കൊവിഡ് കണക്കുകൾ മനപ്പൂർവം കുറച്ച് കാട്ടുന്നു; എല്ലാം നിയന്ത്രിക്കുന്നത് അസ്കറലി

0
624

കവരത്തി: ലക്ഷദ്വീപിലെ ദൈനംദിന കൊവിഡ് 19 മെഡിക്കൽ ബുള്ളറ്റിൻ പൂർണ്ണമായി പ്രഹസനമായി മാറുന്നു. പോസിറ്റീവ് കണക്കുകളും മരണനിരക്കും ഉൾപ്പെടെ കൊവിഡ് കണക്കുകൾ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ലക്ഷദ്വീപ് കളക്ടർ ശ്രീ.അസ്കറലി ഐ.എ.എസ് പറയുന്നത് പോലെയാണ് ഇപ്പോൾ തയ്യാറാക്കുന്നത്. ഓരോ ദ്വീപിലേയും മെഡിക്കൽ ഓഫീസർ ഇൻചാർജ് അതാത് ദ്വീപുകളിലെ ഇൻസിഡന്റ് കമാൻഡർമാർ മുഖേനയാണ് കൊവിഡ് കണക്കുകൾ ആരോഗ്യ വകുപ്പിന് കൈമാറുന്നത്. ഈ കണക്കുകൾ കളക്ടർ നേരിട്ട് പരിശോധിച്ച ശേഷം അദ്ദേഹം എഴുതി നൽകുന്ന കണക്കുകളാണ് അന്തിമ കണക്കായി പ്രസിദ്ധീകരിക്കുന്നത്. ഇന്നലെ ആന്ത്രോത്ത് ദ്വീപിലെ ഇൻസിഡന്റ് കമാൻഡറായ ഡെപ്യൂട്ടി കളക്ടർ നൽകിയ കണക്കനുസരിച്ച് മൊത്തം പത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു. എന്നാൽ, കവരത്തിയിൽ നിന്നും പുറത്തുവിട്ട ബുള്ളറ്റിനിൽ നാല് പോസിറ്റീവ് കേസുകളാണ് കാണിക്കുന്നത്. കുറച്ച് ദിവസം മുൻപ് മിനിക്കോയ് ദ്വീപിലെ ഹോസ്പിറ്റലിൽ വെച്ച് തന്നെ രണ്ട് കൊവിഡ് പോസിറ്റീവ് രോഗികൾ മരണപ്പെട്ടിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് മരണാനന്തര ചടങ്ങുകൾ നടന്നത്. എന്നാൽ അന്ന് രണ്ട് മരണങ്ങൾ കാണിക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയെങ്കിലും കുറച്ച് കഴിഞ്ഞ ഉടനെ മരണക്കണക്ക് ഒഴിവാക്കി മറ്റൊരു ബുള്ളറ്റിൻ വീണ്ടും പുറത്തിറക്കി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ മരണം തൽക്കാലം റിപ്പോർട്ട് ചെയ്യേണ്ടതില്ല എന്ന് ജില്ലാ കളക്ടർ അസ്കറലി നേരിട്ട് വിളിച്ച് പറഞ്ഞു എന്ന മറുപടിയാണ് ലഭിച്ചത്. കൊവിഡ് പോസിറ്റീവ് മൂലം മരണപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം എന്ന ആവശ്യം ഡൽഹിയിലും മറ്റും ഉയർന്നു വന്ന ഘട്ടത്തിലായിരുന്നു അത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡാ പട്ടേൽ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ലക്ഷദ്വീപിൽ കൊവിഡ് കേസുകൾ നിയന്ത്രണാതീതമായി പെരുകുന്നത്. അദ്ദേഹത്തെ വെള്ളപൂശാനാണ് കൊവിഡ് കണക്കുകളിൽ ജില്ലാ കളക്ടർ കൃതൃമം കാണിക്കുന്നത്. കൊവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഭാവിയിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമോ എന്ന് ആലോചിച്ചാണ് മരണക്കണക്കുകൾ പോലും മറച്ചു വെക്കുന്നത്. ജീവനോപാധികളെല്ലാം ഇല്ലാതായി ഭക്ഷ്യക്കിറ്റുകളെങ്കിലും നൽകണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു ജനതയെയാണ് ഈ മഹാമാരിക്കാലത്ത് കൃത്രിമക്കണക്ക് പറഞ്ഞ് ഭരണകൂടം വഞ്ചിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here