തിരുവനന്തപുരം: ലക്ഷദ്വീപിനോടു ചേർന്ന് അറബിക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാവിഭാഗം. വടക്ക് -വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുമെന്നതിനാൽ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നത്. അതേസമയം ചുഴലിയുടെ സഞ്ചാരപഥം ഇനിയും രേഖപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച ലക്ഷദ്വീപിനോടുചേർന്ന് അറബിക്കടൽ, കേരള-കർണ്ണാടക തീരം, തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. 11-ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കൻ മേഖലയിലും കാറ്റിന്റെ വേഗം 75 കിലോമീറ്റർവരെയാകും. 12-ന് 90 കിലോമീറ്ററും 13-ന് 100 മുതൽ 110 കിലോമീറ്റർവരെയും വേഗമാർജിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഈദിവസങ്ങളിൽ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ 55 മുതൽ 75 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശിയേക്കും. കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഈ മേഖലയിൽ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വിഭാഗവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കാറ്റിന്റെ സ്വാധീനമുള്ളതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ കാലവർഷത്തിന്റെ ശക്തികുറഞ്ഞേക്കും. ഒരാഴ്ച വൈകി സംസ്ഥാനത്ത് ശനിയാഴ്ചയാണ് കാലവർഷം എത്തിയത്. തെക്കൻജില്ലകളിൽ ഞായറാഴ്ച വ്യാപകമായി മഴലഭിച്ചു. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.
വരുന്നത് വായു ചുഴലിക്കാറ്റ്.
അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറുന്നതോടെ വായു എന്ന പേരിലാവും അറിയപ്പെടുക. ഇന്ത്യയാണ് പേര് നിർദേശിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻമേഖലയിലെ രാജ്യങ്ങളുടെ നിർദേശം അനുസരിച്ചാണ് ഈ പ്രദേശത്തെ ചുഴലിക്കാറ്റുകൾക്ക് പേര് തിരഞ്ഞെടുക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്താൻ, തായ്ലൻഡ് എന്നിവയാണ് ഇന്ത്യയെക്കൂടാതെ ഈ മേഖലയിൽ വരുന്ന രാജ്യങ്ങൾ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക