കാലവര്‍ഷം കലി തുള്ളിയപ്പോള്‍ സംസ്ഥാനത്ത് ദുരന്തപ്പെരുമഴ. വ്യാഴാഴ്ച്ച മാത്രം മഴക്കെടുതിയില്‍ 22 പേരാണ് മരിച്ചത്. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഉള്‍പ്പെടെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. സംസ്ഥാനത്തെ സ്ഥിതി അതിഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേര്‍ മരിച്ചു. അടിമാലിയില്‍ മാത്രം കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്പാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു. വയനാട്ടില്‍ മൂന്നു പേരും കോഴിക്കോട് ജില്ലയില്‍ ഒരാളും മരിച്ചു. എറണാകുളം ജില്ലയിലെ ഐരാപുരത്ത് രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു.
ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടര്‍ 26 വര്‍ഷത്തിനു ശേഷം വീണ്ടും തുറന്നു. ഇടമലയാര്‍, കക്കി അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടമലയാറിലെ വെള്ളം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ജലനിരപ്പ് ഉയര്‍ത്തി. രണ്ടു മണിക്കൂര്‍ നേരം വിമാനങ്ങള്‍ സര്‍വീസ് നടത്തിയില്ല. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തില്‍ മുങ്ങി. എറണാകുളം ജില്ലയിലെ 10 ക്യാമ്പുകളിലായി 600 ല്‍ പരം പേരെ പാര്‍പ്പിച്ചിട്ടുണ്ട്. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് സന്ദര്‍ശകരെ വിലക്കി.
പാലക്കാട് നഗരത്തില്‍ വെള്ളം കയറി. മലമ്പുഴ ഡാം തുറന്നു വിട്ടതിനാല്‍ ഭാരതപ്പുഴയിലും കല്‍പ്പാത്തിപ്പുഴയിലും ജലനിരപ്പുയര്‍ന്നു. മലപ്പുറം വണ്ടൂരില്‍ റോഡ് ഒലിച്ചുപോയി. കോഴിക്കോട് – ഗൂഡല്ലൂര്‍ റോഡില്‍ വെള്ളം പൊങ്ങിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു.
എം.ജി സര്‍വ്വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക