ഇന്ന് ജീലാനി ദിനം. ഗൗസുൽ അഅ്ളമിന്റെ സ്മരണയും കവരത്തി ദ്വീപിലെ ഉറൂസ് വിശേഷങ്ങളും.

0
2503
ഗൗസുൽ അഅ്ളം ശൈഖ് സയ്യിദ് സുൽത്ത്വാൻ മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(ഖ: സി)
ലേഖനം: എ.പി.സൈനുൽ ആബിദ് സഖാഫി കവരത്തി.
ചെയർമാൻ, ലക്ഷദ്വീപ് സഖാഫി ശൂറാ. 
രിശുദ്ധ ദീനുൽ ഇസ്‌ലാം ഈ ഭൂമിയിൽ കൈവരിച്ച സർവ്വാത്മനാ വളർച്ചക്ക് നിസ്തുല്യമായ പങ്ക് വഹിച്ച മഹാനാണ് ഖുത്ത്ബുൽ അഖ്താബ് ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ).
അധ്യാത്മിക ലോകത്തെ കുലപതികളായ അഖ്താബീങ്ങളുടെയല്ലാം ഖുത്ത്ബായ സൽത്വാനുൽ ആരിഫീൻ ഗൗസുൽ അഅ്ളം ഹി:47O റമളാൻ ഒന്നിനാണ് ഉദയം ചെയ്തത്. സയ്യിദുൽ വുജൂദ് അശ്റഫുൽ ഖൽഖ് തിരുനബി (സ) യുടെ ഹയാത്തുൽ മുബാറകിനു ശേഷം നാലു നൂറ്റാണ്ട് പിന്നിടുമ്പോൾ! കാലം ഒരു മുജദ്ദിദിന് വേണ്ടി കാതോർത്തു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ! തീർച്ചയായും റബ്ബിൽ നിന്നുമുള്ള വലിയൊരു അനുഗ്രഹമായിട്ടായിരുന്നു ഗൗസുൽ അഅ്ളമിന്റെ തിരുപ്പിറവി ഉണ്ടായത്.
അൽഭുതമായിരുന്നു ഈ കുഞ്ഞിന്റെ ജനനവും!?
റമളാൻ ഒന്നിനു ജന്മം കൊണ്ട ഈ അനുഗ്രഹീത ശിശു റമളാനിന്റെ പകലുകളിൽ മുലപ്പാലോ മറ്റു ഭക്ഷണ പാനീയങ്ങളോ കഴിക്കാതെ പരിശുദ്ധ റമളാനിന്റെ പവിത്രത ഉൾകൊണ്ടു കൊണ്ട് നോമ്പുകാരനായി പകൽ കഴിച്ചുകൂട്ടി.
ജനനം മുതൽ അവിടുന്ന് നാഥന് വേണ്ടി ഇബാദത്തിൽ മുഴുകുകയായിരുന്നു.!
പിതാവ് അബൂ സ്വാലിഹ്(റ)യും ഉമ്മ ഉമ്മുൽ ഖൈർ(റ) അക്ഷരാർത്ഥത്തിൽ സ്വലാഹിന്റെ(ഗുണത്തിന്റ) പിതാവും
 ഖൈറിന്റെ(നന്മയുടെ) മാതാവുമായി പരിലസിച്ചു പരിമളം പരത്തി.
“വിത്തുഗുണം പത്തു ഗുണമെന്ന” പഴമൊഴി പോലെ!?
സൂറത്തു ഇബ്റാഹീമിലെ 24,25 സുക്തങ്ങളിൽ റബ്ബ്(സു) പറഞ്ഞതു പോലെയും – !
أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ
مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي
السماء.
           تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا ۗ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ لَعَلھمْ يتذ كرون.
“ശഹാദത്ത് കലിമ സമ്പൂർണ്ണമായി
ഉൾകൊണ്ട സത്യവിശ്വാസി-
വേരുകൾ ഭൂമിയിലേക്ക് ആണ്ടിറങ്ങി ഏതു കാലാവസ്ഥയേയും അവഗണിച്ച് ഭൂമിയിൽ ഉറച്ച് നിന്ന് സ്ഥലകാല സമയ വ്യത്യാസമില്ലാതെ ഫലങ്ങൾ തന്നുകൊണ്ടിരിക്കുന്ന വൃക്ഷത്തെ പോലെ ഒരു ഘട്ടത്തിലും ഇബാദത്തിന് ഭംഗം വരുത്താതെ റബ്ബിന് വഴിപ്പെട്ടുകൊണ്ടിരിക്കുന്ന ന്നവരാണ് യഥാർത്ത വിശ്വാസി”
Advertisement
യഥാർത്ഥത്തിൽ ഈ വിശുദ്ധ വാക്യത്തിന്റെ നേർ സമർപ്പണമായിരുന്നു അബൂ സ്വാലിഹ് – ഉമ്മുൽ ഖൈർ ഫാത്തിമാദമ്പദികളുടെ ജീവിതം. നിറഞ്ഞ അധ്യാത്മിക ജീവിതത്തിന്റെ ഫലമായി ഉദയം ചെയ്ത വിശുദ്ധിയുടെ സമ്പൂർണതയായിരുന്നു അബ്ദുൽ ഖാദിറെന്ന  ഗൗസുൽ അഅ്ളമായ ഈ സുകുനം.!! ഈ ദമ്പദികളുടെ വൈവാഹികം തന്നെ സത്യത്തിന്റെ സമ്പൂർണ്ണ ധന്യതയിൽ നിന്നും ഉത്ഭവിച്ച് അത്യപൂർവ്വമായി നടന്ന
സംഭവമായിരുന്നുവല്ലോ…?! ‌രണ്ടു വിശുദ്ധരായ ദമ്പതിമാരിലൂടെ പുറത്തു വരേണ്ട വ്യക്തിയാണ് ഖുത്തുബുൽ അഖ്താബാകേണ്ട ശൈഖ് ജീലാനിയെന്ന് നാഥൻ അവന്റെ അസ് ലിയായ തീരുമാനത്തിൽ നിശ്ചയിക്കപ്പെട്ടിരുന്നതായി വേണം ഈ
 സംഭവങ്ങളെ കാണാൻ ! ദീനുൽ ഇസ്‌ലാമിന്റെ മഹത്തായ പ്രബോധന മേഖലയിൽ ഏറ്റവും വിശാലമായ ഒരു മാർഗ്ഗം കെട്ടിപ്പെടുത്ത് ഭൂഗോളത്തിന്റെ സകലമാന അതിർവരമ്പുകളെയും മറികടന്ന് ഇസ്‌ലാം ദീനിനെ വളർത്തിയെടുത്ത ശൈഖ് മുഹിയിദ്ദീൻ(റ) മനുഷ്യർക്കും ജിന്നുകൾക്കും മറ്റെല്ലാ സൃഷ്ടികൾക്കും മാർഗ്ഗദർശനം നൽകി നിലകൊണ്ടു.
  പരിശുദ്ധ ഖുർആനിന്നും നബിവചനത്തിന്റെയും സമ്പൂർണ്ണ  സാക്ഷാത്കാരമായി ജീവിതത്തെ ചിട്ടപ്പെടുത്തിയ മഹാൻ മാതാപിക്കളിൽ നിന്നും ഏറ്റവും ശക്തമായി ഉൾക്കൊണ്ടത് സത്യസന്തതയും കറപുരളാത്ത ജീവിത വിശുദ്ധിയുമാണ്. സൂഫീ പ്രപഞ്ചത്തിന്റെ സർവ്വാധിപതിയായി അല്ലാഹു മഹാനരായ ഗൗസുൽ അഅ്ളമിനെ നിയമിച്ചു. മഹാനവർകളുടെ ഗുരുപരമ്പരയിലെ മഹാജ്ഞാനിയായ സയ്യിദു ജുനൈദുൽ ബഗ്ദാദി(റ) ശൈഖ് മുഹിയിദ്ദീൻ(റ) തങ്ങളെ കുറിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പെ ഈ വസ്തുത സുവിശേഷമറിയിക്കുകയും ശൈഖ് ജീലാനിയുടെ കാലത്ത് ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരുടെ ശിഷ്യത്വത്തിൽ ഞാനും അണിചേരുമെന്ന് മഹാൻ പ്രവചിച്ചിട്ടുണ്ട്.
ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) അവരുടെ വിശ്വവിഖ്യാതമായ ഖുത്തുബിയത്തിലും ഉന്നത അധികാര പദവി ലഭിച്ച കാര്യം പ്രതിപാദിച്ചുകൊണ്ട് ഗൗസുൽ അഅ്ളം പറയുന്നതായി ഇങ്ങിനെ പറഞ്ഞു. :-
قدقلت بالا اذن من مولاك موء تمرا
        قدمي على رقبات الاولياء طرا
فكل هم قد رضوا ضعالھابشرا
“തീർച്ചയായും റബ്ബിൽ നിന്നുമുള്ള സമ്മതപ്രകാരം ഗൗസുൽ അഅ്ളം പറഞ്ഞു. ഭൂമി ലോകത്തുള്ള മുഴുവൻ ഔലിയാഇന്റെ പിരടിക്ക് മുകളിലും എന്റെ കാൽവെച്ചിരിക്കുന്നു.(അവരെല്ലാം എന്റെ കാൽച്ചുവട്ടിലാണ് )
അവരെല്ലാവരും സന്തോഷത്തോടെ അതിൽ സംതൃപ്തരാണ്”. ഇതേ പ്രകാരം ഭൂലോകത്തുള്ള മുഴുവൻ ഔലിയാക്കളും ശൈഖ് ജീലാനി(റ)ന് തല ചായ്ച്ച് കൊടുക്കുകയും അവരെല്ലാം തങ്ങളുടെ നേതൃത്വം പൂർണ്ണമായും അംഗീകരിച്ചതായും അവരുടെയെല്ലാം തലക്ക് മുകളിൽ പാതം പതിച്ചതായും ലോകപ്രസിദ്ധ മുഹിയിദ്ദീൻ മാലയിലും പ്രതിപാദിക്കുന്നതായി നമുക്ക് വായ്ക്കാൻ കഴിയും!
ബഹുമാന്യരായ ശൈഖ് മുഹിയിദ്ദീൻ( ഖ: സ)ക്ക് അല്ലാഹു നൽകിയ ബഹുമാന്യവും സ്ഥാനമഹിമയും മറ്റൊരു വലിയ്യിനും നൽകിയിട്ടില്ല.
അന്ത്യനാൾ വരെ നിലക്കാത്ത പ്രവാഹമായി സൃഷ്ടികൾ അവരുടെ സരണിയിൽ ഒഴുകിക്കൊണ്ടേയിരിക്കും .!
To advertise here, Whatsapp us.
ലക്ഷദ്വീപ് ജനത ഗൗസുൽ അഅ്ളമിൽ ഏറെ ആകൃഷ്ടരാണ്. അവരുടെ മദദ് ഏതു കാലത്തും അനുഭവിക്കുന്നവരാണ് ഞങ്ങൾ .! ഞങ്ങളുടെ പൂർവ്വികന്മാർ നടത്തി തുടങ്ങിയ അവിടത്തെ ഉറൂസ് മുബാറക്കിന് തൊള്ളായിരത്തോളം കൊല്ലത്തിന്റെ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.!
ഖാദിരിയാ ബൈഅത്തും റാത്തീബും ഇവിടെ സ്ഥാപിച്ച ഖുത്തുബുസ്സമാൻ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി(ഖു: സ) തങ്ങൾ ഇവിടെ ഉദയം ചെയ്യുന്നതിനും അറുനൂറിൽ പരം വർഷങ്ങൾക്ക് മുമ്പേ ശൈഖ് ജീലാനി തങ്ങളുടെ ഉറൂസ് മുബാറക്ക് ഇവിടെ നടക്കുന്നുണ്ട്. എന്നു മാത്രമല്ല കവരത്തിയിൽ നടക്കുന്ന ഉറൂസിന് ബഗ്ദാദിൽ നിന്നും പ്രത്യേക അനുമതി അന്നു കാലത്തു തന്നെ ലഭിച്ചിരുന്നതായും ഇവിടത്തുകാർ ആധികാരികമായന്നോണം ഉറച്ചു വിശ്വസിക്കുന്നു. ബഗ്ദാദ് ശരീഫിൽ സൂക്ഷിച്ചിരിക്കുന്ന ഉറൂസ് കഴിക്കാൻ അനുമതി നൽകിയവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തിയ റജിസ്റ്ററിൽ കവരത്തി മുഹിയിദ്ദീൻ പള്ളിയുടെ പേരും ഉള്ളതായി ദൃസാക്ഷികൾ ആരോ കണ്ടതായും പറഞ്ഞു കേൾക്കുന്നുണ്ട്. ഏതായാലും ഇവകളിൽ നിന്നുമെല്ലാം മനസ്സിലാക്കാൻ പറ്റുന്നത് ദ്വീപുകാരുടെ പൂർവ്വീക മഹത്തുക്കൾ ശൈഖ് ജീലാനി തങ്ങളെ വലിയ അളവിൽ ഉൾകൊണ്ടവരും അവരുടെ മാർഗ്ഗത്തിൽ ജീവിതം നയിച്ചവരുമായിരുന്നുവെന്നാണ്. അതുകൊണ്ടാണ് ദ്വീപു ജനതയിൽ ഏറിയ പങ്ക് ജനങ്ങളും ഖാദിരിയത്തിലും റാത്തീബിലും മുരീദുമാരാണ്.
ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും മുഹിയിദ്ദീൻ പള്ളികൾ ഉണ്ട്! മിക്കവാറും അവകളെല്ലാം കടലിനോട് വളരെ അടുത്തുമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വിശിഷ്യാ കവരത്തി, കൽപേനി, അമിനി ചെത്ത്ലാത്ത് മുതലായ പല ദ്വീപിലും മുഹിയിദ്ദീൻ പള്ളികളുടെ നിൽപ്പുകണ്ടാൽ അതിർത്തി കാവൽക്കാരായ പട്ടാളക്കാരുടെ ശൈലിയിലാണ് കാണപ്പെടുന്നത്. പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും മറ്റു വിപത്തുകളിൽ നിന്നും ഈ ദ്വീപുകൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ ഈ പള്ളികളുടെ ബറക്കത്തിനും ഖുത്തുബുൽ അഖ്ത്വാബ് തങ്ങളുടെ മദദിനും
നുസ്റത്തിനും വലിയ പങ്കുള്ളതയി സത്യവിശ്വാസികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

Advertisement
ഇന്നാണ് കവരത്തിയിലെ ഉറൂസ് മുബാറക്കിന്റെ ദിവസം.
മറ്റെല്ലാ ദ്വീപിലും റബീഉൽ ആഖിർ പതിനൊന്നിന് ഉറൂസ് നടത്തുമ്പോൾ കവരത്തിയിൽ റബീഉൽ ആഖിർ പത്തിനാണ് ശറഫാക്കപ്പെട്ട ഉറൂസ് കർമ്മം നടക്കുന്നത്. ദ്വീപിലെ ഓരോ കുഞ്ഞും ഇതിൽ ഭാഗദേയം രേഖപ്പെടുത്തിയിരിക്കും. മുഴുവൻ വീടുകളിൽ നിന്നും നേർച്ച സാധനങ്ങൾ മുഹിയിദ്ദീൻ പള്ളിയിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും.
ഗംഭീരമായ ഉറൂസ് നടത്തിപ്പിന്റെ ഖിദ്മത്തിനെത്താത്തവർ വളരെ കുറവായിരിക്കും!
ഗൗസുൽ അഅ്ളമിനു വേണ്ടി എന്തും നൽകാൻ തയ്യാറുള്ളവരാണ് ദ്വീപു ജനത. ദ്വീപിലെ ഒരു ചെറ്റക്കുടിൽ പോലും ഒഴിഞ്ഞു പോകാതെ അപ്പം ചുട്ട് ഖത്ത്മുൽ ഖുർആൻ ഓതുന്നവർക്കും ജോലി ചെയ്യുന്നവർക്കും വിതരണം ചെയ്യാൻ വേണ്ടി എല്ലാവരും കൊണ്ട് വന്ന് പള്ളിയിൽ കൊടുക്കും. പണ്ടൊക്കെ ആബാലവൃദ്ധം ജനങ്ങളും ഖത്ത്മുൽ ഖുർആനിൽ ഭാഗവാക്കാകും. ഇവിടെ നടക്കുന്ന ഉറൂസ് മുബാറക്കിന് വളരെ വലിയ പ്രത്യേകതകളും പൊലിമകളുമുണ്ട്. പക്ഷെ ദൈർഘ്യം ഭയന്ന് ചുരുക്കുകയാണ്.
  എന്നാൽ ഖേദകരമെന്ന് പറയട്ടെ, ഇന്ന് യുവ സമൂഹം പിൻതിരിഞ്ഞു കൊണ്ടിരിക്കുകയും നവ ദൃശ്യമാധ്യമങ്ങളിൽ സമയം തുലക്കുകയും ചെയ്യുന്ന കാഴ്ച വേദനാജനകം തന്നെയാണ്. ദ്വീപു ജനത മുഹിയിദ്ദീൻ ശൈഖ്(റ) തങ്ങളോട് കാണിക്കുന്ന നിസ്തുല്യമായ ബന്ധമാണ് ഇവരുടെ ഏറ്റവും വലിയ ഐശ്വര്യം. ആരുമാവട്ടെ, എത്രത്തോളവുമാവട്ടെ,
ശൈഖ് ജീലാനി(റ) തങ്ങളെ കൈയ്യൊഴിക്കാൻ പറഞ്ഞാലും ദ്വീപു സമൂഹത്തിന് അത് ചെവി കൊള്ളാൻ സാധ്യമേ അല്ല.
ദ്വീപ് മക്കളുടെ ആ സ്വഭാവം റബ്ബ് തആലാ അന്ത്യനാൾ വരെ നിലനിർത്തിത്തരട്ടെ -ആമീൻ

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here