ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, സിനിമ പ്രവര്‍ത്തകര്‍ തുടങ്ങിയ മേഖലയിലുള്ളവര്‍ക്കെതിരേ രാഷ്ട്രീയ പ്രേരിതമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതായി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ശശി കുമാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഇത്തരം നീക്കങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
മാധ്യമ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, സിനിമ പ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരായ ഇത്തരം നീക്കങ്ങള്‍ ‘രാഷട്രീയ ഫാഷനായി’ മാറിയിരിക്കുകയാണെന്നുമാണ് ഹരജിയിലെ ആരോപണം. കാലാവസ്ഥ ആക്റ്റിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ വിനോദ് ദുവ, സിദ്ദീഖ് കാപ്പന്, സംവിധായിക ഐഷ സുല്‍ത്താന എന്നിവര്‍ക്ക് എതിരായ നടപടികളും ഹരജിയില്‍ പരാമര്‍ശിക്കുന്നു.
രാജ്യദ്യോഹക്കുറ്റം ചുമത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ 2016 മുതല്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2016 ല്‍ 35 കേസുകളെടുത്തപ്പോള്‍ 2019 ല്‍ ഇത് 93 കേസുകളായി ഉയര്‍ന്നു. ഈ 93 കേസുകളില്‍ 17 ശതമാനത്തില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ശിക്ഷാ നിരക്കും വളരെ കുറവാണ്. 3.3 ശതമാനമാണ് ശിക്ഷാ നിരക്ക്.
2019 ല്‍ 21 കേസുകള്‍ തെളിവുകളില്ലാതെ അവസാനിപ്പിച്ചിട്ടുണ്ട്. രണ്ട് കേസുകള്‍ വ്യാജമാണെന്നും ആറ് കേസുകള്‍ സിവില്‍ തര്‍ക്കങ്ങളാണെന്നും കണ്ടെത്തിയതായും ശശി കുമാര്‍ ഹരജിയില്‍ വ്യക്തമാക്കുന്നു. രാജ്യദ്രോഹ കുറ്റം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ യുടെ ഉപയോഗം പരിശോധിക്കണമെന്ന് സുപ്രിംകോടതി അടുത്തിടെ വ്യക്തമാക്കിയ കാര്യവും ഹരജി പരാമര്‍ശിക്കുന്നുണ്ട്.
രാജ്യദ്രോഹക്കേസുകള്‍ ചുമത്തിയുള്ള നടപടികള്‍ ഭരണ ഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണ്. ‘അഭിപ്രായ സ്വാതന്ത്ര്യ ഇല്ലാതാക്കുന്ന രീതിയില്‍ നിയമം ഉപയോഗിക്കരുതെന്നുള്ള 2010ലെ മുന്‍ കേസുകളിലെ വിധിയും ഹരജിയില്‍ ഉദ്ധരിക്കുന്നു.
രാജ്യ ദ്രോഹക്കുറ്റം ഉള്‍പ്പെടുന്ന വകുപ്പുകള്‍ ചുമത്താതെ തന്നെ അക്രമം, പൊതുക്രമം, രാജ്യ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ വിഷയങ്ങള്‍ കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ടെന്നും ശശി കുമാര്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകരായ കാളീശ്വരം രാജ്, നിഷ രാജന് ഷോങ്കര്‍, തുളസി എ രാജ് എന്നിവര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക