ആന്ത്രോത്ത്: ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ്ങ് ഫെഡറേഷൻ ആന്ത്രോത്ത് സൊസൈറ്റിയിൽ എത്തിച്ച സിമന്റിന്റെ വിൽപ്പനക്ക് ലക്ഷദ്വീപ് ലീഗൽ മെട്രോളജി വകുപ്പ് ഇൻസ്പെക്ടർ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചു. ആന്ത്രോത്ത് സൊസൈറ്റിയിൽ വിൽപ്പന നടത്തിയിരുന്ന സിമന്റിന്റെ ചാക്കുകളിൽ “നോട്ട് ഫോർ റീസൈൽ” എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ സിമന്റ് ചാക്കുകൾക്ക് മുകളിൽ വിൽക്കപ്പെടുന്ന വസ്തുക്കൾക്കളുടെ പരമാവധി വില അഥവാ “എം.ആർ.പി” രേഖപ്പെടുത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ ഈ സിമന്റ് വിൽപ്പന അനധികൃതമാണോ എന്ന് സംശയം ഉണ്ടെന്നും, വിൽപ്പന തടയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആന്ത്രോത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കിംഗ് പ്രസിഡണ്ട് ശ്രീ.പി.പി. മൻസൂർ അലി സയീദ് മെട്രോളജി വകുപ്പ് ഇൻസ്പെക്ടർ, എൽ.സി.എം.എഫ് മാനേജിംഗ് ഡയറക്ടർ, ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ എന്നിവർക്ക് കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പ്രവർത്തകർ സൊസൈറ്റി സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യൂത്ത് കോൺഗ്രസിന്റെ കത്ത് ലഭിച്ചതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് ഇൻസ്പെക്ടർ ആന്ത്രോത്ത് സൊസൈറ്റിയിൽ നേരിട്ടെത്തി വസ്തുതകൾ പരിശോധിച്ചു. തുടർന്നാണ് വിൽപ്പന നിർത്തിവെച്ചു കൊണ്ട് ഉത്തരവിറക്കിയത്. 2011-ലെ ലീഗൽ മെട്രോളജി പാക്കേജ് കമ്മോഡറ്റി നിയമം അനുസരിച്ച് “നോട്ട് ഫോർ റീസൈൽ” എന്ന് എഴുതിയ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ പാടില്ലാത്തതാണെന്നും, ആയതിനാൽ ആന്ത്രോത്ത് സൊസൈറ്റിയിൽ വിതരണം ചെയ്തു വരുന്ന ‘സുവാരി’ സിമന്റിന്റെ വിൽപ്പന അടിയന്തിരമായി നിർത്തിവെക്കണമെന്നും ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. www.dweepmalayali.com
ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനമാണ് ഫെഡറേഷന്റെ സൊസൈറ്റി ഔട്ട്ലെറ്റുകൾ. എന്നാൽ “നോട്ട് ഫോർ റീസൈൽ” എന്ന് എഴുതിയ, എം.ആർ.പി പോലും രേഖപ്പെടുത്താത്ത സിമന്റ് വിൽപ്പന നടത്തുന്നതിന് പിന്നിൽ അഴിമതി ഉണ്ടോ എന്ന് പൊതുജനങ്ങൾക്ക് സംശയമുണ്ട്. അതുകൊണ്ട് തന്നെ, ഇതിനു പിന്നിലെ ദുരൂഹത നീങ്ങണം. അതിനു വേണ്ടിയാണ് ഉത്തരവാദിത്വപ്പെട്ട അധികാരികൾക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആന്ത്രോത്ത് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ശ്രീ.പി.പി. മൻസൂർ അലി സയീദ് ദ്വീപ് മലയാളിയോട് പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത്. പക്ഷെ, ഈ വിഷയത്തിലുള്ള ദുരൂഹതകൾ നീക്കി മാത്രമേ ഇനി വിൽപ്പന നടത്താൻ പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട് സ്വകാര്യ ലോബികൾ അനാവശ്യമായ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്ന് എൽ.സി.എം.എഫ് പ്രസിഡന്റ് ശ്രീ.ഷൗക്കത്ത് പ്രതികരിച്ചു. ലക്ഷദ്വീപിലെ സ്വകാര്യ കച്ചവടക്കാർ 475/- രൂപ മുതൽ 500/- രൂപ വരെയാണ് ഒരു ചാക്ക് സിമന്റിന് ഈടാക്കുന്നത്. ഇത് കുറക്കുന്നതിന് വേണ്ടി എൽ.സി.എം.എഫ് “സുവാരി” കമ്പനിയിൽ നിന്നും നേരിട്ട് സിമന്റ് വാങ്ങി അത് സൊസൈറ്റി ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യുകയാണ്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വാങ്ങുന്നത് കൊണ്ട് തന്നെ, 400/- രൂപ നിരക്കിലാണ് നമ്മുടെ സൊസൈറ്റികളിൽ സിമന്റ് വിൽപ്പന നടത്തുന്നത്. സിമന്റ് ചാക്കിന് മുകളിൽ “നോട്ട് ഫോർ റീസൈൽ” എന്നാണ് എഴുതിയിരിക്കുന്നത്. അഥവാ, സൊസൈറ്റികളിൽ നിന്നും വാങ്ങുന്ന സിമന്റ് കൂടുതൽ വിലക്ക് കരിഞ്ചന്തയിൽ വിൽക്കാതിരിക്കാനാണ് അങ്ങനെ എഴുതിയിരിക്കുന്നത്. മറിച്ച് എൽ.സി.എം.എഫിന് വിൽപ്പന നടത്താൻ പാടില്ല എന്നല്ല. അങ്ങിനെയെങ്കിൽ, നമ്മുടെ ആശുപത്രികളിൽ വരുന്ന മരുന്നുകളിൽ ഒക്കെ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ “നോട്ട് ഫോർ സൈൽ” എന്ന് രേഖപ്പെടുത്തണമായിരുന്നു എന്ന് ശ്രീ.ഷൗക്കത്ത് ദ്വീപ് മലയാളിയോട് പറഞ്ഞു. സൊസൈറ്റിയിലെ വിൽപ്പന തടയുന്നതിലൂടെ സ്വകാര്യ ലോബികളുടെ കച്ചവടം കൂട്ടാനാണ് ഒരുകൂട്ടർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. www.dweepmalayali.com
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക