നാല്‍പത് സീറ്റുകളുള്ള ബീഹാറിന് ദേശീയ രാഷ്ട്രീയത്തില്‍ വളരെ നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിന് ആദ്യം വേദിയായതും ബീഹാറാണ്. എന്നാല്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡ് പിന്നീട് ബിജെപി യുമയി സഖ്യത്തിലാവുകയും ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തുകയുമായിരുന്നു.
എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജെഡിയു ഒപ്പമില്ലാതെ ബിജെപി വലിയ നേട്ടമാണുണ്ടാക്കിയത്. 22 സീറ്റുകളില്‍ ബിജെപിയും 6 സീറ്റില്‍ സഖ്യകക്ഷിയായ ലോക് ജനശക്തിപാര്‍ട്ടിയും മറ്റൊരു സഖ്യകക്ഷി രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി മൂന്ന് സീറ്റിലും വിജയം നേടി.
എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം എന്‍ഡിഎയുടെ സീറ്റ് വിഭജനമാകും കീറാമുട്ടിയാവുക. മുന്നണിയിലേക്ക് മടങ്ങിയെത്തിയ ജനതാദള്‍ യുണൈറ്റഡിന് നിലവില്‍ രണ്ട് സിറ്റിങ് എംപിമാരാണുള്ളത്. എന്നാല്‍ എന്‍ഡിഎയുടെ ഭാഗമായതോടെ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാട് അവര്‍ ഉന്നയിക്കും.
നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരുന്നപ്പോള്‍ ജനതാദള്‍ യുണൈറ്റഡ് 25 സീറ്റുകളിലാണ് മത്സരിച്ചത്. എന്നാല്‍ നിലവില്‍ അത്രയും സീറ്റുകള്‍ നല്‍കുന്നതിന് ബിജെപി തയ്യാറാകില്ല. ജെഡിയുവില്‍ നിന്ന് ശരദ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ വിട്ട് പോയതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാകും ബിജെപി ജെഡിയുവിന്റെ അവകാശവാദത്തെ എതിര്‍ക്കുക.
എന്നാല്‍ ജെഡിയു നേതൃത്വമാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പോലും പലപ്പോഴും വിമര്‍ശനമുന്നയിക്കുകയാണ്. നോട്ട് നിരോധനത്തെ വേണ്ടത്രമുന്നൊരുക്കമില്ലാതെ കൈക്കൊണ്ട നടപടിയെന്ന് എന്‍ഡിഎയുടെ ഭാഗമായിട്ടും നിതീഷ് കുമാര്‍ വിമര്‍ശിച്ചു. നിതീഷിന്റെ നിലപാടുകളെ കോണ്‍ഗ്രസും ആര്‍ജെഡിയും പ്രതീക്ഷയോടെയാണ് കാണുന്നത്.
സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതോടെ നിതീഷ് കുമാര്‍ എന്‍ഡിഎ വിടുമെന്നാണ് ഇവര്‍ കണക്ക് കൂട്ടുന്നത്. അതിനിടെ എന്‍ഡിഎ യുടെ ഭാഗമായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയെ മഹാസഖ്യത്തിലേക്ക് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിലും തങ്ങള്‍ എന്‍ഡിഎ യുടെ ഭാഗമായിരിക്കുമെന്ന് ആര്‍എല്‍എസ്പി തേജസ്വിയുടെ ക്ഷണത്തിന് മറുപടി നല്‍കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക