ആന്ത്രോത്ത്: എൽ.പി.ജി ഗ്യാസ് സിലിണ്ടർ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്ത്രോത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ആന്ത്രോത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ.പി.പി.മുഹമ്മദ് അഷ്റഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ വില്ലേജ് ദ്വീപ് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. സൊസൈറ്റി സെക്രട്ടറിയെ റൂമിൽ തടഞ്ഞു വെച്ചു.
www.dweepmalayali.com
ഗ്യാസ് കണക്ഷൻ നൽകുന്നതിന് വേണ്ടി മാസങ്ങൾക്ക് മുൻപ് തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരുന്നു. ഗ്യാസ് ഗോഡൗൺ പ്രവർത്തനസജ്ജമായിട്ട് മാസങ്ങളായി. കാലവർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ എൽ.പി.ജി സിലിണ്ടർ ആന്ത്രോത്തിൽ എത്തിയതുമാണ്. എന്നാൽ ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് ആന്റ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ അലംഭാവം മൂലം സിലിണ്ടർ വിതരണം അകാരണമായി നീട്ടിക്കൊണ്ടു പോവുകയാണ്. കണക്ഷൻ നൽകുന്നതിന് മുന്നോടിയായി ഗ്യാസ് റഗുലേറ്റർ വിതരണം ചെയ്തിരുന്നു. എന്നാൽ സിലിണ്ടർ വിതരണം ഇനിയും നീട്ടികൊണ്ടു പോവുകയാണ്. അടിയന്തിരമായി ഗ്യാസ് സിലിണ്ടർ വിതരണം പൂർത്തീകരിക്കണമെന്ന് പ്രതിഷേധ മാർച്ചിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. സൊസൈറ്റി സെക്രട്ടറിയുമായി നടത്തിയ ചർച്ച വിജയകരമായിരുന്നു എന്നും, സിലിണ്ടർ വിതരണത്തിന് വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതായും നേതാക്കൾ ദ്വീപ് മലയാളിയോട് പറഞ്ഞു.
ആന്ത്രോത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ ഹാജി, വി.ഡി.പി വൈസ് ചെയർ പേഴ്സൺ എച്ച്.കെ.മുഹമ്മദ് റഫീഖ്, മുതിർന്ന നേതാക്കളായ സി.എൻ.മുഹമ്മദ് ഖലീൽ, പി.വി.പി മുഹമ്മദ് ഹുസൈൻ, എൻ.എസ്.യു.ഐ നേതാക്കളായ സയിദ് നബീൽ, മുഹമ്മദ് പി തുടങ്ങിയവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക