കവരത്തി: ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ ദേശീയ പോഷകാഹര മാസം കൊണ്ടാടുന്നതിന്റെ ഭാഗമായുള്ള ദ്വീപു തല ആഘോഷ പരിപാടികൾക്ക് തലസ്ഥാന ദ്വീപായ കവരത്തിയിൽ തുടക്കമായി. ലക്ഷദ്വീപ് വനിതാ ശിശുക്ഷേമ വകുപ്പ് ടൂറിസ്റ്റ് ഹട്ടിൽ സംഘടിപ്പിച്ച ‘പോഷൻ അഭ്യാൻ’ സ്കീമിന്റെ കിറ്റ് വിതരണ പരിപാടി ശ്രി.മുഹമ്മദ് ഫൈസൽ എം.പി, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്‌ടാവ് ശ്രി.വിവേക് പാണ്ഡെ ഐ.എ.എസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കുട്ടികളും,അമ്മമാരും ഒരുപോലെ ആരോഗ്യകരമായ സാഹചര്യത്തിൽ ഉയർന്നാൽ മാത്രമേ സമുഹത്തിന്റെ യഥാത്ഥ ഉന്നമനം സാദ്ധ്യമാവുകയുള്ളൂ എന്ന് ശ്രി.മുഹമ്മദ് ഫൈസൽ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ ഇത്തരം ജനകീയ പദ്ധതികൾ താഴെ തട്ടിൽ എത്തിച്ചു കൊണ്ടിരിക്കുന്ന ദീർഘകാല പരിചയസമ്പന്നരായ ആശാ പ്രവർത്തകരുടെ ജീവിത നിലവാരം കൂടി ഇതിനോടൊപ്പം മെച്ചപ്പെടുത്തേണ്ട ഉത്തരവാദിത്ത്വവും വകുപ്പുതലത്തിൽ ഉണ്ടാകണമെന്ന് വനിതാ ശിശുക്ഷേ വകുപ്പ് സെക്രട്ടറിയുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് എം.പി സദസ്സിൽ ആവശ്യപ്പെട്ടു. ദേശീയതലത്തിൽ നടത്തപ്പെടുന്ന ഇത്തരം ജനോപകാരപ്രദമായ പദ്ധതികൾ കുടുതൽ ജനകീയമാക്കണമെന്നും നിർഭാഗ്യവശാൽ പോഷകാഹാര കുറവിന്റെ കാര്യത്തിൽ ഇന്നും നമ്മുടെ രാഷ്ട്രത്തിന്റെ കണക്കുകൾ ദുഖിപ്പിക്കുന്നതാണെന്നും ശ്രി.വിവേക് പാണ്ഡെ ഐ.എ.എസ് പറഞ്ഞു. ദ്വീപുകാർ ഭക്ഷണം കഴിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണെന്നും പക്ഷെ എന്താണ് ശരീരത്തിന് ആവ്ശ്യമായവ എന്ന് തിരിച്ചറിയാൻ ശ്രമിക്കാത്തതായി കാണാറുണ്ടെന്നും ഇത്തരുണത്തിൽ പോഷകാഹാര ഭക്ഷണങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പ് ജനങ്ങളിൽ കുടുതൽ ബോധവൽക്കരണം നടത്തണമെന്നും ചീഫ് കൗൺസിലർ ശ്രി.ബി.ഹസ്സൻ ഓർമിപ്പിച്ചു. കവരത്തി ചയർപേഴ്സൺ ടി അബ്ദുൽ ഖാദർ, സെക്രട്ടറി എ.ഹംസ, മന്ത്രാലയത്തിൽ നിന്നുള്ള അണ്ടർ സെക്രട്ടറി ഉദയ് ശങ്കർ മെഹ്ത്ത, ഡയരക്ടർ ടി.കാസിം എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലക്ഷദ്വീപ് വനിതാ ശിഷു ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സപ്റ്റംബർ മാസം മുഴുവൻ നീണ്ടു നിൽക്കുന്ന ദ്വീപ് തല പരിപാടികൾക്കാണ് കവരത്തിയിൽ തുടക്കമായത്. ഇതിൽ പ്രത്യേകമായും ഗ്രാമസഭ സംഘടിപ്പിക്കൽ, ബോധവൽക്കരണ പരിപാടികൾ, തെരുവുനാടകങ്ങൾ, മെഡിക്കൽ ക്യാമ്പ്, പാചക സെമിനാറുകൾ എന്നിവ ദ്വീപുതലങ്ങളിലായി സംഘടിപ്പിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക