ആലുവ: “സേവ് ലക്ഷദ്വീപ്” ഹാഷ് ടാഗുമായി എവറസ്റ്റ് ബേസിലേക്ക് ഏറ്റവും വേഗത്തിൽ ട്രക്ക് ചെയ്തെത്തി ആലുവ ചാലക്കൽ സ്വദേശിയും സൈനികനുമായ മുഹ്സിൻ. 22 മണിക്കൂർ കൊണ്ടാണ് മുഹ്സിൻ എവറസ്റ്റ് ബേസിലെത്തിയത്. വടക്കുകിഴക്കൻ നേപ്പാളിലെ ചെറിയ പട്ടണമായ ലുക് ലയിൽനിന്ന് മേയ് ഒന്നിന് വെളുപ്പിന് നാലുമണിക്ക് ട്രക്കിങ് ആരംഭിച്ച് മേയ് രണ്ടിന് രാത്രി രണ്ടുമണിക്ക് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി.ഇപ്പോൾ ലോക റെക്കോഡിനായുള്ള തയാറെടുപ്പുകൾ നടത്തുകയാണ് ഇദ്ദേഹം. ഓക്സിലറി ഓക്സിജൻ സംവിധാനം ഇല്ലാതെയായിരുന്നു ട്രക്കിങ്. ലക്ഷദ്വീപിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ആഗോളതാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായാണ് “സേവ് ദ ലക്ഷദ്വീപ്” എന്ന സന്ദേശവുമായി മുഹ്സിൻ ട്രക്കിങ് നടത്തിയത്.

സാധാരണഗതിയിൽ എവറസ്റ്റ് ട്രക്കിങ്ങിന് 10 മുതൽ 15 ദിവസം വരെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് 22മണിക്കൂർ കൊണ്ട് മുഹ്സിൻ ബേസ് ക്യാമ്പിലെത്തിയത്.
അരുണാചൽ പ്രദേശിലെ ദിരാംഗിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിൽ പർവതാരോഹണ കോഴ്സും നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ഉത്തരകാശി, ഡാർജിലിങ്ങിലെ ഹിമാലയൻ മൗണ്ടനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലും കോഴ്സുകൾ ചെയ്തിട്ടുണ്ട്.
സൈന്യത്തിൽ ടെക്നിക്കൽ വിഭാഗത്തിൽ ലഡാക്കിൽ ജോലി ചെയ്യുകയാണ് 29 കാരനായ മുഹ്സിൻ. ആലുവ ചാലയ്ക്കൽ പെരിയാർ പോട്ടറീസിന് സമീപം വടക്കനേത്തിൽ വി.എം. അലിയുടെ മകനാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക