കൊച്ചി: പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദ്വീപ് മലയാളി നടത്തിയ സർവ്വേയിൽ നിലവിലെ എം.പി പി.പി മുഹമ്മദ് ഫൈസലിന് വിജയസാധ്യത. ദ്വീപ് മലയാളിയുടെ തിരഞ്ഞെടുപ്പ് സർവ്വേയിൽ പങ്കെടുത്ത 39 ശതമാനം ആളുകളും പി.പി.മുഹമ്മദ് ഫൈസൽ വിജയിക്കുമെന്നാണ് പ്രവചിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ.ഹംദുള്ള സഈദ് വിജയിക്കുമെന്ന് 36 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം 24-ന് തുടങ്ങിയ സർവ്വേ ഇരു കയ്യും നീട്ടിയാണ് ദ്വീപ് മലയാളി വായനക്കാർ ഏറ്റെടുത്തത്. നാലായിരത്തോളം വായനക്കാരാണ് സർവ്വേയിൽ പങ്കെടുത്ത് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
ഏറ്റവും ശ്രദ്ധേയമായത് സി.പി.ഐ(എം) സ്ഥാനാർത്ഥി സഖാവ് ഷെറീഫ് ഖാന് ലഭിച്ച വോട്ടുകളാണ്. സർവ്വേയുടെ ഒരു ഘട്ടത്തിൽ 43 ശതമാനം വോട്ടുകൾ നേടി സഖാവ് ഷെറീഫ് ഖാൻ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരുന്നു. സർവ്വേ തുടങ്ങിയപ്പോൾ വാഡ്സാപ്പ് ഗ്രൂപ്പുകളിൽ നൽകിയ ലിങ്ക് സി.പി.ഐ(എം) കേരള ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് സഖാവ് ഷെറീഫ് ഖാന് നല്ല ശതമാനം വോട്ടുകൾ നേടാനായത്. എന്നാൽ തിരഞ്ഞെടുപ്പ് സർവ്വേ അവസാന ലാപ്പിൽ എത്തിയപ്പോൾ ഫൈസലും ഹംദുള്ളയും ഒപ്പത്തോടൊപ്പം എത്തുകയായിരുന്നു. ആകെ 3987 വായനക്കാർ സർവ്വേയിൽ പങ്കെടുത്തപ്പോൾ 1554 പേർ പി.പി.മുഹമ്മദ് ഫൈസൽ വിജയിക്കും എന്ന് അഭിപ്രായപ്പെട്ടു. രണ്ടാം സ്ഥാനത്തെത്തിയ ഹംദുള്ള സഈദിനെ അനുകൂലിച്ചു കൊണ്ട് 1435 പേർ വോട്ട് രേഖപ്പെടുത്തി.

ജെ.ഡി.യു സ്ഥാനാർത്ഥി ഡോ.സാദിഖിനും സി.പി.ഐ സ്ഥാനാർത്ഥി എ.എം അലി അക്ബറിനും രണ്ട് ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി അബ്ദുൽ ഖാദറിന് സർവ്വേയുടെ ആദ്യ ലാപ്പിൽ രണ്ട് ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ അവസാന ലാപ്പിൽ സർവ്വേയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം വലിയ തോതിൽ കൂടിയപ്പോൾ താരതമ്യേന വളരെ കുറഞ്ഞ വോട്ട് നേടിയ ബി.ജെ.പി പൂജ്യം ശതമാനം വോട്ട് ലഭിച്ചു എന്നാണ് സർവ്വേ അവസാനിച്ചപ്പോൾ ലഭിച്ച ഫലത്തിൽ കാണുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക