കുന്നത്തേരി: മദ്റസാ നൂറുൽ ഇർഫാൻ അറബിക് കോളേജിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സൂഫീവര്യനും മലയാളത്തിലെ തന്നെ ഏറ്റവും മികച്ച സൂഫീ കവികളിലെ മുന്നണിക്കാരനുമായിരുന്ന നൂറുൽ ഇർഫാൻ സ്ഥാപകൻ എ.ഐ മുത്തുക്കോയ തങ്ങളുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എ.ഐ മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡ് ദാനവും ഖിസ്സപ്പാട്ട് മത്സരവും ഈ മാസം 18-ന് കുന്നത്തേരി മദ്റസാ നൂറുൽ ഇർഫാനിൽ വെച്ച് നടത്തപ്പെടുന്നു. കേരള സംസ്ഥാന നിയമം, കൊയർ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ് ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് രംഗത്തെ കുലപതികളും പുതുതലമുറയിലെ ഗായകരും അടക്കം നിരവധി പ്രമുഖർ പങ്കെടുക്കും.

മാപ്പിളപ്പാട്ട് രചനയിൽ എക്കാലത്തെയും മികച്ച ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച ഓ.എം കരുവാരക്കുണ്ട്, മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരായ ഫൈസൽ എളേറ്റിൽ, എം.എച്ച് വള്ളുവങ്ങാട്, തവക്കൽ മുസ്ഥഫ കടലുണ്ടി, സമീർ ബിൻസി, ഷമീർ പട്ടുറുമാൽ, ഗഫൂർ മാവണ്ടിയൂർ, അക്ബർ ഖാൻ, അഷ്റഫ് പാലപ്പെട്ടി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഖിസ്സപ്പാട്ട് മത്സരത്തിലേക്കും തുടർന്ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക