രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ കൂട്ടത്തോടെ എത്തി; തീയണച്ചു.
ആന്ത്രോത്ത്: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആന്ത്രോത്ത് ദ്വീപിലെ ഗോഡൗണിൽ വൻ തീപിടുത്തം. പണ്ടാത്ത് ലൈറ്റ് ഹൗസ് പരിസരത്തുള്ള ഗോഡൗണിൽ പുതുതായി വന്ന അരിച്ചാക്കുകൾ ശേഖരിക്കുന്നതിനിടെയാണ് തീ പടരുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പിന്നീട് ലക്ഷദ്വീപ് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. നാട്ടുകാർ കൂട്ടത്തോടെ എത്തി തീയണക്കാൻ സഹായിച്ചതിനാൽ അപകടത്തിന്റെ തീവ്രത കുറക്കാനായി.
2000 മെട്രിക് ടൺ അരി ശേഖരിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ആന്ത്രോത്ത് എഫ്.സി.ഐ ഗോഡൗണിൽ ഉള്ളത്. ഇന്ന് വന്ന അരി ഉൾപ്പെടെ ഏകദേശം ഗോഡൗണിൽ ഭൂരിഭാഗം സ്ഥലത്തും അരി ശേഖരിച്ചിരുന്നു. ഒരു അട്ടിയിൽ 3500 ഓളം അരിച്ചാക്കുകളാണ് സൂക്ഷിക്കുന്നത്. ഇങ്ങനെ സൂക്ഷിച്ചിരുന്ന ഒരു അട്ടിയിലാണ് തീപിടുത്തം ഉണ്ടായത്. സമയോജിതമായി ഇടപെടൽ നടത്തി തീയണച്ചത് കൊണ്ട് കൂടുതൽ അട്ടികളിലേക്ക് തീ പടർന്നില്ല. തീപിടിച്ച അട്ടിയിൽ തീയണക്കുന്നതിനായി വെള്ളം പമ്പ് ചെയ്തതിനാൽ നനവ് പറ്റി ഉപയോഗ ശൂന്യമായത് ഉൾപ്പെടെ 700 ഓളം ചാക്ക് അരികൾ നശിച്ചു എന്നാണ് പ്രാധമിക കണക്കുകൾ.
രാവിലെ മുതൽ ആന്ത്രോത്ത് ദ്വീപിൽ പൂർണ്ണമായി പവർ കട്ട് ആയിരുന്നതിനാൽ അപകട കാരണം ഷോർട്ട് സർക്ക്യൂട്ടാവാൻ ഒരു സാധ്യതയുമില്ല. എവിടെ നിന്നാണ് തീപിടുത്തം ഉണ്ടായത് എന്ന് വ്യക്തമല്ല. അരി ശേഖരിക്കുന്നതിനായി എത്തിയ തൊഴിലാളികൾ സംഭവസമയത്ത് ഗോഡൗണിൽ തന്നെ ഉണ്ടായിരുന്നതിനാൽ സമയോജിതമായി ഇടപെടൽ നടത്താൻ സാധിച്ചു. അതുകൊണ്ട് തന്നെ അപകടത്തിന്റെ വ്യാപ്തി ലഘൂകരിക്കാൻ കഴിഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക