കവരത്തി: ആന്ത്രോത്തിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ നാല് സഹോദരങ്ങളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് സി.പി.ഐ ലക്ഷദ്വീപ് കമ്മിറ്റി സെക്രട്ടറി സഖാവ് സി.ടി.നജ്മുദ്ധീന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 27-ന് തുടങ്ങിയ നിരാഹാര സമരം ഇന്ന് 14 ദിവസം പിന്നിടുകയാണ്. സമരപന്തലിലേക്ക് തിരിഞ്ഞു നോക്കാനോ നിരാഹാരം കിടക്കുന്നവരുമായി ഒരു ചർച്ച നടത്താനോ പോലും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇതുവരെയും തയ്യാറായിട്ടില്ല. 27-ന് തുടങ്ങിയ നിരാഹാര സമരം തുടരുന്നതിന് പെർമിറ്റ് തടസ്സമായതിനെ തുടർന്ന് 29-ന് നിർത്തിവെച്ചിരുന്നു. തുടർന്ന് 31-ന് തുടങ്ങിയ രണ്ടാം ഘട്ടം ഈ അർധരാത്രിയിലും തുടരുകയാണ്. തുർച്ചയായി കഴിഞ്ഞ 11 ദിവസമായി പട്ടിണിയിൽ കഴിയുന്ന സമര നേതാക്കളുടെ ആരോഗ്യ നില മോശമാണ്. എന്നാലും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറുകയില്ല എന്ന് സഖാവ് നജ്മുദ്ധീൻ ദ്വീപ് മലയാളിയോട് പറഞ്ഞു.
മത്സ്യബന്ധനത്തിന് പോയി കാണാതായ നാല് പേരുടെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകുക, അവരുടെ കുടുംബത്തിലെ ഒരു അടുത്ത ബന്ധുവിന് സർക്കാർ തലത്തിൽ നിയമനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.ഐ ലക്ഷദ്വീപ് ഘടകം ശക്തമായ നിരാഹാര സമരവുമായി മുന്നോട്ട് പോവുന്നത്. കാണാതായ നാല് പേരുടെയും കുടുംബങ്ങൾക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അനുവദിച്ച ഓരോ ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പി.സി.സി ശ്രീ.ബി.ഹസൻ ആന്ത്രോത്തിലെ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ എത്തി കൈമാറിയിരുന്നു. എന്നാൽ രണ്ടു വീതം കുടുംബങ്ങളുടെ ഭാരം പേറുന്ന അവരുടെ അഭാവം കൊണ്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ കുടുംബങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണം എന്നത് തികച്ചും ന്യായമായ ആവശ്യമാണ്. ഈ ആവശ്യത്തിന് വേണ്ടിയാണ് സി.പി.ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സഖാവ് സി.ടി.നജ്മുദ്ധീൻ, സി.പി.ഐ കവരത്തി യൂണിറ്റ് സെക്രട്ടറി സഖാവ് സൈതലി ബിരിയക്കൽ എന്നിവർ നിരാഹാരമിരിക്കുന്നത്. കവരത്തി ഇന്ദിര ഗാന്ധി ഹോസ്പിറ്റലിന് ഇടതുവശത്തായി ഒരുക്കിയ സമരപന്തലിൽ നിരാഹാരമിരിക്കുന്ന ഇവർക്ക് പിന്തുണയുമായി ജനതാദൾ (യു) ലക്ഷദ്വീപ് ഘടകം നേതാക്കൾ കഴിഞ്ഞ ദിവസം സമരപന്തലിൽ എത്തിയിരുന്നു. എന്നാൽ, ഒരു രാഷ്ട്രീയ അജണ്ടയുമില്ലാതെ തികച്ചും ന്യായമായ ആവശ്യവുമായി നിരാഹാര സമരത്തിന് തുടക്കമിട്ട ഇവരെ ഇടതു പ്രസ്ഥാനങ്ങൾ ഉൾപ്പെടെ ഭരണ-പ്രതിപക്ഷ നിരയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല എന്നത് ലക്ഷദ്വീപ് രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ഗമനത്തിൽ ആശങ്കയുളവാക്കുന്നതാണ്. ഇത്തരം സമരങ്ങളോട് പോലും മുഖം തിരിച്ചു നിൽക്കുന്ന ലക്ഷദ്വീപിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ധാർമ്മികതയിലൂന്നിയാണോ പ്രവർത്തിക്കുന്നത് എന്ന് സംശയമുണ്ടെന്ന് സഖാവ് നജ്മുദ്ധീൻ പറഞ്ഞു. “മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 45 ദിവസം കഴിഞ്ഞു. തിരച്ചിൽ നടത്തി എന്ന് ഭരണകൂടം പറയുമ്പോഴും, അത് എത്രത്തോളം കാര്യക്ഷമമായി നടന്നു എന്നതിൽ സംശയമുണ്ട്. ഇന്ത്യൻ നേവിയുടെയും, കോസ്റ്റ് ഗാർഡിന്റെയും മേഖലാ ക്യാമ്പുകൾ ആന്ത്രോത്ത് ദ്വീപിലുണ്ട്. എന്നാൽ ഈ സേനകൾ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ എത്രത്തോളം കാര്യക്ഷമമായി പങ്കെടുത്തു എന്ന് നാട്ടുകാർക്ക് അറിയാം. ആന്ത്രോത്തിലെ മത്സ്യബന്ധന ബോട്ടുകളിൽ ദിവസങ്ങളോളം തിരച്ചിൽ നടത്തിയത് പാവപ്പെട്ട മത്സ്യബന്ധന തൊഴിലാളികളാണ്. ഇത്തരം അപകടങ്ങളിൽ പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുക എന്ന സമ്പ്രദായം തന്നെ ലക്ഷദ്വീപിൽ ഇല്ല. അവർക്കായി ഒരു ദുരിതാശ്വാസ നിധിയും ഇവിടെയില്ല. അതിനെക്കുറിച്ച് ആരും ചർച്ച ചെയ്യാറില്ല. ഇവിടെ മാധ്യമങ്ങൾ ഇല്ലാത്തത് കൊണ്ട് ഇത്തരം സമരങ്ങളെ പോലും ഭരണകൂടം അവഗണിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സമരത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഈ സമരം പരമാവധി ഷെയർ ചെയ്തു കൊണ്ട് നിങ്ങൾ ഓരോരുത്തരും പിന്തുണക്കണം എന്ന് അഭ്യർത്ഥിക്കുന്നു” -അദ്ദേഹം പറഞ്ഞു.
സമരവുമായി ബന്ധപ്പെട്ട് സി.പി.ഐ ദേശീയ നേതാക്കൾ സഖാവ് നജ്മുദ്ധീനുമായി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സമര നേതാക്കളുടെ ആവശ്യം കഴിഞ്ഞ ദിവസം സി.പി.ഐ നേതാവ് സഖാവ് ബിനോയ് വിശ്വം എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.രാജ്നാഥ് സിംഗിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ആരും തന്നെ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക