അറ്റകുറ്റപ്പണി പൂർത്തിയാക്കി ലഗൂൺ ഈ ആഴ്‌ച ഇറങ്ങും; കവരത്തി കപ്പൽ 2 മാസം കഴിഞ്ഞ്‌

0
386

കൊച്ചി: ലക്ഷദ്വീപ്‌ കപ്പലായ എംവി ലഗൂൺ അറ്റകുറ്റപ്പണികഴിഞ്ഞ്‌ ഏതാനും ദിവസങ്ങൾക്കകം സർവീസ്‌ തുടങ്ങും. കൊച്ചി കപ്പൽശാലയിലായിരുന്നു അറ്റകുറ്റപ്പണി. 400 പേർക്ക്‌ യാത്ര ചെയ്യാവുന്ന കപ്പൽ സർവീസ്‌ തുടങ്ങിയാൽ ദ്വീപുനിവാസികളുടെ യാത്രാദുരിതത്തിന്‌ അൽപ്പം ആശ്വാസമാകും. ഷിപ്പിങ്‌ കോർപറേഷൻ നേരിട്ടുനടത്തുന്ന, 700 പേർക്ക്‌ കയറാവുന്ന എംവി കവരത്തിയുടെ അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങുകയാണെന്ന്‌ പി പി മുഹമ്മദ്‌ ഫൈസൽ എംപി പറഞ്ഞു. ഈ കപ്പൽ സർവീസ്‌ നിർത്തിയിട്ട്‌ ഏഴുമാസമായി. ഏഴ്‌ കപ്പൽ സർവീസ്‌ ഉണ്ടായിരുന്നിടത്ത്‌ 450ഉം 250ഉം യാത്രക്കാർ കയറുന്ന രണ്ട്‌ കപ്പൽമാത്രമായതോടെ ദ്വീപുനിവാസികൾ ദുരിതത്തിലാണ്‌.
ചികിത്സയ്‌ക്കുപോലും കൊച്ചിയിൽ എത്താനാകുന്നില്ല. നിലവിൽ എംവി കോറൽസ്, അറേബ്യൻ സീ എന്നിവ മാത്രമാണ്‌ സർവീസ്‌ നടത്തുന്നത്‌.
‘ലക്ഷദ്വീപ്‌ സീ’ കപ്പലിന്റെ അറ്റകുറ്റപ്പണിക്ക്‌ മുന്നോടിയായുള്ള ഡ്രൈ ഡോക്ക്‌ സർവേ അടുത്തമാസം കൊച്ചി കപ്പൽശാലയിൽ ആരംഭിക്കും.

Advertisement

മൂന്നുവർഷംകൂടി കാലാവധിയുള്ള 150 യാത്രക്കാരെവീതം കയറ്റാവുന്ന എംവി അമിൻദിവി, എംവി മിനിക്കോയ്‌ കപ്പലുകൾ പൊളിക്കാനിട്ടിരിക്കുക യാണ്‌.
എയർ ആംബുലൻസ്‌ കാത്ത്‌ ദ്വീപിൽ എട്ട്‌ രോഗികൾ
ലക്ഷദ്വീപിൽ നിന്ന്‌ കൊച്ചിയിലേക്കുള്ള എയർ ആംബുലൻസ്‌ കാത്ത്‌ ഗുരുതരാവസ്ഥയിൽ എട്ട്‌ രോഗികൾ. അഗത്തി ദ്വീപിലെ രണ്ടുപേരെ ശനിയാഴ്‌ച കൊച്ചിയിലെ ആശുപത്രിയിലേക്ക്‌ എത്തിക്കാൻ ഹെലികോപ്‌റ്റർ തയ്യാറാക്കിയെങ്കിലും മോശം കാലാവസ്ഥ തടസ്സമായി. എയർ ആംബുലൻസ്‌ കിട്ടാതെ കഴിഞ്ഞ ദിവസം അഗത്തി ദ്വീപിലെ ഒരു രോഗി മരിച്ചു.
പവൻ ഹാൻസിന്റെ മൂന്നു ഹെലികോപ്‌റ്ററുകളിൽ രണ്ടെണ്ണം അറ്റകുറ്റപ്പണിക്കായി സർവീസ്‌ നിർത്തിയതോടെയാണ്‌ രോഗികൾ ദുരിതത്തിലായത്‌. സർവീസിലുള്ള ഏക ഹെലികോപ്‌റ്റർ വിവിഐപി സന്ദർശനങ്ങൾക്ക്‌ ഉപയോഗിക്കുന്നതിനാൽ രോഗികൾക്കായി ഇടവേളകളിലാണ്‌ നൽകുന്നത്‌. അടുത്തിടെ രോഗികൾ കാത്തുകിടക്കുമ്പോഴും കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിന്‌ ഇവ ഉപയോഗിച്ചത്‌ വിവാദമായിരുന്നു. തകരാറിലായ ഹെലികോപ്‌റ്ററുകളിൽ ഒരെണ്ണം കൊച്ചിയിലും ഒരെണ്ണം ദ്വീപിലുമാണുള്ളത്‌. ഉടൻ അറ്റകുറ്റപ്പണി തീർത്ത്‌ രണ്ട്‌ എയർ ആംബുലൻസുകളും സർവീസിന്‌ ഉപയോഗിക്കണമെന്നാണ്‌ ദ്വീപുനിവാസികൾ ആവശ്യപ്പെടുന്നത്‌.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here