും പാർട്ടിയെ നയിക്കുന്നതുകൊലകേസിൽ കുറ്റാരോപിതനായ അമിത് ഷാ ആണ്. ജസ്റ്റിസ് ലോയ കേസിൽ സുപ്രീംകോടതി പരാമർശിച്ച അമിത് ഷായുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.
അമിത് ഷായുടെ പശ്ചാത്തലവും അദ്ദേഹം രാഷ്ട്രീയത്തിലൂടെ എന്താണ് ചെയ്തതെന്നും നോക്കൂ. കൊലപാതക കേസിൽ ആരോപണ വിധേയനാണെന്നതും മറക്കരുതെന്നും രാഹുൽ ആഞ്ഞടിച്ചു. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദ്ദേശം ചെയ്തിരിക്കുന്നത് അഴിമതിക്ക് ജയിലിൽ കഴിഞ്ഞ ബി.എസ് യെദ്യൂരപ്പയെ ആണ്. തട്ടിപ്പുകാരായ എട്ടു റെഢ്ഡി സഹോദരന്മാർക്കാണ് ബിജെപി ടിക്കറ്റ് നൽകിയിരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക