ലക്ഷദ്വീപിന്റെ സംസ്കാരവും സ്വൈര്യ ജീവിതവും തകർക്കുന്ന അജണ്ടകളുമായി പ്രവർത്തിക്കുന്ന ഭരണകൂടം സ്കൂൾ യൂനിഫോം പരിഷ്കരണത്തിലൂടെ ദ്വീപ് ജനതയുടെ സാംസ്കാരിക സ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമത്തിലാണ്.
ആൺകുട്ടികൾക്ക് ട്രൌസറും, പെൺകുട്ടികൾക്ക് ഹാഫ് പാവാടയും പുതിയ യൂനിഫോമായി നിശ്ചയിച്ച വിദ്യാഭ്യാസ അധികൃതർ ഇതിന് ക്വട്ടേഷൻ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുന്നു. ഹിജാബ് നിരോധനം പോലെ വസ്ത്ര സ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂടത്തിന്റെ മറ്റൊരു കൈയേറ്റശ്രമമാണ് ഇതിലൂടെ നടപ്പാകുന്നത്. നാളിതു വരെ തുടർന്നു പോന്ന രീതിയിൽ നിന്ന് വ്യതിചലിച്ച് ജനഹിതത്തിനെതിരായ യൂനിഫോം നയം സ്വീകരിച്ച അധികൃതർ തിരുത്തലിന് തയ്യാറാകണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷണമെനുവിൽ നിന്ന് മാംസാഹാരം എടുത്തു മാറ്റാനുള്ള ശ്രമങ്ങളും, മദ്യനിരോധിത മേഖലയിൽ ബാർ ലൈസൻസ് അനുവദിക്കാനുള്ള തീരുമാനവും, കുറ്റകൃത്യങ്ങൾ അപൂർവ്വമായ നാട്ടിൽ ഗുണ്ട ആക്ട് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളും, രണ്ട് കുട്ടികളിൽ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന സമീപനവുമെല്ലാം നേരത്തെ ഭരണകൂടം കൈകൊണ്ടിരുന്നു. തെങ്ങുകളിൽ കാവി നിറം പൂശുക, ഗോവധ നിരോധനത്തിനു വേണ്ടിയുള്ള നടപടികൾ കൈകൊളളുക തുടങ്ങി വിവാദപരമായ ധാരാളം നീക്കങ്ങളാണ് സമീപകാലത്ത് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. ലക്ഷദ്വീപിനെ കോർപ്പറേറ്റ് താത്പര്യങ്ങൾക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെ ജനാധിപത്യപരമായ ചെറുത്ത് നിൽപ്പ് ഉയർന്നു വരണം.
സ്വേച്ഛാധിപത്യപരമായ ഭരണ രീതികളിലൂടെയും കഠോര നിയമങ്ങളിലൂടെയും ഒരു ജനതയുടെ സ്വാസ്ഥ്യം കെടുത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് എസ്.എസ്.എഫ് കേരള സംസ്ഥാന കമ്മിറ്റി ഇറക്കിയ കുറിപ്പിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക