ന്യൂഡൽഹി: രാജസ്ഥാനിൽ ബി.ജെ.പി. ഭരണത്തിന് അവസാനമാകുമെന്നു പ്രവചനം. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോൺഗ്രസിനു മുൻതൂക്കമുണ്ടാകുമെന്നും അഭിപ്രായസർവേ വ്യക്തമാക്കുന്നു.
രാജസ്ഥാനിൽ ബി.ജെ.പി.യെ കോൺഗ്രസ് അധികാരത്തിൽനിന്നു താഴെയിറക്കുമെന്ന് രണ്ട് അഭിപ്രായവോട്ടെടുപ്പു ഫലങ്ങൾ പറയുന്നു. വാർത്താചാനലായ എ.ബി.പി. ന്യൂസും സി- വോട്ടറും ചേർന്നും സി ഫോറെ ഒറ്റയ്ക്കും നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ കോൺഗ്രസ് 50 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം.
എ.ബി.പി. ന്യൂസ്-സി വോട്ടർ പ്രവചനത്തിൽ 200 അംഗ നിയമസഭയിൽ കോൺഗ്രസ് 142 സീറ്റും സി-ഫോറെ സർവേയിൽ 124-നും 138-നും ഇടയിൽ സീറ്റും നേടുമെന്ന് പറയുന്നു.
മുഖ്യമന്ത്രി വസുന്ധര രാജെയെ പിന്തള്ളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സച്ചിൻ പൈലറ്റ് മുന്നിലെത്തും. മുഖ്യമന്ത്രി പദത്തിന് അദ്ദേഹമാണ് ഏറ്റവും അനുയോജ്യൻ.
15 വർഷമായി ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോൺഗ്രസ് മേൽക്കൈ നേടുമെന്ന് എ.ബി.പി. ന്യൂസ്-സി വോട്ടർ സർവേ പറയുന്നു.
230 അംഗ മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസ് 122 സീറ്റു നേടും. ഛത്തീസ്ഗഢിൽ 45 സീറ്റിലും വിജയിക്കും. ഛത്തീസ്ഗഢിൽ ആകെ 90 സീറ്റാണുള്ളത്. മധ്യപ്രദേശിൽ ബി.ജെ.പി. 108 സീറ്റും ഛത്തീസ്ഗഢിൽ 40 സീറ്റും സ്വന്തമാക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക