ബേപ്പൂർ: ലക്ഷദ്വീപിലേക്ക് ഉരു മാർഗമുള്ള ചരക്കു നീക്കം തുടങ്ങുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ദ്വീപ് അഡ്മിനിസ്ട്രേഷനിൽ നിന്നു വ്യക്തമായ അറിയിപ്പ് ലഭിക്കാത്തതാണു പ്രതിസന്ധി. മൺസൂൺ നിയന്ത്രണങ്ങൾക്കു ശേഷം കഴിഞ്ഞ 15നു തുറമുഖം പൂർണ തോതിൽ പ്രവർത്തനം തുടങ്ങിയെങ്കിലും ഉരു മാർഗമുള്ള ചരക്കു നീക്കവും യാത്രാ കപ്പൽ സർവീസും തുടങ്ങാനായിട്ടില്ല.
സംസ്ഥാനത്തു കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ദ്വീപിലേക്ക് ഉരു സർവീസ് തുടങ്ങുന്നതു സംബന്ധിച്ചു തുറമുഖ അധികൃതർക്കു വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ല. അവ്യക്ത നിലനിൽക്കെ തുറമുഖത്തുള്ള മറിയമാത, മൗല എന്നീ ഉരുകളിൽ കഴിഞ്ഞ ദിവസം ആന്ത്രോത്ത് ദ്വീപിലേക്കുള്ള ചരക്കു കയറ്റി തുടങ്ങിയിരുന്നു.
പിന്നാലെ, ഇതു താൽക്കാലികമായി നിർത്തി വയ്ക്കാൻ തുറമുഖ അധികൃതർ ഏജന്റുമാർക്കു നോട്ടിസ് നൽകി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ നിന്നു വ്യക്തമായ മാർഗ നിർദേശം ലഭിക്കുന്നതു വരെ ഉരുകളിൽ ചരക്കു കയറ്റരുതെന്നും യാത്രാനുമതി നൽകില്ലെന്നും തുറമുഖ അധികൃതർ നോട്ടിസിൽ അറിയിച്ചിട്ടുണ്ട്. ബേപ്പൂരിനും ലക്ഷദ്വീപിനും ഇടയിൽ 35 ഉരുകൾ സർവീസ് നടത്താറുണ്ട്.
യാത്ര സംബന്ധിച്ച അവ്യക്തത തുടരുന്നതിനാൽ മിക്ക ഉരുകളിലെയും തൊഴിലാളികൾ എത്തിയിട്ടില്ല. തമിഴ്നാട് കടലൂർ, തൂത്തുക്കുടി ഭാഗങ്ങളിലുള്ള തൊഴിലാളികൾ ബേപ്പൂരിൽ എത്തിയാൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരും. ക്വാറന്റീനു ശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ തൊഴിലാളികളെ തുറമുഖത്ത് പ്രവേശിപ്പിക്കൂ. സർവീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതു തൊഴിലാളികൾക്കും കാർഗോ കരാറുകാർക്കും തിരിച്ചടിയായിട്ടുണ്ട്.
കടപ്പാട്: മലയാള മനോരമ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക