തിരുവനന്തപുരം: 12 ദളിത് സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെ . സുപ്രീംകോടതിയുടെ നടപടിക്കെതിരെ ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധറാലി നേര്‍ക്ക് പോലീസ് നടത്തിയ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ്, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച പണിമുടക്കായിരുന്നതിനാല്‍ തൊട്ടടുത്ത ആഴ്ചയിലെ ഹര്‍ത്താലിനെ പിന്തുണയ്ക്കാനാകില്ലെന്നാണ് ബസുടമകളുടേയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നിലപാട്. അതേസമയം ഇന്നത്തെ ഹര്‍ത്താലിനെതിരെ ഉയരുന്ന പ്രചാരണങ്ങള്‍ ഇരട്ടത്താപ്പാണമെന്ന് ദളിത് ഐക്യവേദി അഭിപ്രായപ്പെട്ടു. സ്വകാര്യ ബസുടമകളും വ്യാപാരി വ്യവസായികളും ഹര്‍ത്താലുമായി സഹകരിക്കണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു. ഹര്‍ത്താലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ വരുന്ന ചര്‍ച്ചകള്‍ ഗുണപരമായ മാറ്റത്തിന്റെ സൂചനയാണ്. ഹര്‍ത്താലില്‍ അക്രമുണ്ടാകുമെന്ന പ്രചാരണത്തെ ദളിത് ഐക്യവേദി തള്ളി. ഹര്‍ത്താലിന് ശേഷം ദളിത് വിഷയങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഐക്യവേദിയുടെ തീരുമാനം.
ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണത്തോടെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വിവിധ വ്യാപാരി വ്യവസായി സംഘടനകള്‍ അറിയിച്ചു. പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. കാലിക്കറ്റ്, എംജി, കേരള കണ്ണൂര്‍, കുസാറ്റ് സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
ഇന്റലിജന്‍സ് വിഭാഗം ഹര്‍ത്താലില്‍ അക്രമമുണ്ടാകുമെന്ന റിപ്പോര്‍ട്ട് പോലീസിന് കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് ഹര്‍ത്താലില്‍ അക്രമങ്ങളുണ്ടാക്കരുതെന്ന് ചൂണ്ടിക്കാട്ടി ദളിത് ഐക്യവേദി കണ്‍വീനര്‍ക്ക് പോലീസ് കത്ത് നല്‍കി. ഹര്‍ത്താലില്‍ നിയമവാഴ്ചയും സമാധാന അന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു.
വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പാടാക്കും. ഏതു സാഹചര്യവും നേരിടുവാന്‍ കൂടുതല്‍ പോലീസ് സേനയെ സംസ്ഥാനം ഒട്ടാകെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. ഹര്‍ത്താലിന് സമാധാനം ഉറപ്പുവരുത്തുവാന്‍ സംസ്ഥാനത്ത് പോലീസ് സുസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക