റിപ്പോർട്ട്: തംജീ ആന്ത്രോത്ത്
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ലക്ഷദ്വീപിലെയും ആന്തമാൻ നിക്കോബാറിലെയും ഓരോ ദ്വീപുകളിലെങ്കിലും സമ്പൂർണ്ണ വികസം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ട നടപടികൾ എടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. ലക്ഷദ്വീപിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതി പ്രായോഗിക തലത്തിൽ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ പുതിയ മാർഗനിർദേശങ്ങൾ രൂപീകരിച്ചു കഴിഞ്ഞു. വലിയ സംഖ്യ ശമ്പളം വാഗ്ദാനം ചെയ്തിട്ടും ലക്ഷദ്വീപിലെ ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിക്കുന്നതിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ തയ്യാറാവുന്നില്ല. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒരുപാട് തസ്തികകൾ ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടി പ്രത്യേക നിയമ ഭേദഗതി കൊണ്ടു വരണമെന്ന് ലക്ഷദ്വീപ് സന്ദർശിച്ച പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിൽ സേവനത്തിനു തയ്യാറാവുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്റെ ഈ തീരുമാനത്തെ പാർലമെന്ററി കമ്മിറ്റി അഭിനന്ദിച്ചു. സർക്കാർ ഡോക്ടർമാരെ ലക്ഷദ്വീപിലും ആന്തമാനിലും നിർബന്ധിത പോസ്റ്റിങ്ങ് നടത്തുന്നതിന് വേണ്ട നിയമ ഭേദഗതി കൊണ്ടു വരണമെന്ന് പാർലമെന്ററി കമ്മിറ്റി കേന്ദ്ര ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. അടിയന്തിരമായി മറുപടി അറിയിക്കണം എന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച നിർദേശം.
ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിന് പുറമെ, ഇന്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ രാത്രിയിലും ഹെലികോപ്റ്റർ സേവനം ഉറപ്പുവരുത്തുക, ജലവിമാന സേവനം തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ അടിയന്തിരമായി നീക്കിക്കൊടുക്കുക തുടങ്ങിയവയും പാർലമെന്ററി കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നു.
മാലിദ്വീപ്, മൗറീഷ്യസ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് സമാനമായി വികസിപ്പിക്കുന്നതിന് ലക്ഷദ്വീപിലെയും ആന്തമാൻ നിക്കോബാറിലെയും 26 തിരഞ്ഞെടുക്കപ്പെട്ട ദ്വീപുകളിൽ നീതി ആയോഗിന്റെ നേതൃത്വത്തിലുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഇതിൽ രണ്ടു ദ്വീപുകളിലെ പ്രവർത്തനങ്ങൾ എങ്കിലും വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നീതി ആയോഗിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലക്ഷദ്വീപിലെയും ആന്തമാൻ നിക്കോബാറിലെയും ഓരോ ദ്വീപുകൾ എങ്കിലും മാലിദ്വീപ്, മൗറീഷ്യസ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി കിടപിടികുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാനാണ് മോദിയുടെ നിർദേശം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക