ആന്ത്രോത്ത്: ലക്ഷദ്വീപിലെ ഏക പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഹിമായത്ത് ശരീഅത്തുൽ ഇസ്ലാമിയ്യയുടെയും (ജെ.എച്ച്.എസ്.ഐ) മീലാദ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്തമായ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മീലാദ് പരിപാടികളുടെ രണ്ടാം ദിവസത്തെ സമ്മേളനം ജെ.എച്ച്.എസ്.ഐ അധ്യക്ഷൻ പി.സയ്യിദ് മുഹമ്മദ് ഫസൽ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ലോകാനുഗ്രഹി എന്ന് ഖുർആൻ വിശേഷിപ്പിച്ച മുഹമ്മദ് നബി (സ), തന്നെ തെറിപറയുകയും അക്രമിക്കുകയും ചെയ്ത ശത്രുക്കൾക്ക് വരെ നിരുപാധികം മാപ്പു നൽകിയ നേതാവായിരുന്നു എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. പാരമ്പര്യത്തിലേക്ക് മടങ്ങുക, ഇസ്ലാമിലേക്ക് മടങ്ങുക, അതാണ് നമ്മുടെ വിജയത്തിന് നിധാനം. സച്ചരിതരായ പൂർവ്വീകർ എന്ത് മുറുകെ പിടിച്ചുവോ, അത് ഓരോ വിശ്വാസിയും അവന്റെ അണപ്പല്ല് കൊണ്ട് മുറുകെ പിടിച്ചിട്ടല്ലാതെ നിങ്ങളാരും നേർവഴിയിലാവുകയില്ല എന്ന പ്രവാചക വചനം അതിന് തെളിവാണ്. മതത്തെ ദുർബലപ്പെടുത്തുന്ന കീഴ്’വഴക്കങ്ങൾ കടത്തിക്കൂട്ടി പൂർവ്വീകരായ പണ്ഡിത നേതൃത്വം നമുക്ക് കാണിച്ചു തന്ന പാതയിൽ നിന്നും തെറ്റിപ്പോവാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. സുന്നത്ത് ജമാഅത്തിന്റെ ഐക്യത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ അള്ളാഹുവിന്റെ പ്രകാശത്തിൽ നിന്നും, ലോകത്തെ മറ്റെല്ലാം എന്റെ പ്രകാശത്തിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന തിരുവചനം പ്രവാചകൻ മുഹമ്മദ് നബി(സ) അസാധാരണ വ്യക്തിത്വമായിരുന്നു എന്നതിന്റെ പ്രഖ്യാപനമാണെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഹാജി കെ.പി പൂക്കുഞ്ഞിക്കോയ തങ്ങൾ പറഞ്ഞു. തീർത്തും മനുഷ്യരൂപമെടുത്ത പ്രകാശമാണ് മുഹമ്മദ് നബി(സ) എന്ന ബുഖാരി (റ) ഇമാം ഉദ്ധരിച്ച ഹദീസ് ഇതിന്റെ പ്രാമാണികമായ സാക്ഷ്യപ്പെടുത്തലാണ്. മീലാദ് ആഘോഷം അതിന്റെ ഏറ്റവും നല്ല രൂപത്തിലും ഭാവത്തിലും ആഘോഷിക്കുന്നത് നമ്മുടെ നാടുകളിലാണ്. മീലാദ് ആഘോഷം ദീനീ പ്രബോധനത്തിന് വേണ്ട സാമ്പത്തിക സമാഹരണത്തിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നടത്തുകയും, യഥാർത്ഥമായ ഉദ്ദേശ ശുദ്ധിയോടെ എല്ലാ തിരക്കുകളും മാറ്റിവെച്ചു കൊണ്ട് ഒരു നാട് മുഴുവൻ നീണ്ട ഒരു മാസത്തോളം അതിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്യുന്നതിലൂടെ ആന്ത്രോത്ത് ദ്വീപ് ലോകത്തിന് തന്നെ മാതൃകയാണ്. എന്നാൽ മദ്രസാ പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തിനായി നടത്തപ്പെടുന്ന നബിദിന പരിപാടികൾക്ക് ബദലായി കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി ചില സംഘടനകളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച മീലാദ് പരിപാടികൾ ചില വ്യക്തികളുടെ സങ്കുചിത താൽപര്യത്തിന് വേണ്ടി മാത്രം നടത്തപ്പെടുന്നവയാണ്. അതിന് ചില ദീനീ നേതൃത്വങ്ങൾ ഒത്താശ ചെയ്യുന്നത് തികച്ചും ഖേദകരമാണെന്ന് മീലാദ് കോ ഓർഡിനേഷൻ പ്രസിഡന്റ് പറഞ്ഞു. ഓരോ മദ്രസകളിലെയും ഉസ്താദുമാർ നടത്തുന്ന സേവനം വളരെ വിലപ്പെട്ടതാണ്. അവരോരോരുത്തരും തിരുനബി(സ) തങ്ങളുടെ ഖലീഫമാരാണ്. അവർ അവരുടെ ദൗത്യം ഭംഗിയായി നിറവേറ്റുമ്പോൾ അവരെ അർഹിക്കുന്ന അംഗീകാരം നൽകി ആദരിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

“ഉത്തമ സ്വഭാവി മുത്ത് നബി(സ)” എന്ന വിഷയത്തിൽ പി.എ ഖുത്ത്ബുദ്ധീൻ സഖാഫിയും “നബി (സ) ആസ്വാദനവും ആവിഷ്കാരവും” എന്ന വിഷയത്തിൽ എസ്.എം.രിയാസത്ത് അലി ഇർഫാനി എന്നിവരും പ്രഭാഷണം നടത്തി. ലക്ഷദ്വീപ് എം.പി. പി.പി മുഹമ്മദ് ഫൈസൽ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

ആന്ത്രോത്ത് ഖാളി പി.സയ്യിദ് മുഹമ്മദ് മുസ്തഫ സഖാഫി, മള്ഹറുന്നൂരിൽ ഇസ്ലാമിത്തഅ’ലീമി ചെയർമാൻ പി.എസ്.എം ബാഖർ മുസ്ലിയാർ, പി.അബൂ സഈദുൽ മുബാറക് ഇർഫാനി, എസ്.വി.സൈഫുദ്ദീൻ സഖാഫി, അൻസാർ സഖാഫി അൽ ഹിമമി, ജെ.ആർ.കമാൽ ഇർഫാനി, എസ്.വി അബൂസ്വാലിഹ് സുഹ്രി, മഅ’റൂഫ് ലത്വീഫി, പി.പി.ടി കബീർ ഇർഫാനി, ഹാഫിള് പി.എ ഉബൈദുല്ല ഇർഫാനി,

പി.പി സയ്യിദ് യൂസുഫ് തങ്ങൾ ഇർഫാനി, അബ്ദുൽ ഖയ്യൂം തങ്ങൾ ഇർഫാനി, നൗഫൽ ഇർഫാനി, എ.ബി നിസാർ ലത്വീഫി എന്നിവർ പങ്കെടുത്തു. ഹാഫിള് പി.പി.അബ്ദുൽ റഊഫിന്റെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനത്തിന് മീലാദ് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി പി.സയ്യിദ് കമാലുദ്ധീൻ തങ്ങൾ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇ.കെ.മുഹമ്മദ് സുഹൈൽ നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക