തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. ഇക്കാര്യം രാഹുല്‍ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ച് അറിയിച്ചത്.
ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണു കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കനത്ത തോല്‍വിയുടെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെയെന്ന പോലെ കെപിസിസി അധ്യക്ഷനെയും മാറ്റണമെന്നും ശക്തനായ നേതാവിനെ പരിഗണിക്കണമെന്നുള്ള വികാരം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സുധാകരന്‍ പ്രസിഡന്റ് പദത്തിലെത്തുന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് ഇപ്പോള്‍ കെ സുധാകരനെ കെപിസിസി നേതൃ സ്ഥാനത്തേക്ക് നിയമിക്കുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മറികടന്നാണ് സുധാകരനെ കേന്ദ്ര നേതൃത്വം നിയോഗിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് സജീവമായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഭൂരിഭാഗം നേതാക്കളും കെ.സുധാകരനെയാണ് അനുകൂലിച്ചത്.
തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ, മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നതായും അത് ആരുടെയും തലയില്‍ കെട്ടിവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് പദം ഒഴിയാന്‍ സന്നദ്ധനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. ബദല്‍ സംവിധാനത്തിനായി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവരെ കെയര്‍ ടേക്കര്‍ അധ്യക്ഷന്‍ എന്ന നിലയില്‍ തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്ന കെ സുധാകരന്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കടുത്ത വിമര്‍ശമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ത്തിയത്. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വീതംവയ്പാണമെന്ന ആരോപണമുയര്‍ത്തിയ സുധാകരന്‍ വര്‍ക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി ആവശ്യമില്ലെന്നും ഇപ്പോള്‍ രാജിവയ്ക്കാത്തതു തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേല്‍ക്കാന്‍ കാരണക്കാരനാകരുത് എന്നു കരുതിയാണ് എന്നും ആ ഘട്ടത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നേതൃത്വത്തിനെതിരെ ഒന്നും പ്രതികരിച്ചിട്ടില്ലെന്നു മാത്രമല്ല, നേതൃമാറ്റം ധൃതിപിടിച്ച് വേണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. “ആടിയുലയുന്ന കടല്‍ തിരകളിലും ആഞ്ഞുവീശുന്ന കൊടുങ്കാറ്റിലും തിമിര്‍ത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തും വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. കാലം കരുതിവച്ച പുത്തന്‍ തളിരുകള്‍ നെഞ്ചിലേറ്റി കോണ്‍ഗ്രസ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും.”എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
2018മുതല്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കെ സുധാകരന്‍. 1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്‍്റായി പ്രവര്‍ത്തിക്കവേ ജില്ലയില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റമുണ്ടാക്കാന്‍ സുധാകരന് കഴിഞ്ഞിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസിനെ രീതിയില്‍ കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതില്‍ തുടക്കമിട്ടത് കെ സുധാകരന്‍ ഡിസിസി പ്രസിഡന്‍റ് ആയിരുന്ന വേളയിലാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക