കവരത്തി/കൊച്ചി: ലക്ഷദ്വീപിൽ ബി.എസ്.എൻ.എൽ 4 ജി സേവനം മെച്ചപ്പെടുത്താനായി സാറ്റലൈറ്റ് ലിങ്കിന്റെ ബാൻഡ് വിഡ്ത് കൂട്ടുന്നതിന് നടപടി സ്വീകരിച്ചതായി ബിഎസ്എൻഎൽ. വിദ്യാർത്ഥികൾക്ക് ഓണ്‍ലൈൻ പഠനത്തിനായി കവരത്തി സെൻട്രൽ ലൈബ്രറിയിൽ ബി.എസ്.എൻ.എൽ വൈഫൈ ഹോട്സ്പോട് സംവിധാനം സ്ഥാപിച്ചു. ഇന്ന് മുതൽ വിദ്യാർത്ഥികൾക്ക് ഈ സൗകര്യം സൗജന്യമായി ഉപയയോഗിക്കാം. മറ്റ് ദ്വീപുകളിലും ഈ സൗകര്യം സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലക്ഷദ്വീപിൽ ആന്ത്രോത്ത്, അഗത്തി, കവരത്തി ദ്വീപുകളിലെ ബിഎസ്എൻഎൽ മൊബൈൽ ഉപഭോക്താക്കൾക്ക് 4 ജി സേവനം ലഭിക്കുന്നില്ല എന്ന പരാതിയുണ്ടായതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചില മൊബൈൽ ഹാൻഡ് സെറ്റുകളിലെ ഇൻ്റർനെറ്റ് സെറ്റിങ്ങുകളിൽ മാറ്റം വരുത്തി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതു മറ്റുള്ള 4ജി ഉപഭോക്താക്കൾക്ക് ഡാറ്റാ സേവനം ലഭിക്കുന്നതിന് തടസ്സം ഉണ്ടാക്കുന്ന തരത്തിൽ ബാധിക്കുകയുണ്ടായി. ഡാറ്റ ആക്സസ് പോയന്റുകളിൽ കൃത്രിമമായി മാറ്റം വരുത്തുന്നത് തടഞ്ഞു കൊണ്ട് എല്ലാ ഉപഭോക്താക്കൾക്കും ഒരേ ഡാറ്റാ വേഗത ലഭ്യമാക്കുന്ന തരത്തിൽ സെപ്റ്റംബർ 19 നു തന്നെ വേണ്ട ക്രമീകരണങ്ങൾ ബി.എസ്.എൻ.എൽ നടപ്പാക്കിയിരുന്നു. തുടർന്നും ചില ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും 4ജി സ്പീഡ് സംബന്ധിച്ച് പരാതികൾ ലഭിച്ചു കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.
സാറ്റലൈറ്റ് ലിങ്ക് ഉപയോഗിച്ചാണ് ലക്ഷദ്വീപിൽ ബിഎസ്എൻഎൽ 4 ജി സേവനം ലഭ്യമാക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുന്നതിനായി സാറ്റലൈറ്റ് ലിങ്കിന്റെ ബാൻഡ് വിഡ്ത് കൂട്ടുന്നതിനു നടപടികൾ ആരംഭിച്ചതായി ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വൻകരയിൽ പഠിക്കുന്ന ധാരാളം വിദ്യാർത്ഥികൾ ലക്ഷദ്വീപിലേക്ക് മടങ്ങി വന്നിരിക്കുയാണ്. ഈ സാഹചര്യത്തിലാണ് അവരുടെ ഓൺലൈൻ പഠനത്തിനായി ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ സഹകരണത്തോടു കൂടി കവരത്തിയിലെ സെൻട്രൽ ലൈബ്രറിയിൽ ബി.എസ്.എൻ.എൽ വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനം സ്ഥാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് മുതൽ വിദ്യാർത്ഥികൾക്ക് ഈ സൗകര്യം സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇതേ മാതൃകയിൽ മറ്റു ദ്വീപുകളിലും ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക