ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ഇടത് എംപിമാർ

0
357

ദില്ലി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഇടത് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നല്‍കി. എളമരം കരീം, ബിനോയ്‌ വിശ്വം, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നീ ഇടത് രാജ്യസഭാoഗങ്ങള്‍ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ. എം. ആരിഫ്, തോമസ് ചാഴികാടന്‍ എന്നിവര്‍ സഭാ ചട്ടം 222 പ്രകാരം ലോകസഭയിലും അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ലക്ഷദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റര്‍ക്ക് കീഴില്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമുദ്ദേശിച്ചായിരുന്നു ഈ തീരുമാനം. ഇതിനായുള്ള അനുമതിക്കായി ബന്ധപ്പെട്ടവര്‍ക്ക് കത്തും നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവെക്കണം എന്ന നിര്‍ദ്ദേശമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ നിലപാട് ദൗര്‍ഭാഗ്യകരവും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണ്.

Advertisement

ഇതിനെതുടര്‍ന്ന്, എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ ദ്വീപില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ അനുവദിക്കണം എന്ന് എംപിമാര്‍ സംയുക്തമായി ആവശ്യപ്പെടുകയും വീണ്ടും കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കത്തിന് മറുപടി തരാന്‍ പോലും ദ്വീപ് ഭരണകൂടം തയ്യാറായില്ല. ഇത് പാര്‍ലമെന്റ് അംഗങ്ങളോടുള്ള അവഹേളനമാണ്. രാജ്യത്തെ ഏത് സര്‍ക്കാര്‍ വകുപ്പും എംപിമാരുടെ കത്തുകള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കണം എന്നതാണ് നിലനില്‍ക്കുന്ന കീഴ്‌വഴക്കം. ഇതിന് കടകവിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ അവഹേളിച്ചിരിക്കുന്നത് പാര്‍ലമെന്റിനെയാകെയാണ്.

ദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ പുറംലോകം അറിയുന്നതിനെ ലക്ഷദ്വീപ് ഭരണാധികാരികള്‍ ഭയക്കുന്നു. പുതിയ അഡ്മിനിസ്ട്രേറ്ററുടെ കീഴില്‍ നടപ്പിലാക്കിയ ജനാധിപത്യവിരുദ്ധ പരിഷ്കാരങ്ങളും നിയമനിര്‍മ്മാണങ്ങളും ദ്വീപിനെയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ലക്ഷ്യംവച്ചുള്ളവയാണ്. എംപിമാരുടെ സന്ദര്‍ശനത്തിനെ എതിര്‍ക്കുന്നതും പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നതും ഇക്കാര്യങ്ങള്‍ പുറംലോകം അറിയരുത് എന്ന താല്പര്യം വച്ചാണ്. ഈ നടപടികളെല്ലാം ലക്ഷദ്വീപ് ഭരണകൂടം സ്വീകരിക്കുന്നത് പ്രഫുല്‍ പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്ററുടെ ആജ്ഞകള്‍മൂലമാണ് എന്നത് വ്യക്തമാണ്. ഇതിനെല്ലാം ഉത്തരവാദിയായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്നും ഗുരുതരമായ കൃത്യവിലോപം കാണിച്ച മുഴുവന്‍ ആളുകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here