കവരത്തി: പതിനേഴാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ വൈകുന്നേരം ആറ് മണി വരെ ലക്ഷദ്വീപിൽ മൊത്തം 43,073/-(78.23%) വോട്ടുകൾ പോൾ ചെയ്തു. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ചേത്ത്ലാത്ത് ദ്വീപിലാണ്. ചേത്ത്ലാത്ത് ദ്വീപിൽ 1690(90.52%) വോട്ടുകൾ പോൾ ചെയ്തു കഴിഞ്ഞു. തൊട്ടുപിന്നാലെ അഗത്തിയിൽ 5,720(90.02%) വോട്ടുകൾ പോളിംഗ് രേഖപ്പെടുത്തി. കിൽത്താൻ- 3041(88.81%), കടമം- 4032(88.34%), അമിനി- 6034(87.95%), ബിത്ര- 219(85.88%), കവരത്തി- 7550(82.10%), കൽപ്പേനി- 2620(69.09%), മിനിക്കോയ്- 5697(66.77%), ആന്ത്രോത്ത് 6470(63.36) എന്നിങ്ങനെയാണ് മറ്റു ദ്വീപുകളിലെ പോളിംഗ് ശതമാനം.
രാത്രി വൈകിയും പല ദ്വീപുകളിലും പോളിംഗ് തുടരുകയാണ്. ചില സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറായതിനെ തുടർന്ന് അൽപനേരം പോളിംഗ് തടസ്സപ്പെട്ടിരുന്നു. പിന്നീട് സാങ്കേതിക തകരാറുകൾ പരിഹരിച്ചു പോളിംഗ് തുടരുന്നു. വി.വി.പാറ്റ് സ്ക്രീൻ തെളിയുന്നതിന് സമയം എടുക്കുന്നതിനാലും സമയം വൈകുന്നു. ആന്ത്രോത്ത് ദ്വീപിലെ 18-ആം നമ്പർ ബൂത്തിൽ പതിനൊന്ന് മണിക്കൂർ കൊണ്ട് വെറും 700-ഓളം വോട്ടുകളാണ് പോൾ ചെയ്യാനായത്. ആളുകൾ പത്ത് മണിക്കൂറോളമായി ക്യൂവിൽ നിൽക്കുകയാണ്. തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിന് വേണ്ടി ഓരോ വോട്ടർമാർക്കും രണ്ട് മിനുറ്റോളമാണ് ഇവിടെ എടുക്കുന്നത്. റിട്ടേണിംഗ് ഓഫീസർ വൈകിപ്പിക്കുന്നതിനാലാണ് പോളിംഗ് കുറയുന്നതെന്ന് ഇവിടെ നിന്നുള്ള വോട്ടർമാർ പറയുന്നു. ഈ ബൂത്തിൽ ഇപ്പോഴും 600-ഓളം വോട്ടർമാർ ക്യൂ നിൽക്കുകയാണ്. ആറ് മണി കഴിഞ്ഞതോടെ ക്യൂവിൽ നിൽക്കുന്ന വോട്ടർമാർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ടോക്കൺ ലഭിച്ച വോർമാർ വോട്ട് രേഖപ്പെടുത്തി കഴിയാൻ അർധരാത്രി കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക