ഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ് സീറ്റുകളിൽ ലക്ഷദ്വീപ് ക്വാട്ട വർധിപ്പിക്കാമെന്ന് എം പി മുഹമ്മദ് ഫൈസലിന് ഉറപ്പ് നൽകി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ടവ്യ. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആരോഗ്യമന്ത്രിയോട് മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ്, ബി.ഡി.എസ് സീറ്റുകളിൽ ലക്ഷദ്വീപ് ക്വാട്ട വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. 2015 വരെ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ് സീറ്റുകളിൽ ലക്ഷദ്വീപ് ക്വാട്ട 10 സീറ്റുകൾ എന്ന രീതിയിലായിരുന്നു. പിന്നീട് ഡൽഹിയിലെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിന്മേൽ സീറ്റുകളുടെ എണ്ണം ഒരു ലക്ഷം ജനങ്ങൾക്ക് ഒരു സീറ്റ് എന്ന രീതിയിലേക്ക് വെട്ടിക്കുറക്കുകയായിരുന്നു. പിന്നീട് എം പി യുടെ ഇടപെടൽ പ്രകാരം മുൻപും സീറ്റ് വർധിപ്പിച്ച് കഴിഞ്ഞ വർഷം സീറ്റുകളുടെ എണ്ണം 6 എന്ന തലത്തിൽ എത്തിയിരുന്നു. ഈ വർഷവും സീറ്റ് വർധിപ്പിക്കാം എന്ന് മന്ത്രി ഉറപ്പ് നൽകി. 2 സീറ്റുകളുടെ വർദ്ധനവ് ഉണ്ടാകും എന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് ഫൈസൽ ദ്വീപ്മലയാളിയോട് പറഞ്ഞു.
മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഉള്ളതുപോലെ ലക്ഷദ്വീപിൽ മെഡിക്കൽ കോളേജ് ഇല്ല. അതിനാൽ തന്നെ ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് പുറമെയുള്ള മെഡിക്കൽ കോളേജുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. അതിനാൽ കൂടുതൽ സീറ്റുകൾ അനുവദിക്കണം എന്ന് എം പി ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക