നെടുമ്പാശേരി: കൊച്ചി – അഗത്തി വിമാനം പ്രതികൂല കാലാവസ്ഥയിൽ കുലുങ്ങി എയർ ഹോസ്റ്റസിനും ലക്ഷദ്വീപ് പൊലീസിലെ എസ്ഐക്കും പരുക്കേറ്റു. ആയിഷ സുൽത്താനയെ ചോദ്യം ചെയ്യാനായി കൊച്ചിയിലെത്തി മടങ്ങിയ കവരത്തി എസ്ഐ അമീർ ബിൻ മുഹമ്മദിനു തലയ്ക്കും എയർഹോസ്റ്റസിനു കൈയിലുമാണു പരുക്ക്.
22 യാത്രക്കാരുമായി ഇന്നലെ രാവിലെ 11.30ന് ഇവിടെനിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ശക്തമായ കാറ്റും മഴയും കാരണം അഗത്തിയിലിറക്കാൻ സാധിച്ചില്ല. ഇതിനിടെ ആകാശച്ചുഴിയിൽപ്പെട്ടതായാണു സൂചന. വിമാനം രണ്ടരയോടെ കൊച്ചിയിൽ തിരിച്ചിറക്കിയ പൈലറ്റ് ആകാശച്ചുഴിയുടെ കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
വിമാനം ശക്തമായി കുലുങ്ങിയപ്പോൾ പുറകിലെ സീറ്റിലിരിക്കുകയായിരുന്ന അമീർ തെറിച്ചു മുകളിൽ തലതട്ടിയ ശേഷം വീഴുകയായിരുന്നു. പരുക്കേറ്റ എസ്ഐയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർ ഹോസ്റ്റസ് പിന്നീട് ഇതേ വിമാനത്തിൽ മൈസൂരിലേക്കു പോയി. ലക്ഷദ്വീപിലേക്കു പോകാനുള്ള യാത്രക്കാരെ കൊച്ചിയിലെ ഹോട്ടലിലേക്കു മാറ്റി.
കനത്ത മഴയിൽ അഗത്തിയിലേക്കുള്ള ഹെലികോപ്റ്റർ സർവീസും മുടങ്ങി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക