ദ്വീപുകാർക്ക് അവശ്യവസ്തുക്കൾ മുടക്കമില്ലാതെ എത്തിക്കുന്നതിലും എല്ലാവിധ ആരോഗ്യ പ്രോട്ടോകോളും പാലിച്ച് കൃത്യമായ ആസൂത്രണത്തിലൂടെ കോവിഡ് വ്യാപനത്തിൽ നിന്നും ദ്വീപിനെ മുക്തമാക്കുന്നതിലും ബേപ്പൂർ തുറമുഖ അധികൃതർ പ്രധാന പങ്കുവഹിച്ചു: പി.പി. മുഹമ്മദ് ഫൈസൽ
ബേപ്പൂർ: കോവിഡ് വ്യാപന ഭീഷണിയെ തുടർന്നുള്ള ലോക്ഡൗൺ സമയം മുതൽ കഴിഞ്ഞ പത്തുമാസമായി ബേപ്പൂർ തുറമുഖത്തെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് ലക്ഷദ്വീപ് ലോക്സഭ മണ്ഡലം എം.പി പി.പി. മുഹമ്മദ് ഫൈസൽ. തുറമുഖത്തെ പതിവ് പ്രവർത്തനങ്ങളെല്ലാം താൽക്കാലികമായി നിർത്തിയെങ്കിലും വൻകരയിൽനിന്ന്, കടൽമാർഗം എത്തുന്ന ഭക്ഷണസാധനങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ബേപ്പൂർ തുറമുഖ അധികൃതർ നൽകിയ പൂർണപിന്തുണ മറക്കാനാവാത്തതാണ്. പ്രയാസകരമായ സമയങ്ങളിൽ പോലും ബേപ്പൂർ തുറമുഖത്തുനിന്ന് തടസ്സങ്ങളില്ലാതെ അവശ്യസാധനങ്ങൾ ബാർജ് വഴി, നിരന്തരം എത്തിക്കുന്നതിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചു. ലോകത്ത് പടർന്നുപിടിച്ച മഹാമാരിയെ പ്രതിരോധിക്കാൻ ദ്വീപ് നിവാസികളെ ചേർത്തുപിടിച്ചുകൊണ്ടുള്ള, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻെറ സേവനവും മികച്ചതായി. ദ്വീപുകാർക്ക് അവശ്യവസ്തുക്കൾ മുടക്കമില്ലാതെ എത്തിക്കുന്നതിലും എല്ലാവിധ ആരോഗ്യ പ്രോട്ടോകോളും പാലിച്ച് കൃത്യമായ ആസൂത്രണത്തിലൂടെ കോവിഡ് വ്യാപനത്തിൽനിന്നും ദ്വീപിനെ മുക്തമാക്കുന്നതിലും ബേപ്പൂർ തുറമുഖ അധികൃതർ പ്രധാന പങ്കുവഹിച്ചതായി ക്യാപ്റ്റൻ അശ്വിനി പ്രതാപിന് അയച്ച കത്തിൽ എം.പി പ്രത്യേകം ചൂണ്ടിക്കാട്ടി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക